“ഞങ്ങളുടെ തലമുറയുടെ കാരണവർ സ്ഥാനത്താണ് വി എസ് നിലനിന്നിരുന്നത്”: മന്ത്രി കെ എൻ ബാലഗോപാൽ

Wait 5 sec.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി കെ എൻ ബാലഗോപാൽ. വി എസിന് ആദരാഞ്ജലി….. ഞങ്ങളുടെ തലമുറയുടെ കാരണവർ സ്ഥാനത്താണ് വി എസ് നിലനിന്നിരുന്നത്. ഇന്ന്‌ കേരളത്തിൽ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും അനുഭവ സമ്പത്തുള്ള നേതാവായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ചരിത്രത്തിലെ മൂന്നു കാലഘട്ടങ്ങളെ പ്രതീനിധീകരിക്കുന്ന അപൂർവ നേതാവായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിലേ സ. വി എസ് പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിനെതിരായ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സമര പോരാട്ടങ്ങളുടെ നേർസാക്ഷ്യമായ പുന്നപ്ര-വയലാർ സമരത്തിന്റെ നേതൃനിരയിൽ സ. വി.എസ്‌ ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ രാജഭരണത്തിനെതിരായ സമരങ്ങളുടെയെല്ലാം നായക നിരയിലും അദ്ദേഹമുണ്ടായി. ജാതി വിവേചനം ഉൾപ്പെടെ സാമൂഹിക അനാചാരങ്ങൾക്ക്‌ എതിരായി നടന്ന പോരാട്ടങ്ങളുടെ മുൻപന്തിയിലും പ്രവർത്തിച്ചു. കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച്‌ അവരെ സമര സജ്ജരാക്കിക്കൊണ്ട്‌ കമ്മ്യുണിസ്‌റ്റ്‌ പാർടിയുടെ നേതൃനിരയിലേക്ക്‌ എത്തി.ALSO READ – “എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു”: എം എ യൂസഫലികേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ സ. ഇഎംഎസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേൽക്കുമ്പോൾ, പാർടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു സ. വി.എസ്‌. സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി ആലപ്പുഴ വലിയചുടുക്കാട്ടിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്താൻ എത്തിയ നേതാക്കൾക്ക്‌ സ്വാഗതം ആശംസിച്ചത്‌ പാർടി ജില്ലാ സെക്രട്ടറി എന്നനിലയിൽ സ. വിഎസ്‌ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്തും, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ ഫലമായി ലോകത്താകെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തിരിച്ചടി നേരിടുന്ന കാലഘട്ടത്തിലും, 1990-കളില്‍ സാമ്രാജ്യത്വ ആഗോളവല്‍ക്കരണ ഘട്ടത്തിലുമെല്ലാം ഉയര്‍ന്ന പ്രതിസന്ധികളെ മറികടക്കുന്നതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും പുരോഗമന പ്രസ്ഥാനങ്ങളെ മുന്നോട്ടുനയിക്കുകയും ചെയ്യുന്നതില്‍ പ്രധാന നേതാവായി അദ്ദേഹം മാറി. ഈ മൂന്ന് ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി പ്രവര്‍ത്തിക്കാന്‍ സാധിച്ചവരിൽ അവസാനത്തെ നേതാവായിരുന്നു സ. വിഎസ്. അത്തരത്തിലുള്ള അനുഭവങ്ങളുള്ള നേതാക്കള്‍ വളരെ വിരളമാണ്. ഈ കാലഘട്ടങ്ങളിലെല്ലാം തലയെടുപ്പോടെ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്താണ് വി.എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ കാണാന്‍ അവസരം ലഭിക്കുന്നത്. കര്‍ക്കശക്കാരനും അധികം ആളുകളുമായി ഇടപഴകാത്തതുമായ ഒരു നേതാവായിട്ടാണ് ആദ്യം തോന്നിയത്. പിന്നെ എസ്എഫ്ഐയുടെ ഭാരവാഹിയാകുന്നതോടെയാണ് അദ്ദേഹവുമായി അടുത്തിടപഴകാനുള്ള അവസരം ലഭിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവായി വിഎസ് പ്രവര്‍ത്തിക്കുന്ന കാലത്തും വളരെ അടുപ്പത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അക്കാലങ്ങളിലെല്ലാം വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അക്കാര്യങ്ങള്‍ തികഞ്ഞ ശ്രദ്ധയോടെ കേള്‍ക്കാനും ആവശ്യമായവയിലെല്ലാം ഇടപെടാനും വിഎസ് പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു. കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കി ആവശ്യമായവയ്ക്കെല്ലാം നല്ല പിന്തുണ നല്‍കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ നടന്ന വിദ്യാഭ്യാസ കച്ചവടത്തിനെതിരായ പോരാട്ടങ്ങളില്‍ വലിയ പിന്തുണയാണ് വിഎസില്‍ നിന്നും ലഭിച്ചത്. മുഖ്യമന്ത്രിയായ വിഎസിനൊപ്പം പൊളിറ്റിക്കല്‍ സെക്രട്ടറിയായി എന്നെ പാര്‍ട്ടി ചുമതലപ്പെടുത്തിയ കാലഘട്ടത്തിലാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളുടെ തുടര്‍ച്ചയായി നിയോഗിക്കപ്പെട്ട ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്ത് തുടരവേയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. ആ സമയത്ത് അങ്ങനെ ഒരു ഉത്തവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തിരുന്നില്ല. മുഴുവന്‍ സമയ സംഘടനാ ചുമതലയില്‍ രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന സമയത്താണ് അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ. പിണറായി വിജയനും വിഎസും ചേര്‍ന്ന് എന്നോട് ആ ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. പാര്‍ട്ടി സംഘടനാരംഗത്ത് സവിശേഷമായ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്ന അക്കാലത്ത് ഇത്രയും ഭാരിച്ച ചുമതല നിര്‍വ്വഹിക്കാന്‍ കഴിയുമോ എന്നുള്ള ഒരാശങ്കയും എന്നിലുണ്ടായിരുന്നു. അത്തരമൊരു ചുമതലയില്‍ സ്വാഭാവികമായ ചില ബുദ്ധിമുട്ടുകള്‍ പ്രവര്‍ത്തനരംഗത്ത് ഉണ്ടായിട്ടുണ്ട്. അത് മുഖ്യമന്ത്രിയോടും പാര്‍ട്ടി നേതൃത്വത്തോടും ചില ഘട്ടങ്ങളില്‍ അഖിലേന്ത്യാ നേതൃത്വത്തോടും സംസാരിക്കേണ്ടിവന്നിട്ടുണ്ട്. പറയുന്ന കാര്യം ഗൗരവമുള്ളതാണെങ്കില്‍ ചില തര്‍ക്കങ്ങള്‍ ഒക്കെ ഉന്നയിച്ചാല്‍ പോലും, ന്യായമായ കാര്യങ്ങൾ അംഗീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എന്ന നിലയില്‍ വിഎസ് സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടി സംഘടനാ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യേണ്ട അവസ്ഥ വന്നിട്ടുള്ള സങ്കീര്‍ണ്ണമായ ചില വിഷയങ്ങളും അക്കാലത്തുണ്ടായിട്ടുണ്ട്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സെക്രട്ടറി കൂടിയായ സ.പിണറായി വിജയനും സംഘടനാപരമായ നടപടികള്‍ നേരിടേണ്ടി വന്ന ഒരു കാലഘട്ടത്തിലാണ് ഞാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ചുമതല നിര്‍വ്വഹിച്ചിരുന്നത്. ആ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി കൊണ്ടുപോകുന്നതിനും പൊതുവില്‍ പാര്‍ട്ടി നയത്തിന് വിധേയമായി തന്നെ പ്രവര്‍ത്തിക്കുന്നതിനും വിഎസിന് കഴിഞ്ഞിട്ടുണ്ട് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അക്കാലത്ത്‌ സ. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ഗവൺമെന്റ്‌ പ്രവർത്തനങ്ങളിൽ കാണിച്ച നയചാതുരിയും എടുത്തുപറയേണ്ടതാണ്‌. കാര്യങ്ങള്‍ നന്നായി കേള്‍ക്കാനും പഠിക്കാനും അതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉടന്‍ നടക്കണമെന്നത് അദ്ദേഹത്തിന്റെ വാശിയായിരുന്നു. അതിന്റെ സാങ്കേതികത്വങ്ങളൊന്നും വിഎസ് പ്രശ്നമാക്കിയിരുന്നില്ല. ഒരു കാര്യം അദ്ദേഹം വിശ്വസിച്ചുകഴിഞ്ഞാല്‍ അതില്‍ മാറ്റമുണ്ടാക്കുക വളരെ പ്രയാസകരമാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ അനുകൂലവും പ്രതികൂലവുമായ ഒരു ഘടകം ഈ നിലപാട്‌ ആണെന്ന്‌ പറയാനാണ്‌ എനിക്ക്‌ തോന്നുന്നത്‌. തനിക്ക് ഉറച്ച ബോധ്യം ഉണ്ടായാല്‍ മാത്രമേ താൻ വിശ്വസിച്ച കാര്യത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായിട്ടുള്ളൂ. പലപ്പോഴും ഇത് പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഭരണനിര്‍വഹണ കാലത്ത് ഇത്തരത്തില്‍ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തന്റെ ബോധ്യത്തില്‍ വരുന്ന കാര്യങ്ങളില്‍ തെറ്റായവ ഉണ്ടെന്നുകണ്ടാല്‍ അത് തിരുത്താനും മടിച്ചിരുന്നില്ല. എന്നാല്‍ തെറ്റാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടില്ലായെങ്കില്‍ അത് തിരുത്തുക ക്ലേശകരവുമായിരുന്നു. തന്റെ ദൈനംദിന ജീവിതത്തില്‍, ആഹാരശൈലിയിലും വ്യായാമത്തിലും ആരോഗ്യകാര്യങ്ങളിലുമടക്കം മികച്ച ചിട്ട ഉറപ്പാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.ALSO READ - വി എസിന്റെ വേർപാടിൽ അനുശോചന പ്രവാഹംമുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ ശ്രീ എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്‌ സംഘവും, വി എസിന്റെ നേതൃത്വത്തിലുള്ള കേരള സംഘവും തമ്മിലുള്ള ചർച്ചകൾ സഘടിപ്പിക്കാനായത്‌ വലിയ സന്തോഷം നൽകുന്ന ഓർമ്മകളാണ്‌. പൊതിയാതേങ്ങ ആയിരുന്ന പ്രശ്‌നം പൂർണമായും പരിഹരിച്ചില്ലെങ്കിലും, സംസ്ഥാനങ്ങൾ തമ്മിലുള്ള തെറ്റിധാരണകളും അകൽച്ചയും വലിയ തോതിൽ കുറയ്‌ക്കാൻ ഈ ചർച്ചകൾ സഹായകമായി. മുൻകാലങ്ങളിലെ വലിയ സംഘർഷാവസ്ഥയ്‌ക്ക്‌ അയവുവന്നു. വളരെ കൃത്യമായ ചർച്ചകൾ, സൗഹാർദ്ദപൂർണമായ ബന്ധം തുടങ്ങിയവ ഉറപ്പിക്കാനായി. വലിയ കര്‍ക്കശ സ്വഭാവമുള്ള ആളാണ് എന്ന് പറയപ്പെട്ട വിഎസാണ് കരുണാനിധിയെ പോലൊരു നേതാവുമായി ഏറ്റവും വലിയ അടുപ്പം കാത്തുസൂക്ഷിച്ചത്. ആ അടുപ്പം മുല്ലപ്പെരിയാര്‍ പൊലൊരു വിഷയത്തിന് പരിഹാരം കാണാനുള്ള ചര്‍ച്ചകളിലേക്കെത്തിക്കാന്‍ ഉപയോഗിക്കാനും അദ്ദേഹത്തിനായി.പുതിയ ആശയങ്ങള്‍ കേട്ടാല്‍ അത് പഠിക്കാനും മനസ്സിലാക്കാനും അദ്ദേഹം വലിയ താല്‍പര്യം കാട്ടിയിരുന്നു. മെട്രോ റെയിൽ സംവിധാനം കൊച്ചിയിൽ തുടങ്ങുന്നതിനായി ഡെൽഹി മെട്രോ ട്രെയിനിൽ സഞ്ചരിച്ച വി എസിനൊപ്പം ഞാനുമുണ്ടായിരുന്നു. മെട്രോമാന്‍ ഇ. ശ്രീധരനോടൊപ്പം ആ മെട്രോപാതയില്‍ മുഴുവന്‍ അദ്ദേഹം സഞ്ചരിച്ചു. അന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിക്കുന്നതിനുമുമ്പുതന്നെ പ്രാരംഭ പ്രവർത്തനങ്ങൾ, മേൽപ്പാലങ്ങളും ഫ്‌ളൈ ഓവറുകളും ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം ഏറ്റെടുക്കാൻ തീരുമാനിച്ചത്‌. മെട്രോയ്‌ക്ക്‌ സഹായകമായ നിലയിൽ എറണാകുളം നോർത്തിലെ മേൽപ്പാലം അടക്കമുള്ള നിർമ്മാണങ്ങള്‍ക്കും തീരുമാനിച്ചു.ബ്രിട്ടീഷ് ഭരണകാലത്ത് പശ്ചിമതീര കനാലില്‍ നിര്‍മ്മിച്ച വര്‍ക്കല തുരപ്പിനുള്ളില്‍ പോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും അതിശയിപ്പിക്കുന്നതായിരുന്നു. ആ ഗുഹയ്ക്കകത്തേക്ക് ഒരു ചെറിയ ബോട്ടില്‍ നടത്തിയ സാഹസിക യാത്രയില്‍ ഞാനുമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ കൊല്ലം മുതല്‍ ആലപ്പുഴ വരെ ജലപാതയില്‍കൂടി തന്നെ യാത്ര നടത്താനും അദ്ദേഹം തയ്യാറായി. ഇവിടെയെല്ലാം ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സോടെ കാര്യങ്ങളില്‍ ഇടപെടുന്ന വി.എസിനെയാണ് നമുക്ക് കാണാനായത്. പ്രകൃതി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ താല്‍പര്യപൂര്‍വ്വം ഇടപെട്ടു. പൊതുവില്‍ കേരളത്തിന്റെ വികസന കാര്യങ്ങള്‍ക്ക് വലിയ താല്‍പര്യം കാട്ടിയിരുന്ന നേതാവായിരുന്നു അദ്ദേഹം. ഐസര്‍, ഐഐഎസ്‌ടി എന്നിവ അക്കാലത്താണ് വന്നത്. ഇടതുപക്ഷം പിന്തുണ നൽകിയിരുന്ന കേന്ദ്രത്തിലെ അന്നത്തെ യു.പി.എ സര്‍ക്കാരില്‍ ഉണ്ടായിരുന്ന സ്വാധീനം പ്രയോജനപ്പെടുത്തുകയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടെക്നോപാര്‍ക്കിനായി ഐ.ടി വകുപ്പിന് കീഴില്‍ ആയിരം ഏക്കറോളം ഭൂമി ഏറ്റെടുക്കാനായത്. കെ.എസ്.ഐ.ടി.ഐ.എല്‍ എന്ന കമ്പനി രൂപീകരണത്തിന് വി.എസ് നല്‍കിയ നിര്‍ദ്ദേശങ്ങളും പിന്തുണയും വലുതായിരുന്നു. വികസന കാര്യത്തിലും പൊതുകാര്യങ്ങളിലും നിറഞ്ഞ താല്‍പര്യത്തോടെ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ അദ്ദേഹം കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പൊതുവില്‍ ആ സര്‍ക്കാരിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതുകാലത്തും കാര്യങ്ങള്‍ കര്‍ശനമായി പറയുന്നതില്‍ മടികാണിച്ചിരുന്നില്ല. എന്നാല്‍ അത് പറഞ്ഞുകഴിഞ്ഞാല്‍ ആ പ്രശ്നത്തിന്റെ തീവ്രത കഴിയുമെന്നതായിരുന്നു പ്രത്യേകത. ഒരു വിഷയം മനസ്സിരുത്തിയാല്‍ അത് അവിടെതന്നെ നിലനില്‍ക്കും. പിന്നീട് വ്യക്തത വരുത്തിക്കഴിഞ്ഞാല്‍ ആ വിഷയം അംഗീകരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു നൂറ്റാണ്ട് നിറഞ്ഞ ആ ജീവിതം ഇത്തരത്തിലുള്ള പല വ്യത്യസ്തതകളും നിറഞ്ഞതായിരുന്നു.ALSO READ – വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി ജി.ആർ അനിൽമുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരുമായി വിഎസ് പുലര്‍ത്തിയിരുന്ന ബന്ധവും എടുത്തുപറയേണ്ടതാണ്. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും, മുതിർന്ന കേന്ദ്ര മന്ത്രിസഭാംഗങ്ങളെയും ഒക്കെ കാണാൻപോയ വി എസിനൊപ്പമുള്ള അനവധി യാത്രകൾ വലിയ അനുഭവമായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസും പ്രൈവറ്റ് സെക്രട്ടറി എസ്.രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കൊപ്പമായിരുന്നു ഈ യാത്രകള്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ ബഹുമാനമാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കിട്ടിയിരുന്നത്. നാല്‍പ്പതിലധികം സിപിഐഎം എംപിമാരുടെ പിന്തുണയില്‍ മുന്നോട്ടുപോയിരുന്ന കേന്ദ്ര സര്‍ക്കാരില്‍നിന്നും, പാര്‍ട്ടിയുടെ പ്രതിനിധി എന്ന രൂപത്തില്‍ വിഎസിന് പ്രത്യേക പരിഗണനതന്നെ ലഭിച്ചിരുന്നു. പല പുതിയ പദ്ധതികളും സാധ്യമാക്കാനും അത് സഹായിച്ചു. കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ചില പ്രത്യേക കാര്യങ്ങളില്‍ സിപിഐഎമ്മിന്റെ കേന്ദ്ര നേതാക്കളായിരുന്ന പ്രകാശ് കാരാട്ടിനെയും സീതാറാം യച്ചൂരിയുടെയുമെല്ലാം ഇടപെടുവിക്കുവാനും വിഎസിന് സാധിച്ചിരുന്നു.ലാലു പ്രസാദ്‌ യാദവ്‌ ഉൾപ്പെടെ ദേശീയ രാഷ്‌ട്രീയത്തിലെ മുതിർന്ന നേതാക്കളുമായി വി എസിന്‌ വലിയ അടുപ്പമുണ്ടായിരുന്നു. ഈ ബന്ധങ്ങൾ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ റെയിൽവെ വികസനത്തിലും പൊതുവികസനത്തിലുമൊക്കെ നേട്ടമുണ്ടാക്കാൻ സംസ്ഥാനത്തെ സഹായിച്ചു. അന്ന് ദേശീയതലത്തിലുള്ള പ്രധാനപ്പെട്ട നേതാക്കളോടെല്ലാം അടുപ്പവും സ്നേഹവും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ലാലുപ്രസാദ് യാദവ് വിഎസിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തുകയും നമ്മുടെ അതിഥിയായി ദിവസങ്ങളോളം കോവളത്ത് താമസിക്കുകയും ചെയ്തത് അവര്‍ തമ്മിലുണ്ടായിരുന്ന ആ അടുപ്പത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നു. ഹിന്ദി മാത്രം പറഞ്ഞിരുന്ന ലാലു പ്രസാദിനോട് ഹിന്ദി ഉപയോഗിക്കാത്ത വിഎസിന് ആശയവിനിമയം നടത്താന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ലാലുപ്രസാദിന് വിഎസിനോടുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ഒരു സാക്ഷ്യം ഇപ്പോൾ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പാര്‍ട്ടി പിബി അംഗത്വത്തില്‍നിന്ന് തല്‍ക്കാലത്തേക്ക് ഒഴിവാക്കപ്പെട്ട സംഘടനാ നടപടി വന്നശേഷം ഒരാഴ്ച കഴിഞ്ഞ് പ്രധാനമന്ത്രിയെ കാണാനായി വിഎസ് ഡല്‍ഹിയിലെത്തി. സന്ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന വിഎസിന് മുന്നിലേക്ക് ലാലുപ്രസാദ് യാദവ് എത്തി. പ്രധാനമന്ത്രിയെ കാണാനാണ് അദ്ദേഹവുമെത്തിയത്. വിഎസിനെ കണ്ട ലാലു പ്രസാദ് അദ്ദേഹത്തിന്റെ തോളില്‍ തട്ടി ഹസ്തദാനം നടത്തിയ ശേഷം “സബ് ഠീക്ക് ഹോ ജായേഗാ” എന്നാവര്‍ത്തിച്ചു. വിഎസിന് കാര്യം പിടികിട്ടിയിട്ടില്ലായെന്ന് മനസ്സിലായി. ലാലുപ്രസാദ് യാദവ് പറഞ്ഞത് ഞാൻ നേരിട്ട് വിഎസിന് വിശദീകരിച്ചു. പത്രവാര്‍ത്തകള്‍ വായിച്ച ലാലുപ്രസാദ് വിഎസിന് എന്തോ അപകടം വരുന്നു എന്ന് തെറ്റിദ്ധരിച്ചാണ് അങ്ങനെയൊരു ആശ്വാസവാക്കുകള്‍ പറഞ്ഞതെന്ന കാര്യമാണ് അവതരിപ്പിച്ചത്. ഒരു ജേഷ്ഠസഹോദരനോടുള്ള സ്നേഹമാണ് ലാലുപ്രസാദ് അന്ന് വിഎസിനോട് പ്രകടിപ്പിച്ചത്. അതെന്നും എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സ്മരണയാണ്.ALSO READ – “കേരള ജനതയുടെ ആവേശമായ കമ്മ്യൂണിസ്റ്റ് രക്തതാരകമായിരുന്നു വി എസ്”: മന്ത്രി കെ രാജൻപുതിയ തലമുറയെ തുല്യമായി കാണാനും താല്‍പര്യത്തോടെ അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധകാണിച്ചിരുന്നു. 1991-ല്‍ ഞാന്‍ സ്റ്റുഡന്റ് സിന്‍‍ഡിക്കേറ്റ് അംഗമായിരിക്കുമ്പോഴാണ് സിപിഐഎമ്മിന്റെ ജില്ലാ സമ്മേളന പ്രതിനിധിയായി പങ്കെടുക്കുന്നത്. അന്ന് യു.ജി.സി സ്കീം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറാകുന്നില്ല എന്ന വിഷയം സമ്മേളനത്തില്‍ ഉന്നയിച്ചു. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ അല്‍പം രൂക്ഷമായ നിലയില്‍ തന്നെയാണ് ചര്‍ച്ചയില്‍ പ്രശ്നം അവതരിപ്പിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് ആ സമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയശേഷം സിന്‍ഡിക്കേറ്റിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചുകൂട്ടി. ഈ വിഷയം ചര്‍ച്ച ചെയ്യുകയും സിന്‍ഡിക്കേറ്റ് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളായവരടക്കം പറയുന്ന കാര്യങ്ങളില്‍ ഗൗരവമുണ്ടെന്ന് കണ്ട് ആ വിഷയത്തില്‍ ഇടപെടാന്‍ വിഎസ് കാട്ടിയിരുന്ന താല്‍പര്യം കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു.ALSO READ – “കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു”: രമേശ് ചെന്നിത്തലവിഎസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായും പ്രതിപക്ഷ നേതാവായും തുടരുന്ന കാലഘട്ടത്തിലാണ് കേരളത്തില്‍ അതിശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നടന്നത്. വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗ്ഗീയവല്‍ക്കരണത്തിനുമെതിരായി വലിയ സമരങ്ങളാണ് ഏറ്റെടുക്കേണ്ടി വന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. സോഷ്യലിസം എന്ന ആശയം തന്നെ തകര്‍ന്നു എന്ന പ്രചരണമാണ് ക്യാമ്പസുകളിലടക്കം വലതുപക്ഷ ശക്തികള്‍ ഏറ്റടുത്തത്. കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമായ ഒരു സംഘടനാ പ്രവര്‍ത്തന കാലമായിരുന്നു. സെക്രട്ടേറിയറ്റ് പടിക്കലെ നിരാഹാരമടക്കമുള്ള സമര പരമ്പരകള്‍ തന്നെയാണ് സംസ്ഥാനത്താകെ ഏറ്റെടുത്തത്. കൂത്തുപറമ്പ്‌ വെടിവയ്‌പ്പും അഞ്ചു സഖാക്കളുടെ രക്തസാക്ഷിത്വവും ഉൾപ്പെടെയുണ്ടായ കാലഘട്ടം. നിരവധി ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് വിദ്യാര്‍ത്ഥി സമൂഹം അന്നിരയായിട്ടുണ്ട്. അത്തരം ഘട്ടങ്ങളില്‍ ഓടിയെത്താനും വിദ്യാര്‍ത്ഥി സമൂഹത്തെ പിന്തുണയ്ക്കാനും അണിനിരന്ന നേതാക്കളില്‍ സഖാക്കള്‍ പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം മുന്‍നിരയില്‍ തന്നെ സ. വിഎസും നിലനിന്നിരുന്നു. സമരങ്ങളിൽ പൊലീസിനാൽ വേട്ടയാടപ്പെടുന്ന വിദ്യാർത്ഥികളെ കാണാൻ വി.എസ്‌ ഓടിയെത്തുമായിരുന്നു. 1994ൽ ഞാൻ എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി പ്രവർത്തിക്കുന്ന കാലത്ത്‌ സെക്രട്ടറിയറ്റിനുമുന്നിൽ നടന്ന സമരത്തിൽ പങ്കെടുക്കവേ പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിന്‌ ഇരയായി. എന്റെ കൈയ്യാടിഞ്ഞ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയതിൽ പ്രവേശിക്കപ്പെട്ടു. എനിക്കൊപ്പം മറ്റു സഖാക്കൾക്കും പരിക്കേറ്റ്‌ ആശുപത്രിയിൽ ചകിത്സ തേടേണ്ടിവന്നു. സ. വി എസ്‌ അന്ന്‌ ആശുപത്രിയിൽ എത്തി ഒരോരുത്തരെയും കണ്ട്‌ വിവരങ്ങൾ ആരായുകയും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന്‌ ഇടപെടലുകൾ നടത്തുകയും ചെയ്‌തത്‌ ഓർമ്മകളിൽ നിറയുന്നു.ALSO READ – ‘മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല’; വി എസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽഒരു നൂറ്റാണ്ടുകാലത്തെ അനുഭവ പരിജ്ഞാനമുള്ള, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മൂന്ന് സവിശേഷമായ ഘട്ടങ്ങള്‍ നേരിട്ട് നേതൃത്വത്തില്‍ നിന്നുകൊണ്ട് കണ്ട അത്യപൂര്‍വ്വമായ നേതാവായിരുന്ന സഖാവ് വിഎസിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് വളരെ വലിയൊരു അനുഭവമാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒക്കെ നല്‍കിയ സ്നേഹവും കരുതലും വലിയ അംഗീകാരവുമാണ്‌. ആ പാവന സ്മരണകൾക്കു മുന്നിൽ ഒരിക്കൽ കൂടി ആദരാഞ്ജലി അർപ്പിക്കുന്നു.The post “ഞങ്ങളുടെ തലമുറയുടെ കാരണവർ സ്ഥാനത്താണ് വി എസ് നിലനിന്നിരുന്നത്”: മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.