2019 ലെ പുത്തുമല പുനരധിവാസം എവിടെയാണെന്ന് വെല്ലുവിളിക്കുന്ന യൂത്ത് ലീഗ് നേതാവിൻ്റെ പുതിയ ‘ഷോ ഓഫിന്’, പൂത്തക്കൊല്ലിയിലെ ‘ഹർഷം’ പുനരധിവാസ പദ്ധതിയുടെ വീഡിയോ സഹിതം പങ്കുവച്ച് മറുപടിയുമായി വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാനായി സ്വരൂപിച്ച കോടികൾ ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിൻ്റെ പേരിലുള്ള കൊള്ള പുറത്ത് വന്നതിൻ്റെ ജാള്യത മറക്കാനാണ്, 2019ലെ പുത്തുമല പുനരധിവാസത്തിൻ്റെ ഓഡിറ്റുമായി ‘യൂത്ത്’ ലീഗ് നേതാവിൻ്റെ പുതിയ ഷോ ഓഫെന്നും കെ റഫീഖ് വിമർശിച്ചു. പുത്തുമല ഉരുൾ ദുരന്ത പുനരധിവാസം എവിടെയെന്ന് വെല്ലുവിളിക്കുന്നവർ മേപ്പാടി പൂത്തക്കൊല്ലിയിലേക്ക് വന്ന് കണ്ണ് തുറന്ന് നോക്കിയാൽ മഹാദുരന്തത്തിന് അതിജീവനപാഠമായ പുനരധിവാസ പദ്ധതി കാണാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദുരന്തം നടന്നതിന് ശേഷം ആദ്യ ഘട്ടം മുതൽ സർക്കാറും ഇടത് സംഘടനകളും ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ, എങ്ങനെയാണ് സഹായിച്ചതെന്നും പുനരധിവാസം സാധ്യമാക്കിയതെന്നുമുള്ള വിവരങ്ങൾ വിശദമായി പങ്കുവെക്കുകയും ചെയ്തു. പദ്ധതിയിലൂടെ നിർമ്മിച്ച വീടും റോഡും അടക്കമുള്ള വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തു.ALSO READ;ഫണ്ട് തട്ടിപ്പിൽ ‘ആപ്പി’ലായ കോൺഗ്രസും വി ഡി സതീശനും ഇതിനും ഉത്തരം പറയണം; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:പുത്തുമല പുനരധിവാസം എവിടെയെന്ന് വെല്ലുവിളിക്കുന്ന ‘യൂത്ത്’ ലീഗ് നേതാവ് വീണ ചെളിയിൽ കിടന്ന് ഉരുണ്ട് മറിയുകയാണ്. മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാനായി സ്വരൂപിച്ച കോടികൾ ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിൻ്റെ പേരിലുള്ള കൊള്ള പുറത്ത് വന്നതിൻ്റെ ജാള്യത മറക്കാനാണ് 2019ലെ പുത്തുമല പുനരധിവാസത്തിൻ്റെ ഓഡിറ്റുമായി ‘യൂത്ത്’ ലീഗ് നേതാവിൻ്റെ പുതിയ ‘ഷോ ഓഫ്’, പുളിച്ച കളവ് ഒരു ജാള്യതയുമില്ലാതെ വിളിച്ച് പറയുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ‘യൂത്ത്’ ലീഗ് നേതാവ് വയനാട്ടിലെ ജനതയുടെ ഓർമ്മ ശക്തിയെ വെല്ലുവിളിക്കരുത്.പുത്തുമല ഉരുൾ ദുരന്ത പുനരധിവാസം എവിടെയെന്ന് വെല്ലുവിളിക്കുന്നവർ മേപ്പാടി പൂത്തക്കൊല്ലിയിലേക്ക് വന്ന് കണ്ണ് തുറന്ന് നോക്കിയാൽ മഹാദുരന്തത്തിന് അതിജീവനപാഠമായ പുനരധിവാസ പദ്ധതി കാണാം. കേരളം ലോകത്തിന് മുന്നിൽ ഹൃദയപൂർവം അവതരിപ്പിച്ചതാണ് പുത്തുമല മാതൃക. 2019 ആഗസ്ത് എട്ടിന് ഉരുളെടുത്ത ഒരു ജനതയും ദേശവുമാണ് മേപ്പാടി പൂത്തക്കൊല്ലിയിൽ ‘ഹർഷം’ പുനരധിവാസ പദ്ധതിയിലൂടെ ഉയിർത്തെഴുന്നേറ്റത്. പച്ചക്കാട് പൊട്ടിയൊഴുകി പുത്തുമല ഇല്ലാതായപ്പോൾ 17 ജീവൻ നഷ്ടമായി. 18 ദിവസം നീണ്ട തിരച്ചിലിൽ 12 മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചുപേരെ കണ്ടെത്താനായില്ല. 103 വീടുകളും ഹെക്ടർ കണക്കിന് കൃഷിയും നശിച്ചു. തുടർന്ന് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വാസയോഗ്യമല്ലാതായ പ്രദേശങ്ങൾ ഒരു വിദഗ്ധ സമിതി പരിശോധന നടത്തുകയും പുത്തുമല പ്രദേശത്തെ 96 കുടുംബങ്ങളെ ഉരുൾ പൊട്ടൽ ബാധിച്ചതായും 93 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതാണെന്നും ശുപാർശ ചെയ്തു. പ്രസ്തുത ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം മേപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ കോട്ടപ്പടി വില്ലേജിലെ ബ്ലോക്ക് 28 റീസർവ്വെ 505/173 ൽപ്പെട്ട സ്ഥലം 2.8330 ഹെ. ഭൂമി (7 ഏക്കർ) സ്ഥലം കണ്ടെത്തുകയും മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റ് ‘സ്നേഹഭൂമി’ എന്ന പേരിൽ ഭൂമി വാങ്ങിനൽകി.ALSO READ; പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേർക്കാത്ത നടപടി ഇന്ത്യ സഖ്യം ചോദ്യം ചെയ്യും: എം എ ബേബിപൂത്തക്കൊല്ലിയിൽ ഏഴേക്കറിൽ സർക്കാരിൻ്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ 53 വീടുകൾ നിർമിച്ചുനൽകി. പുനരധിവാസ കേന്ദ്രത്തിലേക്ക് വരാൻ താൽപ്പര്യപ്പെടാതിരുന്ന 50 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകി. ഒരാളെയും പുനരധിവാസത്തിൽ ഒഴിവാക്കിയില്ല. മേപ്പാടി പഞ്ചായത്തിലെ അന്നത്തെ എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെയും ആരാധനാലയങ്ങളുടെ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് പുനരധിവാസ പട്ടിക അന്തിമമാക്കിയത്. ഓരോ കുടുംബത്തിനും സർക്കാർ പതിനായിരം രൂപവീതം അടിയന്തരസഹായം നൽകി. ക്യാമ്പുകളിൽ താമസിപ്പിച്ചവരെ വാടക വീടുകളിലേക്ക് മാറ്റി. 53 കുടുംബങ്ങൾക്ക് ആറുമാസം സർക്കാർ വാടക നൽകി വാടക വീട്ടുകളിൽ താമസിപ്പിച്ചു. പുനരധിവാസത്തിന് ഒരുകുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപവിതം അനുവദിച്ചു. ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. വീടും ഏഴ് സെന്റും നൽകി. റോഡ്, വൈദ്യുതി, കുടിവെള്ള സൗകര്യം ഒരുക്കി. ഈ നിലയിലാണ് പുത്തുമല പുനരധിവാസം നടന്നത്.മുണ്ടക്കൈ-ചൂരൽ പുനരധിവാസവുമായി ബന്ധപ്പെട്ട് പുത്തുമലയിലേതിൽ നിന്ന് വ്യത്യസ്തമായി ടൗൺഷിപ്പിൻ്റെ നിർമ്മാണം സർക്കാർ നിർഹിക്കാൻ തീരുമാനിച്ചത് സഹകരിക്കാമെന്നേറ്റ സന്നദ്ധ സംഘടനകൾ സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു ഏകീകൃത സ്വഭാവം ഉണ്ടാകുന്നില്ല എന്ന ന്യൂനത പരിഹരിക്കുന്നതിന് കൂടിയാണ്. സഹകരിക്കാമെന്നേറ്റ സംഘടനകളുടെ സഹായങ്ങൾ സ്വീകരിച്ച് സർക്കാർ വിഭാവനം ചെയ്യുന്ന ഒരു ടൗൺഷിപ്പ് എന്നതായിരുന്നു മുണ്ടക്കൈ ചൂരൽമലയിൽ പ്രാവർത്തികമാക്കുന്നത്. അതിനായി ടൗൺഷിപ്പിൻ്റെ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കുകയും അതിൻ്റെ നിർമ്മാണ ചുമതലയും മേൽനോട്ടവും സർക്കാർ നിർവ്വഹിക്കുകയും ചെയ്യുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആ നിലയിൽ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.ALSO READ; ‘ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി’; കോൺഗ്രസിനെ വെട്ടിലാക്കുന്നത് തുടർന്ന് ശശി തരൂർസർക്കാർ ടൗൺഷിപ്പിൽ പുനരധിവാസം വേണ്ടെന്ന് തീരുമാനിച്ച് മുസ്ലിം ലീഗിനെ വിശ്വസിച്ച് ഒപ്പം നിന്ന ദുരന്തബാധിതരെയാണ് ഇപ്പോൾ ലീഗ് നേത്യത്വം കബിളിപ്പിച്ചിരിക്കുന്നത്. പുനരധിവാസമെന്ന പേരിൽ വാങ്ങിയ ഭൂമിയുടെ പേരിൽ തട്ടിപ്പ് നടത്തിയതിൻ്റെ ജാള്യത മറക്കാൻ കല്ലുവെച്ച നുണ പറയുന്ന യൂത്ത് ലീഗ് നേതാവ് ഇപ്പോൾ കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുകയാണ്.മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലിംലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിക്കായി ഭൂമി വാങ്ങിയതിലെ കൊള്ള പുറത്തായതിന്റെ ജാള്യം മറയ്ക്കാനാണ് യൂത്ത് ലീഗിന്റെയും യൂത്ത് ലീഗ് നേതാവിൻ്റെ നേതൃത്വത്തിലുള്ള നുണപ്രചാരണം. ‘യൂത്ത്’ ലീഗ് നേതാവ് ഇനിയെങ്കിലും സ്വയം പരിഹാസ്യനാകുന്ന പൊറാട്ട് നാടകം അവസാനിപ്പിക്കുന്നതാവും ഉചിതം. നാട് എല്ലാം കാണുന്നുണ്ട്, എല്ലാം മനസ്സിക്കുന്നുണ്ട്. നൂറ്റൊന്നാവർത്തിക്കുന്ന കള്ളങ്ങൾക്ക് ഇക്കാലത്ത് അല്പായുസ്സാണെന്ന് ‘യൂത്ത്’ ലീഗ് നേതാവ് ഓർമ്മിക്കുന്നത് നല്ലതാണ്.പുത്തുമല ദുരന്തബാധിതർക്ക് മേപ്പാടി പൂത്തക്കൊല്ലിയിൽ ‘ഹർഷം’ പുനരധിവാസ പദ്ധതിയിലൂടെ നിർമ്മിച്ച വീടും റോഡും ഒക്കെയാണ് ചുവടെ വീഡിയോയിൽ.. യൂത്ത് ലീഗ് നേതാവിന് കാണാമെങ്കിൽ കണ്ടോളൂ…The post പുത്തുമല പുനരധിവാസം എവിടെയെന്ന് യൂത്ത് ലീഗ് നേതാവിന്റെ വെല്ലുവിളി; ‘ഹർഷം’ പദ്ധതിയുടെ വീഡിയോ സഹിതമുള്ള മറുപടിയുമായി കെ റഫീഖ് appeared first on Kairali News | Kairali News Live.