വേലിക്കകത്ത് വീട്ടിലേക്ക് വിലാപയാത്ര നീണ്ടത് 22 മണിക്കൂര്‍, കാത്തിരുന്നത് ആയിരങ്ങള്‍

Wait 5 sec.

തിരുവനന്തപുരത്തു നിന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച വിഎസിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നപ്രയില്‍ എത്തിയത് 22 മണിക്കൂര്‍ പിന്നിട്ട്. ദേശീയ പാതയോരത്ത് ആയിരക്കണക്കിന് ആളുകള്‍ കാത്തു നിന്നതുകൊണ്ട് തിരുവനന്തപുരം, കൊല്ലം, ജില്ലകള്‍ പിന്നിടാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. രാത്രിയിലും വിഎസിനെ കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഉച്ചയോടെയാണ് വേലിക്കകത്ത് വീട്ടില്‍ വിഎസിന്റെ മൃതദേഹം എത്തിച്ചത്. ഇവിടെ പൊതുദര്‍ശനത്തിന് ശേഷം സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷമാകും വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടക്കുക. നേരത്തേ മൂന്ന് മണിക്ക് സംസ്‌കാരം നടത്തുന്നതിനായാണ് തീരുമാനിച്ചത്. വിലാപയാത്ര വൈകിയതിനാല്‍ സംസ്‌കാര സമയം മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചിരുന്നു. വൈകിട്ട് 5 മണിയോടെ സംസ്‌കാരം നടത്തുന്നതിനായുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിഎസിനെ കാണുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ സമയക്രമം പാലിക്കാനാകുമോ എന്ന സംശയവുമുണ്ട്. പതിനാറ് മണിക്കൂര്‍ യാത്രക്ക് ശേഷം രാവിലെ 6.30ഓടെയാണ് വിലാപയാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. 12.30 ഓടെയാണ് പുന്നപ്രയിലെ വീട്ടില്‍ എത്താനായത്. ഇതിനിടയില്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അര മണിക്കൂറായി വെട്ടിച്ചുരുക്കുകയും വിലാപയാത്ര കടന്നുപോകുന്ന രണ്ട് പോയിന്റുകള്‍ റദ്ദാക്കുകയും ചെയ്തു. കാത്തിരുന്ന് ചെന്നിത്തലവിലാപയാത്ര ഹരിപ്പാട് എത്തുമ്പോള്‍ വിഎസിനെ കാണുന്നതിനായി രമേശ് ചെന്നിത്തല കാത്ത് നിന്നിരുന്നു. വിലാപയാത്ര കായംകുളം എത്തിയപ്പോള്‍ താന്‍ ഇവിടെ എത്തിയിരുന്നുവെന്നും തന്റെ മണ്ഡലത്തിലൂടെ വിലാപയാത്ര കടന്നു പോകുമ്പോള്‍ താനിവിടെ വേണ്ടേ എന്നുമാണ് ചെന്നിത്തല പ്രതികരിച്ചത്. വ്യക്തിപരമായി തങ്ങള്‍ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. സജ്ജീകരണങ്ങള്‍ ഒരുക്കി പാര്‍ട്ടി നേതൃത്വംവിഎസിനെ യാത്രയാക്കാന്‍ എല്ലാ സജ്ജീകരണങ്ങളുമൊരുക്കി സിപിഎം നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മുന്‍ മന്ത്രിയും വിഎസിന്റെ അയല്‍ക്കാരനും സിപിഎം നേതാവുമായ ജി.സുധാകരന്‍ തുടങ്ങിയവര്‍ ആലപ്പുഴയിലുണ്ട്. മന്ത്രിമാരായ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ തുടങ്ങിയവര്‍ വിലാപയാത്രക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സംസ്‌കാരത്തിന് എത്തും. സംസ്‌കാരം വലിയ ചുടുകാട്ടില്‍പുന്നപ്ര സമരത്തിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടിലായിരിക്കും വിഎസിന്റെ സംസ്‌കാരം. ടി.വി.തോമസ്, കെ.ടി.പുന്നൂസ്, കെ.ആര്‍.ഗൗരിയമ്മ തുടങ്ങിയവരെ സംസ്‌കരിച്ചതിന് സമീപമായിരിക്കും വിഎസിനായി ചിതയൊരുക്കിയരിക്കുന്നത്.