കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ സതീഷിനെ (30) ഷാർജ റോളയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ഭർത്താവ് സതീഷ് ശങ്കർ അജ്‌മാനിൽനിന്ന് പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊല്ലം കോയിവിളയിൽ അതുല്യഭവനിൽ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ് അതുല്യ. മുൻപ് പ്രവാസിയായിരുന്ന രാജശേഖരൻ പിള്ള ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറാണ്.അതുല്യയുടെ ഏകമകൾ ആരാധ്യ നാട്ടിൽ പഠിച്ചുവരികയാണ്. ഷാർജ റോളയിൽ തൊട്ടടുത്താണ് അതുല്യയുടെ സഹോദരി അഖില താമസിക്കുന്നത്. ചേച്ചിയുടെ മാനസിക പ്രയാസങ്ങൾ പലപ്പോഴായി പറയാറുണ്ടെന്ന് സഹോദരി അഖില പറഞ്ഞു.ഷാർജയിലെ സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ശനിയാഴ്ച അതുല്യക്ക് പുതിയ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ അതിന് തൊട്ടുമുമ്പാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.ദുബൈയിലെ അരോമ കോൺട്രാക്‌ടിങ് കമ്പനിയിൽ എൻജിനീയറായ സതീഷ് ശങ്കറിന്റെ ഭാര്യയാണ് അതുല്യ. സതീഷ് സ്ഥിരമായി മദ്യപിക്കുകയും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നെന്നാണ് അതുല്യയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.ഇത് സംബന്ധിച്ച് നേരത്തെ ഷാർജ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തുന്നു.വർഷങ്ങളായി യു.എ.ഇയിൽ കഴിയുന്ന സതീഷ് ശങ്കർ ഒന്നര വർഷം മുൻപാണ് അതുല്യയെ യു.എ.ഇയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഒരു വർഷമായി അതുല്യ ഷാർജയിലാണ് താമസിച്ചുവരുന്നത്.അതുല്യയുടെ മൃതദേഹം ഷാർജ ഫോറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.രണ്ടാഴ്ച മുൻപ് ഷാർജയിൽനിന്ന് സമാനമായ മറ്റൊരു മരണവാർത്തയും എത്തിയിരുന്നു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും ഒന്നര വയസ്സുകാരി മകളുടെയും മരണത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് ഷാർജയിൽനിന്ന് വീണ്ടും ഇങ്ങനെയൊരു ദാരുണ വാർത്ത വരുന്നത്.ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് മകളെ കൊലപ്പെടുത്തിയ ശേഷം ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നു എന്നായിരുന്നു വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ട്.വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബൈ ജബൽ അലിയിൽ സംസ്കരിച്ചു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.The post മലയാളി യുവതിയെ ഷാർജയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Arabian Malayali.