അഭൂതപൂര്‍വ്വമായ ജനക്കൂട്ടം; വി എസിന്റെ സംസ്‌കാര സമയക്രമത്തില്‍ നേരിയ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍

Wait 5 sec.

ആലപ്പുഴ  | വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെ അടക്കമുള്ള സമയക്രമത്തില്‍ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.അതേസമയം ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി.കനത്ത പേമാരിപോലും വകവെക്കാതെ ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാന്‍ വഴിയരികില്‍ ഏറെ നേരം കാത്തുനിന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 20 മണിക്കൂര്‍ പിന്നിട്ട് ആലപ്പുഴയിലെത്തിയിരിക്കുകയാണ് .മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്‌കാരം നടക്കുക.