ഡോക്ടര്‍ ധനലക്ഷ്മിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

Wait 5 sec.

അബൂദബി | അബൂദബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. ധനലക്ഷ്മിയുടെ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി (ജൂലൈ 24, വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ബനിയാസ് സെട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കാണാന്‍ ആഗ്രഹിക്കുന്നവര്‍ നാളെ വൈകിട്ട് മൂന്നിന് മോര്‍ച്ചറിയില്‍ എത്തിച്ചേരണമെന്ന് അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ അറിയിച്ചു.നിരവധി പുസ്തകങ്ങള്‍ എഴുതിയ ധനലക്ഷ്മി 10 വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന അവര്‍ ഗള്‍ഫില്‍ വരുന്നതിനു മുമ്പ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. അബൂദബിയിലെ ചെറുതും വലുതുമായ സംഘടനകളുടെ പരിപാടിയില്‍ സ്ഥിര സാന്നിധ്യമായിരുന്ന ധനലക്ഷ്മി അബൂദബി മലയാളി സമാജം അംഗവും കൂടിയാണ്. യു എ ഇ യിലെ വിവിധ സംഘടനകളില്‍ നിന്നും നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയ്ക്ക് തീരാനഷ്ടമാണ് ഡോക്ടര്‍ ധനലക്ഷ്മിയുടെ വിയോഗമെന്ന് അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ അഭിപ്രായപ്പെട്ടു. ചെറുതെന്നോ വലുതെന്നോ പ്രായവ്യത്യാസമില്ലാതെ എല്ലാവരുമായും ഇടപഴകുന്ന പ്രകൃതമാണ് ഡോക്ടറുടേതെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ ധനലക്ഷ്മിയുടെ മരണം ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ഒരു ചെറു പുഞ്ചിരിയും പേറി മാത്രം കാണുന്ന ഒരു വ്യക്തിത്വം. അബൂദബിയിലെ ഒരുപാട് പൊതു പരിപാടികളില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. അവിശ്വസനീയമായ ഈ വേര്‍പാടില്‍ എന്റെയും കുടുംബത്തിന്റെയും, കൂടാതെ ഐ എസ് സി അബൂദബിയുടെയും ദുഃഖം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.