തിരുവനന്തപുരം | തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.കരട് വോട്ടര്‍പട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാര്‍ഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാന്‍സ്ജെന്‍ഡറും) വോട്ടര്‍മാരാണുള്ളത്. 2024ല്‍ സമ്മറിറിവിഷന്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേക്കു ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്.2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറിറിവിഷന്‍ നടത്തിയിരുന്നു. 2024 ജൂലൈയില്‍ പുതുക്കിയ കരട് വോട്ടര്‍പട്ടികയില്‍ 2,68,57,023 വോട്ടര്‍മാരാണുണ്ടായിരുന്നത്. 2,68,907 പേരെ പുതുതായി ചേര്‍ക്കുകയും അനര്‍ഹരായ 4,52,951 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.ആഗസ്റ്റ് ഏഴുവരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം