കമ്മ്യൂണിസ്റ്റുകാര്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവരല്ലെന്നും പരലോക സ്വര്‍ഗ്ഗത്തിനായി ജീവിക്കുന്നവരുമല്ലെന്നും വ്യക്തമാക്കി മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിഎസ് അവസാന കമ്മ്യൂണിസ്റ്റല്ല. അവസാനിക്കാത്ത കമ്യൂണിസ്റ്റ് ചരിത്രത്തിന്റെ പതാകയേന്തുന്ന അണമുറിയാത്ത ജനസഞ്ചയത്തിന്റെ പ്രതീകമാണ് എന്നും അദ്ദേഹം പറയുന്നുമരണാനന്തര ജീവിതം…. വലിയ ചുടുകാട്ടില്‍ നിന്നൊരു കുറിപ്പ്കമ്മ്യൂണിസ്റ്റുകാര്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവരല്ല. പരലോക സ്വര്‍ഗ്ഗത്തിനായി ജീവിക്കുന്നവരുമല്ല. ഇ.എം എസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഇഹലോകത്ത് ചൂഷണമുക്തമായ, സ്വര്‍ഗ്ഗതുല്യമായ സമൂഹം നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണവര്‍. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും ഒരു മരണാനന്തര ജീവിതമില്ലേ?ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയ വി എസിന്റെ വിലാപയാത്രയാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ നാല്‍പത്തിയെട്ടുമണിക്കൂര്‍ നേരം കോടിക്കണക്കിന് കണ്ഠങ്ങള്‍ ഏറ്റവും കൂടുതല്‍ ഉച്ചരിച്ചത് രണ്ടക്ഷരങ്ങള്‍ മാത്രമാണ്. കേരളത്തിന്റെ കണ്ണും കരളും ഈ മണിക്കൂറുകളില്‍ കവര്‍ന്നതും ആ രണ്ടക്ഷരം തന്നെ. എല്ലാ ഊടുവഴികളിലൂടെയും മനുഷ്യരൊഴുകിയെത്തിയത് ആ ചുരുക്കെഴുത്തിനായി തങ്ങളുടെ നെഞ്ചില്‍ കരുതിവെച്ച സ്നേഹത്തിന്റെ റോസാ പുഷ്പങ്ങള്‍ സമര്‍പ്പിക്കാനാണ്.അവര്‍ വിളിച്ച മുദ്രാവാക്യം ശ്രദ്ധിച്ചോ? ‘ആരു പറഞ്ഞു മരിച്ചെന്ന്? ജീവിക്കുന്നു ഞങ്ങളിലൂടെ.’ അവസാന കമ്യൂണിസ്റ്റ് ‘ എന്ന് വിശേഷിപ്പിച്ച് അനുശോചിച്ചതാണെന്ന വ്യാജേന വിഎസിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും ഈ മരണ വേളയില്‍ പോലും നിന്ദിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാമുള്ള മറുപടിയാണ് പാതിരയും പെരുമഴയും കൂസാതെ തെരുവുകളിലൊഴുകിപ്പരന്ന ജനലക്ഷങ്ങള്‍ നല്‍കിയത്. ജീവിക്കുന്നു ഞങ്ങളിലൂടെയെന്നാല്‍ വി എസ് ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രം ഞങ്ങളിലൂടെ ജീവിക്കുമെന്നാണവര്‍ പറയുന്നത്. ആ പ്രത്യയശാസ്ത്രം വിഎസിനൊപ്പം മരിക്കുമെന്നല്ല. ഇല്ല ഇല്ല മരിക്കില്ല എന്നാണ്. അവരില്‍ ആരെല്ലാമുണ്ടെന്ന് നാം കണ്ടില്ലേ? സ്ത്രീകള്‍, കുട്ടികള്‍, യുവസഹസ്രങ്ങള്‍, പാടത്ത് പണിയെടുക്കുകയും കയറുപിരിക്കുകയും തൊണ്ടുതല്ലുകയും ചുമടെടുക്കുകയും വാഹനമോടിക്കുകയും ഫാക്ടറിയില്‍ പണിയുകയും ചെയ്യുന്നവര്‍ മുതല്‍ സര്‍ക്കാരോഫീസുകളിലും ഐടി പാര്‍ക്കുകളിലും വരെ അദ്ധ്വാനിക്കുന്നവര്‍.ആബാലവൃദ്ധം. വി എസിനെ അറിഞ്ഞവര്‍, പ്രസംഗം കേട്ടവര്‍, കണ്ടവര്‍, കണ്ടിട്ടേയില്ലാത്തവര്‍, കേട്ടറിഞ്ഞവര്‍ എന്നിങ്ങനെ എല്ലാവരും. തലമുറകളുടെ അന്തരം എന്ന വാദത്തെ അപ്രസക്തമാക്കിയ ജീവിതം പോലെ വി എസിന്റെ മരണവും. ആറു വര്‍ഷമെങ്കിലുമായി കാണാനോ കേള്‍ക്കാനോ കഴിഞ്ഞിട്ടില്ലാത്ത ഒരാള്‍ ഇത്രമേല്‍ മലയാളിയുടെ ഓര്‍മ്മയില്‍ ഇരമ്പിയെത്തിയതിന് കാരണം ഒന്നേയുള്ളു. ഒരു നൂറ്റാണ്ടു കവിഞ്ഞ ആ വിപ്ലവജീവിതത്തിനോടുള്ള അളവറ്റ ആദരവും അതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള അഭിനിവേശവും….അതെ, കമ്മ്യൂണിസ്റ്റുകാര്‍ക്കും മരണാനന്തര ജീവിതമുണ്ട്. പരലോകത്തല്ല. ഇവിടെ ഈ ലോകത്തുതന്നെ. മനുഷ്യരുടെ ഓര്‍മ്മയിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജമായും പോരാട്ടങ്ങള്‍ക്ക് കരുത്തായും അവര്‍ മരിക്കാതെ നമുക്കൊപ്പവും നമുക്കുശേഷവുമൊക്കെ ചരിത്രത്തില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും. തലമുറകളുടെ അന്തരമൊട്ടുമില്ലാതെ.ചെഗുവേരയുടെ മരണാനന്തര ജീവിതം പോലെ. കൃഷ്ണപിള്ളയും എകെജിയും ഇ എം എസും നായനാരും എന്ന പോലെ വി എസും മരണാനന്തരം ജീവിക്കാന്‍ പോകുന്നു. ജനലക്ഷങ്ങളെ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ത്യാഗസുരഭിലവും ധീരോദാത്തവുമായ ചരിത്രവും ‘നമ്മളെങ്ങനെ നമ്മളായെന്നും ഓര്‍മ്മിപ്പിക്കുന്ന’ രാഷ്ട്രീയ വിദ്യാഭ്യാസ ജാഥയാക്കി മരണാനന്തര വിലാപയാത്രയെയും മാറ്റിയിട്ടാണ് വിഎസ് വിടവാങ്ങുന്നത്. (ജ്യോതിബസുവിന്റെയും സീതാറാം യെച്ചൂരിയുടേയും ശരീരവും തലച്ചോറും വരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും ഒരു മരണാനന്തര ജീവിതമാണ്.മരിച്ച കമ്യൂണിസ്റ്റുകാരുടെ ജീവിതവും ശരീരവുമെല്ലാം വരും തലമുറകള്‍ക്ക്പാഠപുസ്തകമാകുന്നു.ജീവിതം കൊണ്ടെന്ന പോലെ മരണത്തിലും അവര്‍ സമൂഹത്തിന് പ്രയോജനപ്പെടുന്നു.)കമ്മ്യൂണിസ്റ്റുകാര്‍ക്കും മരണാനന്തര ജീവിതമുണ്ട്. അത് പക്ഷേ മരിച്ചവരൊറ്റക്കല്ല നയിക്കുക , ജനലക്ഷങ്ങളാണ്. വി എസ് ലയിച്ച ഈ വലിയ ചുടുകാട്ടില്‍ അന്ത്യനിദ്ര കൊള്ളുന്ന രക്തസാക്ഷികളടക്കമുള്ള കമ്യൂണിസ്റ്റുകാരെല്ലാം മരണാനന്തരം ജീവിക്കുന്നവരാണ്. മാര്‍ക്സിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനുണ്ടായത് വെറും പതിനൊന്ന് പേര്‍ മാത്രമായിരുന്നല്ലോ. അന്നും പലരും ആശ്വസിച്ചുകാണും മാര്‍ക്സിനോടൊപ്പം മാര്‍ക്സിസം അവസാനിക്കുമെന്ന്.എന്നാല്‍ അവസാനിക്കുകയല്ല മാര്‍ക്സിനുശേഷം ജനകോടികള്‍ ആ ദര്‍ശനം ഹൃദയത്തിലേറ്റുവാങ്ങുകയായി രുന്നല്ലോ. ഓരോ കമ്മ്യൂണിസ്റ്റുകാരനെ കൊല്ലുമ്പോഴും അവന്‍ മരിക്കുമ്പോഴും ചിലര്‍ ഇതവസാനത്തേതാണെന്ന് കരുതിയിട്ടുണ്ട്.പക്ഷേ ഓരോ തുള്ളി ചോരയില്‍ നിന്നും ഓരോ ഓര്‍മ്മച്ചിതയില്‍ നിന്നും ഒരായിരം പേരുയര്‍ന്നതാണല്ലോ ചരിത്രം.അതിനാല്‍ വിഎസ് അവസാന കമ്യൂണിസ്റ്റല്ല. അവസാനിക്കാത്ത കമ്യൂണിസ്റ്റ് ചരിത്രത്തിന്റെ പതാകയേന്തുന്ന അണമുറിയാത്ത ജനസഞ്ചയത്തിന്റെ പ്രതീകമാണ്.The post ‘വിഎസ് അവസാന കമ്മ്യൂണിസ്റ്റല്ല, അവസാനിക്കാത്ത കമ്മ്യൂണിസ്റ്റ്; ചരിത്രത്തിന്റെ പതാകയേന്തുന്ന അണമുറിയാത്ത ജനസഞ്ചയത്തിന്റെ പ്രതീകം’: മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.