ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇടപെട്ടില്ലെന്ന് സുരേഷ് ഗോപി. എന്തുകൊണ്ടാണ് അത്തരത്തില്‍ ഇടപടലുകള്‍ നടത്താതിരുന്നതെന്ന് ചോദിച്ചാല്‍, നിങ്ങളെന്നെ അഴിമതിയിലേക്ക് തളളിവിടുകയാണെന്ന് പറയേണ്ടിവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ മീറ്റ് ആന്‍റ് ഗ്രീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സർ ബോർഡ് അനുമതിയ്ക്കായി ആദ്യം നിർദ്ദേശിച്ചത് 96 ഇടങ്ങളില്‍ റീ ഡബ്ലിങ് എന്നതായിരുന്നു. എന്നാല്‍ റീ ഡബ്ലിങ് ഒന്നും ചെയ്തിട്ടില്ല. 2018 ല്‍ സ്ക്രിപ്റ്റ് എഴുതിയപ്പോഴും വിദ്യാധരന്‍ എന്നുതന്നെയാണ് സിനിമയില്‍ ജാനകിയുടെ അച്ഛന്‍റെ പേര്. അതൊന്ന് വ്യക്തമാക്കണമെന്ന് സെന്‍സർ ബോർഡ് നിർദ്ദേശിച്ചു. അതുപ്രകാരം ചില ചെറിയ രീതിയിലുളള മാറ്റങ്ങള്‍ ചെയ്തു.ഒരു കേന്ദ്രമന്ത്രിക്ക് ഇതില്‍ എന്തുകൊണ്ടാണ് പവർ ഉപയോഗിക്കാന്‍ പറ്റാത്തത് എന്ന് നിങ്ങള്‍ ചോദിച്ചാല്‍, നിങ്ങളെന്നെ അഴിമതിയിലേക്കാണ് തളളിവിടുന്നത് എന്ന വാചകം പറഞ്ഞ് അവസാനിപ്പിക്കേണ്ടിവരും, സുരേഷ് ഗോപി പറഞ്ഞു. പല സിനിമകള്‍ക്കും ഇത്തരത്തില്‍ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ആരും ഉണ്ടായിരുന്നില്ല, അവരെ പിന്തുണയ്ക്കാന്‍. അവർക്ക് കിട്ടാത്ത പരിഗണന മന്ത്രിയ്ക്ക് തന്നതാണെന്ന് പറയാനിടവരരുത്. സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സില്‍ അംഗമാണ് താന്‍. ആ മര്യാദകളെല്ലാം ഈ വിഷയത്തില്‍ താന്‍ പാലിച്ചിട്ടുണ്ട്.വിഷയം, ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരോ നിർമ്മാതാക്കളോ അറിയാതെ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ചർച്ച ചെയ്തിട്ടുണ്ട്. പാർട്ടി നേതാക്കളില്‍ നിന്ന് പൂർണപിന്തുണയുണ്ടായിരുന്നു. ചെറിയ പ്രശ്നങ്ങളുണ്ടായി. അതെന്താണെന്ന് തനിക്ക് മനസിലായിട്ടില്ല. അക്കാര്യം മന്ത്രിതലത്തില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.2022 ഏപ്രിൽ 25ന് ഞാൻ രാജ്യസഭയിൽ നിന്ന് രാജിവച്ചു.2021 അവസാന മാസങ്ങളിലാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ തന്നെ കാണുന്നത്. കഥ ഇഷ്ടപ്പെട്ടതിനാല്‍ ചെയ്യാന്‍ തീരുമാനിച്ചു. 2022 നവംബർ 7 നാണ് ഷൂട്ടിങ് തുടങ്ങഉന്നത്. പേരടക്കം ഇന്ന് ആ സിനിമയിലുളളതെല്ലാം അന്നുണ്ടായിരുന്നതാണ്. ക്ലൈമാക്സിലെ സ്റ്റണ്ട് മാത്രമാണ് കമേഷ്യല്‍ മൂല്യം മുന്‍നിർത്തി ചേർത്തതെന്നും അദ്ദേഹം പറഞ്ഞു. 2018 -2019 സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതെന്ന് സംവിധായകൻ പ്രവീൺ നാരായൺ പറഞ്ഞു. 2022 ഷൂട്ടിങ് പൂർത്തിയാക്കി, 2023 ല്‍ പുറത്തിറങ്ങേണ്ട സിനിമായിയിരുന്നു.2020 ല്‍ നിന്ന് 2025 ലേക്ക് എത്തുമ്പോള്‍ കേന്ദ്രമന്ത്രിയാണ് സുരേഷ് ഗോപി, അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു വിവാദമുണ്ടായപ്പോള്‍ എങ്ങനെ നേരിടണമെന്ന് അറിയാതെ പകച്ചുപോയിട്ടുണ്ടെന്നും പ്രവീണ്‍ പറഞ്ഞു. വളരെ യുക്തിപൂർവ്വം, നീതിപൂർവ്വം എങ്ങനെ കൊണ്ടുപോകണമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞുതന്നത്. വിഷയം കോടതിയില്‍ നേരിടാമെന്ന തീരുമാനമെടുത്തതും മുന്നോട്ടുപോയതും അങ്ങനെയാണ്. വിവാദങ്ങള്‍ സിനിമയെ ബാധിച്ചിട്ടുണ്ടോ എന്ന് പറയാറായില്ല പബ്ലിസിറ്റി സ്റ്റണ്ടാണെന്ന ആരോപണങ്ങളില്‍ അർത്ഥമില്ല. സിനിമ കണ്ടവർക്ക് ഇതേ കുറിച്ച് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. ഡേവിഡ് ആബേല്‍ ഡോണോവനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരനാണ് ജാനകിയായി വേഷമിടുന്നത്. ദുബായില്‍ നടന്ന മീറ്റ് ആന്‍റ് ഗ്രീറ്റില്‍ മാധവ് സുരേഷ്, അസ്കർ അലി, നിർമാതാവ് ജെ.ഫണീന്ദ്ര കുമാർ എന്നിവരും പങ്കെടുത്തു. കോസ്‌മോസ് എന്‍റർടൈംസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചത്, സേതുരാമൻ നായർ കാങ്കോൽ സഹനിർമാതാവാണ്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്‍റെ ഗൾഫിലെ വിതരണക്കാർ