വേലിക്കകത്തിൻ്റെ പടിയിറങ്ങി വിപ്ലവ താരകം; ഇനി പൊതുദർശനം ജില്ലാ കമ്മിറ്റി ഓഫീസിൽ

Wait 5 sec.

കേരളത്തിന്റെ സമരജീവിതത്തെ സ്‌നേഹവായ്‌പോടെ ചേര്‍ത്തണച്ച വീട്ടിൽ നിന്ന് എന്നെന്നേക്കും വി എസ് അച്യുതാനന്ദൻ പടിയിറങ്ങി. ഏറെക്കാലം ജില്ലയിലെ പാർട്ടിക്ക് നെടുനായകത്വം വഹിച്ച അദ്ദേഹം, ആലപ്പുഴയിലെ പാർട്ടി ആസ്ഥാനത്തേക്ക് അവസാനമായി എത്തി. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ഒരിക്കൽ കൂടി വി എസ് എത്തുകയാണ്. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ആരംഭിച്ചു. ഉച്ചയ്ക്ക് 2.40ഓടെയാണ് വീട്ടിലെ പൊതുദർശനം പൂർത്തിയാക്കിയത്.ദിക്കുപൊട്ടുമാറുച്ചത്തില്‍ അലയടിക്കുന്ന അഭിവാദ്യവിളികളുടെ അകമ്പടിയുമായി ആ വിപ്ലവസൂര്യൻ്റെ അവസാന യാത്രയാണ് ആലപ്പുഴയിൽ പുരോഗമിക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് ഉച്ചയ്ക്ക് 12ന് ശേഷമാണ് വി എസിന്റെ മൃതദേഹം എത്തിച്ചത്. തിരുവനന്തപുരത്ത് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറിന് ശേഷമാണ് വേലിക്കകത്ത് വീട്ടിലെത്തിയത്. കേരളത്തിന്റെ പരിച്ഛേദമായി വേലിക്കകത്ത് വീട് മാറി. ആബാലവൃദ്ധം ജനങ്ങളും അവിടെ തടിച്ചുകൂടിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ വേലിക്കകത്ത് വരെ റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് പേരുടെ ഹൃദയവായ്പ് ഏറ്റുവാങ്ങിയാണ് വിലാപയാത്ര വേലിക്കകത്ത് വീട്ടില്‍ അവസാനിച്ചത്.Read Also: ‘കോമ്രേഡ് വി എസ് അമര്‍ രഹേ’; വി എസിന്റെ വേര്‍പാടില്‍ അനുശോചിച്ച് രാജ്യതലസ്ഥാനംസമരസഖാക്കള്‍ അന്തിയുറങ്ങുന്ന മണ്ണിലേക്ക് അവരില്‍ ഒരാളായ വി എസും ഉടനെ എത്തും; ഒരിക്കല്‍ക്കൂടി ലാല്‍സലാം പറയാന്‍. പുന്നപ്രയുടെ സമരപുത്രനെ ആലപ്പുഴ ഏറ്റുവാങ്ങിക്കഴിഞ്ഞു. കര്‍ഷകത്തൊഴിലാളികളെ അണിനിരത്തിയ ജനനായകന്‍ ഒടുവില്‍ പുന്നപ്ര-വയലാര്‍ സമരത്തില്‍ വെടിയേറ്റു വീണ സഖാക്കള്‍ അന്തിയുറങ്ങുന്ന മണ്ണിലേക്ക് എത്തിക്കഴിഞ്ഞു. പിന്നിട്ട പാതയോരങ്ങളില്‍ എല്ലാം മനുഷ്യച്ചങ്ങലയെന്ന പോല്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. കോരിച്ചൊരിയുന്ന മഴയെ പോലും അവഗണിച്ചുകൊണ്ടായിരുന്നു അവരുടെ വി എസിനെ കാണാന്‍ ആ ആള്‍ക്കൂട്ടം കാത്തിരുന്നത്. മഴയത്തും നിലയ്ക്കാത്ത ആവേശം ആണ് എവിടെയും കാണാന്‍ കഴിഞ്ഞത്.The post വേലിക്കകത്തിൻ്റെ പടിയിറങ്ങി വിപ്ലവ താരകം; ഇനി പൊതുദർശനം ജില്ലാ കമ്മിറ്റി ഓഫീസിൽ appeared first on Kairali News | Kairali News Live.