മലയാളിയുടെ രാഷ്ട്രീയ സമരഭൂമികയിലെ അഗ്‌നിനക്ഷത്രം, സമരസപ്പെടലുകളില്ലാത്ത നിരന്തര പോരാട്ടത്തിന്റെ പ്രതീകം. അടിയറവ് പറയാത്ത ആദര്‍ശബോധം…വിശേഷണങ്ങളില്‍ ഒതുങ്ങാത്ത വി എസ് എന്ന രണ്ടക്ഷരം കേരള രാഷ്ട്രീയത്തിലെ സമരഭരിതമായ അധ്യായമാണ്. നോക്കിലും വാക്കിലും കാഴ്ചയും കാഴ്ചപ്പാടുമുള്ള, നിലപാടുകള്‍ കൊണ്ട് മലയാളക്കരയെ ആവേശം കൊള്ളിച്ച ഒരു മനുഷ്യന്‍ മറയുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടിനാണ് തിരശീല വീഴുന്നത്.ചോരയും നീരും വറ്റിച്ചും ജീവിതം തന്നെ ഉദാഹരിച്ചും ജനാധിപത്യ അവകാശങ്ങളുടെ പ്രകാശ വഴികളിലേക്ക് നാടിനെ നടത്തിച്ച കമ്മ്യൂണിസ്റ്റ് വീര്യത്തിന്റെ ചരിത്രം. തന്റെ ബോധ്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച വി എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അന്നും ഇന്നും എന്നും കേരള രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ജനനേതാവ് തന്നെ.നാടുവാഴിത്തം നടത്തിയ തേര്‍വാഴ്ചകള്‍ നിശബ്ദം സഹിച്ചുവന്ന ഒരു ജനത എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസം രചിച്ചുവെന്നത് വി എസിന്റെ അനുഭവങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകും. വി എസിന്റെ ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും സുദീര്‍ഘമായ കാലഘട്ടത്തെ ആവേശഭരിതമാക്കിയാണ് നിറഞ്ഞുനിന്നത്. അത് ഇടതുപക്ഷ ആശയങ്ങളുടെ ചൂടും ചൂരും പുതിയ തലമുറക്ക് പകുത്തുനല്‍കി.കൃഷ്ണപിള്ള കണ്ടെത്തിയ കമ്മ്യൂണിസ്റ്റ്പുന്നപ്ര- വയലാര്‍ സമരം ഉള്‍പ്പെടെയുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുമായി ഇടകലര്‍ന്നതായിരുന്നു വി എസിന്റെ ജീവിതം. തൊഴിലാളിയും കൃഷിക്കാരനും കര്‍ഷകത്തൊഴിലാളിയും സംഘടിത സാമൂഹിക ശക്തിയായി ഉയരുന്നതിന് മുമ്പ് സാമൂഹിക ജീവിതമെന്നാല്‍ ഒരുപിടി ഉയര്‍ന്ന വര്‍ഗക്കാരുടെ മാത്രം ജീവിതമെന്ന് കരുതപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് വി എസ് എന്ന പോരാളി ഉദയം കൊള്ളുന്നത്. പി കൃഷ്ണപിള്ളയില്‍ നിന്ന് ചെങ്കൊടിയേറ്റുവാങ്ങി കമ്മ്യൂണിസ്റ്റായ വി എസ് പാര്‍ട്ടി മൂല്യങ്ങള്‍ക്ക് എന്നും വില കല്‍പ്പിച്ചു. ആ മൂല്യങ്ങള്‍ക്ക് മുറിവേല്‍ക്കുന്നുവെന്ന് തോന്നിയിടത്തെല്ലാം അകംപുറം നോക്കാതെ കലഹിച്ചു.ആലപ്പുഴയിലെ തയ്യല്‍ തൊഴിലാളിയില്‍ നിന്ന് പോരാട്ടങ്ങളുടെ കനല്‍വഴി താണ്ടി ഇന്ത്യയിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവായി ഉയര്‍ന്ന വി എസിന്റെ ജീവിതം സമാനതകള്‍ ഇല്ലാത്തതുതന്നെ.അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് അച്യുതാനന്ദന്‍ ജനിച്ചത്. നാല് വയസ്സുള്ളപ്പോള്‍ അമ്മയും 11ാം വയസ്സില്‍ അച്ഛനും മരിച്ചു. അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്നു. ജ്യോഷ്ഠന്റെ സഹായിയായി കുറേക്കാലം ജൗളിക്കടയില്‍. പിന്നീട് ആസ്പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായി. 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തു. 17ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. അച്യുതാനന്ദനില്‍ നല്ലൊരു കമ്മ്യൂണിസ്റ്റിനെ കണ്ടെത്തിയത് കൃഷ്ണപിള്ളയായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടി വളര്‍ത്താനായി പിന്നീട് കുട്ടനാട്ടിലേക്ക്. ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അതിലളിതമായി അവതരിപ്പിച്ച് ജനങ്ങളുടെ മനസ്സറിയുന്ന തലപ്പൊക്കമുള്ള നേതാവായി അച്യുതാനന്ദന്‍ വളര്‍ന്നു.സമര ജീവിതംപുന്നപ്ര- വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയി. കോട്ടയത്തും പൂഞ്ഞാറിലും ഒളിവില്‍ കഴിഞ്ഞ ശേഷം ആലപ്പുഴയിലെത്തിയ വി എസിനെ സായുധ പരിശീലനം ലഭിച്ച സമര സഖാക്കള്‍ക്ക് രാഷ്ട്രീയബോധം നല്‍കുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു. പുന്നപ്രയില്‍ നിരവധി ക്യാമ്പുകള്‍ക്ക് വി എസ് അക്കാലത്ത് നേതൃത്വം നല്‍കി. പിന്നീട് പോലീസിന്റെ പിടിയിലകപ്പെട്ട വി എസിന് ലോക്കപ്പില്‍ ക്രൂര മര്‍ദനമേല്‍ക്കേണ്ടിവന്നു. നാല് വര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. ജയിലഴിക്കുള്ളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ച് ലാത്തി കൊണ്ട് തല്ലിച്ചതച്ചു. തോക്കിന്റെ ബയണററ് കുത്തിയിറക്കി. മരണത്തെ മുഖാമുഖം കണ്ട എത്രയോ സന്ദര്‍ഭങ്ങള്‍.1952 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അംഗം. 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി. 1959 ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964ല്‍ സി പി ഐയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സി പി എം രൂപവത്കരിച്ച 32 നേതാക്കളില്‍ ഒരാളായി വി എസ്. 1965 മുതല്‍ 2016 വരെ പത്ത് തിരഞ്ഞെടുപ്പുകളില്‍ ജനവിധി തേടി. 51 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും മന്ത്രിപദത്തിലെത്താതിരുന്ന വി എസ് 2016ല്‍ മുഖ്യമന്ത്രിയായി. പ്രത്യയശാസ്ത്രപരമായി സ്വന്തം രീതികള്‍ കാത്തുസൂക്ഷിച്ച വി എസ് രാഷ്ട്രീയ- സാമൂഹിക ഇടപെടലുകളില്‍ തന്റേതായ ഇടംകണ്ടെത്തി. അവിടേക്ക് സാധാരണ മനുഷ്യരെ കൂട്ടമായെത്തിച്ചു. കേവല രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കപ്പുറം മണ്ണ്, അവകാശം, കുടിവെള്ളം, അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ എന്നിങ്ങനെ സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വി എസ് പടര്‍ന്നു.ജനകീയ നേതാവ്കാര്‍ക്കശ്യമുള്ള കമ്മ്യൂണിസ്റ്റില്‍ നിന്ന് രാഷ്ട്രീയ ഭേദമന്യേ സ്വീകാര്യനായ നേതാവിലേക്ക് അച്യുതാനന്ദന്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. പാരിസ്ഥിതിക സന്തുലനം തകര്‍ത്ത്, വികസനമാത്ര വാദവുമായി കേരളത്തിലെത്തിയ വന്‍കിട പദ്ധതികള്‍ പോലും തടഞ്ഞുവെച്ചു. പാമോയില്‍, ഇടമലയാര്‍, എന്‍ഡോസള്‍ഫാന്‍, മതികെട്ടാന്‍, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ്‌ക്രീം പാര്‍ലര്‍, കിളിരൂര്‍ എന്നിങ്ങനെ എത്രയോ കേസുകളില്‍ വി എസ് പോരാട്ടത്തിനിറങ്ങി.പുന്നപ്ര- വയലാര്‍ കലാപം മുതലിങ്ങോട്ട് ഇത്രയും ത്യാഗോജ്ജ്വല ജീവിതം നയിച്ച അച്യുതാനന്ദന്‍ ഒരുവേള പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശിക്കപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ ഏറ്റുമുട്ടല്‍, പരസ്യ പ്രതികരണങ്ങള്‍ ഇവയെല്ലാം ചിലപ്പോഴൊക്കെ വി എസിനെ കുഴക്കി. പക്ഷേ, അടിയറവ് പറയാനറിയില്ലായിരുന്നു ഈ പോരാളിക്ക്. സജീവ രാഷ്ട്രീയം വിട്ട് വിശ്രമവേളയില്‍ ആയിരുന്നപ്പോഴും വി എസ് ജനമനസ്സില്‍ നിറഞ്ഞുനിന്നു. ആ ജീവിതം മറഞ്ഞുപോയാലും സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ, മണ്ണില്ലാത്തവരുടെ, കുടിവെള്ളത്തിനായി പോരടിക്കുന്നവരുടെ സമരജീവീതത്തിന് ഇനിയും പകര്‍ന്നുനല്‍കുന്ന ഊര്‍ജം ചെറുതായിരിക്കില്ല. സമരകലുഷിതമായ വഴിത്താരകളിലെ താഴാത്ത കൊടിയും കൊടിയടയാളവുമായി അവരുടെ നെഞ്ചില്‍ എന്നും വി എസ് ഉണ്ടാകും.തീര്‍ച്ച…