എന്‍ സി ഇ ആര്‍ ടി ചരിത്രത്തിൽ ഇരുട്ട് തേക്കുന്നു

Wait 5 sec.

തബ്ശീര്‍ എം കെഇന്ത്യക്ക് ആഴത്തിലുള്ള ചരിത്ര പാരമ്പര്യമുണ്ട്. സര്‍വ മേഖലയിലുമുള്ള വൈവിധ്യമാണ് ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറ. വിവിധ സംസ്‌കാരങ്ങളും മതങ്ങളും ഭാഷകളുമുള്ള വൈവിധ്യപൂര്‍ണമായ ഇന്ത്യയെ മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് വിഭജിക്കാനാണ് ഇന്നത്തെ ഭരണകൂടം ശ്രമിക്കുന്നത്. അവര്‍ രാജ്യത്തിന്റെ ഐക്യത്തെയും അതിന്റെ പാരമ്പര്യത്തെയും യഥാര്‍ഥ ചരിത്രത്തെയും ഭയപ്പെടുന്നു. രാജ്യത്തെ ഒരു ഏകശിലാത്മക ഭരണത്തിന് കീഴിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനവര്‍ ഭരണകൂടത്തിന്റെ വ്യത്യസ്ത സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ അടുത്ത കാലത്തായി കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രൈനിംഗ് (എന്‍ സി ഇ ആര്‍ ടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി ബി എസ് ഇ) സിലബസുകളില്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ ചില പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങളോടു കൂടിയാണെന്നത് വ്യക്തമാണ്. ഏറ്റവും ഒടുവില്‍ ഡല്‍ഹി ഭരിച്ച ആദ്യ മുസ്‌ലിം വനിതയായ റസിയ സുല്‍ത്താനയെയും മുഗള്‍ കാലഘട്ടത്തിലെ നൂര്‍ജഹാനെയും കുറിച്ചുള്ള ചരിത്രപാഠങ്ങള്‍ എന്‍ സി ഇ ആര്‍ ടി സിലബസില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.ഈ അധ്യയന വര്‍ഷം പുതുക്കിയ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് ഈ ഭാഗം ഒഴിവാക്കിയിരിക്കുന്നത്. ഇതേ പാഠപുസ്തകത്തില്‍ മുഗള്‍ ഭരണത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും കുറിച്ച് വിദ്യാര്‍ഥി സമൂഹത്തെ പരിചയപ്പെടുത്തുന്നത് വികലമായാണ്. ബാബര്‍ നഗരത്തിലെ മുഴുവന്‍ ജനങ്ങളെയും കൂട്ടക്കൊല ചെയ്ത ക്രൂരനും അക്രമകാരിയുമായ ഭരണാധികാരി ആയിരുന്നുവെന്നും ഔറംഗസീബ് ബനാറസ്, മധുര, സോമനാഥ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും തകര്‍ത്തിരുന്നുവെന്നും അക്ബറിന്റേത് ക്രൂരതയും അസഹിഷ്ണുതയും നിറഞ്ഞ ഭരണകാലം ആയിരുന്നുവെന്നും തുടങ്ങിയുള്ള വസ്തുതാ വിരുദ്ധമായ ചരിത്രങ്ങളാണ് പഠിപ്പിക്കപ്പെടുന്നത്. സാമ്രാജ്യത്വ ഭരണകൂട താത്പര്യങ്ങള്‍ക്കു വേണ്ടി ചരിത്രത്തെയും യാഥാര്‍ഥ്യങ്ങളെയും മായ്ച്ചുകളയാനും അതിലൂടെ പുതുതലമുറയെ വംശീയമായും വര്‍ഗീയമായും വിഭജിക്കാനുമാണ് ശ്രമിക്കുന്നത്.വിദ്യാര്‍ഥികളുടെ അമിത പഠനഭാരം കുറക്കുക എന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് വെട്ടിത്തിരുത്തലുകള്‍ നടത്തുന്നതെങ്കിലും അതിന് ബദലായി കൂട്ടിച്ചേര്‍ക്കപ്പെട്ടത് പരിശോധിക്കുമ്പോള്‍ ഇതിന് പിന്നിലെ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വ്യക്തമാകുന്നതാണ്. 12ാം നൂറ്റാണ്ട് മുതല്‍ 18ാം നൂറ്റാണ്ട് വരെ, ഏകദേശം ഏഴ് നൂറ്റാണ്ടോളം ഭരിച്ച സുല്‍ത്താനേറ്റ്, മുഗള്‍ ഭരണകാലഘട്ടത്തെ കുറിച്ച് മുമ്പ് രണ്ട് അധ്യായങ്ങളിലായി പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കുകയും പകരം അതേ കാലത്ത് ഭരിച്ച വിജയനഗര, മറാത്ത സാമ്രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അപ്രകാരം ഗര്‍ഹ രാജവംശത്തിലെ രാജ്ഞി റാണി ദുര്‍ഗാവതിയുടെ പാഠഭാഗം ഉള്‍പ്പെടുത്തി. 1564ല്‍ തന്റെ രാജ്യം ആക്രമിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ശ്രമത്തിനെതിരെ ധൈര്യത്തോടെ തന്റെ സേനയെ നയിച്ചവളെന്നാണ് റാണി ദുര്‍ഗാവതിയെ കുറിച്ച് ഈ ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ അടുത്ത അധ്യായത്തില്‍ താരാഭായ്, ആലിയാഭായ് ഹോള്‍ക്കര്‍ എന്നിവരുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി ജെ പി, സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വിഭജന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇതിലൂടെ വ്യക്തമാകുന്നുണ്ട്. ചില പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയുള്ള ഈ വെട്ടലുകളും കൂട്ടിച്ചേര്‍ക്കലുകളും ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നു.ഗാന്ധിവധം, എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ ബി ജെ പി സംഘടിപ്പിച്ച രഥയാത്രയും അതിന്റെ ഭാഗമായുണ്ടായ വര്‍ഗീയ കലാപങ്ങളും, ഗുജറാത്ത് കലാപം തുടങ്ങിയ സംഘ്പരിവാര്‍ രാഷ്ട്രീയത്തില്‍ ഇരുട്ട് പരത്തുന്ന ചരിത്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കപ്പെട്ടു.മുഗള്‍ ഭരണവും ഡല്‍ഹി സുല്‍ത്താനേറ്റും ഈ രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ നേര്‍സാക്ഷ്യങ്ങളായ താജ്മഹല്‍, കുത്തബ് മിനാര്‍, റെഡ് ഫോര്‍ട്ട് തുടങ്ങിയ നിര്‍മിതികള്‍ ഇവിടെ അവശേഷിച്ചിരിക്കെ എങ്ങനെയാണ് ഈ ചരിത്രങ്ങളെ മറക്കാന്‍ സാധിക്കുക? 1206 മുതല്‍ 1526 വരെ ഭരിച്ച ഡല്‍ഹി സുല്‍ത്താനേറ്റിനെയും 1526 മുതല്‍ 1857 വരെ ഭരിച്ച മുഗള്‍ ഭരണകൂടത്തെയും ഒഴിവാക്കി ഇന്ത്യക്ക് ഒരു ചരിത്ര രചന സാധ്യമാണോ? ഡല്‍ഹി ഭരിച്ച ഏക വനിതാ മുസ്‌ലിം ഭരണാധികാരിയും സുല്‍ത്വാന്‍ ഇല്‍തുമിശിന്റെ മകളുമായ റസിയ സുല്‍ത്താന 1236 മുതല്‍ 1240 വരെ ഡല്‍ഹി ഭരിച്ചു. മുഗള്‍ ഭരണാധികാരിയായ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭാര്യ നൂര്‍ജഹാന് ജഹാംഗീര്‍ കൊട്ടാരത്തിലുണ്ടായിരുന്ന സ്വാധീനത്തെ എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഇത്തരം വനിതകളെ കുറിച്ചുള്ള ചരിത്രം ചില സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഒഴിവാക്കുന്നു. ഭൂരിപക്ഷ മതത്തിന്റെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷ സമുദായങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും അവരുമായി ബന്ധപ്പെട്ട ചരിത്രങ്ങളെയും മായിച്ച് കളയുന്നു.1961ല്‍ രൂപവത്കൃതമായ എന്‍ സി ഇ ആര്‍ ടി യുടെ പ്രധാന ചുമതല പാഠപുസ്തക രചനയും നിര്‍മാണവും ആയിരുന്നു. ഇതനുസരിച്ച് അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ ചാരിത്രകാരന്മാരായ ബിപിന്‍ ചന്ദ്ര, സതീഷ് ചന്ദ്ര, ആര്‍ എസ് ശര്‍മ, റൊമില ഥാപ്പര്‍ തുടങ്ങിയവരെ ചരിത്ര പാഠപുസ്തകങ്ങള്‍ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. നിലവില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ബ്രട്ടീഷ് നിര്‍മിത കൊളോണിയല്‍ ധാരണകളെ മതേതര ചരിത്രകാരന്മാരായ ഇവര്‍ തിരുത്തി എഴുതി. കൊളോണിയല്‍ ചരിത്രകാരന്മാര്‍ രൂപപ്പെടുത്തിയ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് അടിസ്ഥാനത്തിലുള്ള ചരിത്ര കാലഘട്ട സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി പകരം ഇന്ത്യന്‍ ചരിത്ര കാലഘട്ടത്തെ പ്രാചീന കാലം, മധ്യകാലം, ആധുനിക കാലം എന്നിങ്ങനെ മാറ്റി എഴുതുകയും ചെയ്തു.അക്കാലത്ത് ഒരുപാട് വിവാദങ്ങള്‍ക്ക് കാരണമായ പുതിയ രീതിയിലുള്ള ഈ ചരിത്ര രചനക്കെതിരെ തീവ്ര വലതുപക്ഷക്കാരായ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. 1977ല്‍ അധികാരത്തില്‍ വന്ന ജനസംഘം സര്‍ക്കാര്‍ ഇതില്‍ പരിഷ്‌കരണം നടത്തി. പിന്നീട് വന്ന ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പഴയ പാഠപുസ്തകങ്ങള്‍ തിരികെ കൊണ്ടുവന്നെങ്കിലും 1999ലെ ബി ജെ പി സര്‍ക്കാര്‍ വര്‍ഗീയ ആശയങ്ങള്‍ അടങ്ങിയ പാഠപുസ്തകങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. പിന്നീട് 2005-2007 കാലഘട്ടത്തില്‍ എന്‍ സി ഇ ആര്‍ ടിയുടെ അറുപതംഗ പാഠ പുസ്തക രചനാ സംഘത്തിനു കീഴില്‍ വിശാലവും വര്‍ഗീയ വേര്‍തിരിവുകള്‍ ഇല്ലാത്തതുമായ പുതിയ പാഠപുസ്തകങ്ങള്‍ രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലേറുകയും രാഷ്ട്രീയ പ്രേരിതമായ വലിയ രീതിയിലുള്ള വെട്ടലുകളും കൂട്ടിച്ചേര്‍ക്കലുകളും സ്‌കൂള്‍ പാഠപുസ്തകങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും തകൃതിയായി നടത്തുകയും ചെയ്തു. തങ്ങളുടെ വിഭജന പ്രത്യയശാസ്ത്രം വിദ്യാര്‍ഥി മനസ്സുകളില്‍ കുത്തി വെക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. സംഘ്പരിവാര്‍, ബി ജെ പി ഭരണകൂട ലക്ഷ്യം നടപ്പാക്കാന്‍ കൂടിയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്‍), നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രൈനിംഗ് (എന്‍ സി ഇ ആര്‍ ടി) തുടങ്ങിയ, ചരിത്രവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ സംഘ്പരിവാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. യാതൊരു നീതീകരണവുമില്ലാത്ത ഈ സിലബസ് പരിഷ്‌കരണങ്ങളുടെ പ്രേരകം മതാധിഷ്ഠിതമാണെന്ന കാര്യം സുവ്യക്തമാണ്. ഈ ചരിത്ര വിരോധം ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് ഭാവി ഇന്ത്യന്‍ വിദ്യാഭ്യാസത്തെ തള്ളിയിടുക എന്നത് തീര്‍ച്ചയാണ്.