പരമ്പരാഗത മാർക്കറ്റിൽ സന്ദർശനം നടത്തി ശൈഖ് മുഹമ്മദ്

Wait 5 sec.

ദുബൈ| യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദേരയിലെ തിരക്കേറിയ പരമ്പരാഗത മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ചരിത്രപ്രസിദ്ധമായ സൂഖിലൂടെ നടക്കുമ്പോൾ ശൈഖ് മുഹമ്മദ് പ്രാദേശിക കച്ചവടക്കാരെ അഭിവാദ്യം ചെയ്യുകയും പരമ്പരാഗത കരകൗശല വസ്തുക്കളെ പ്രശംസിക്കുകയും താമസക്കാരോടും വിനോദസഞ്ചാരികളോടും സൗഹാർദപരമായി ഇടപെഴകുകയും ചെയ്തു. അദ്ദേഹം പുഞ്ചിരിയോടെ ആളുകളുമായി സംസാരിക്കുകയും ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ദുബൈയിലെ അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ, സ്വർണം എന്നിവക്ക് പേരുകേട്ട സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന നഗരത്തിലെ പൈതൃക സമ്പന്നമായ മാർക്കറ്റിലെ ഈ അപ്രതീക്ഷിത സന്ദർശനം സന്ദർശകർക്കും അനുഭവമായി. ദുബൈ ഭരണാധികാരിയെ തങ്ങളുടെയിടയിൽ കണ്ടപ്പോൾ അനേകം വ്യാപാരികൾ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ചു. ഇത് അവർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷമാണെന്ന് അവർ അഭിപ്രായപ്പെട്ടു.സമൂഹവുമായി ബന്ധം പുലർത്തേണ്ടതിന്റെയും ദുബൈ എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്ന ഒരു നഗരമായി നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം ശൈഖ് മുഹമ്മദ് എക്കാലത്തും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, ഇപ്പോൾ പരമ്പരാഗത മാർക്കറ്റുകൾ എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത സന്ദർശനങ്ങൾ അദ്ദേഹത്തിന്റെ നേതൃശൈലിയുടെ ഉദാഹരണമാണ്.