ധര്‍മസ്ഥലയിലെ കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ (എസ് ഐ ടി) നിയോഗിച്ചിരിക്കുന്നു കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. ഡി ജി പി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് കേസന്വേഷിക്കുന്നത്. പ്രസിദ്ധമായ ശ്രീമഞ്ജുനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ധര്‍മസ്ഥലയില്‍ നടക്കുന്ന ക്രൂരമായ ബലാത്സംഗങ്ങളെയും കൊലകളെയും കുറിച്ച് പുറത്തുവന്ന വിവരങ്ങളില്‍, അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാറും അന്വേഷണ ഏജന്‍സികളും കാണിക്കുന്ന വിമുഖതക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് എസ് ഐ ടിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ദുരൂഹ മരണങ്ങളാണ് അന്വേഷണ പരിധിയില്‍ വരിക.1995-2014 വര്‍ഷങ്ങളില്‍ ധര്‍മസ്ഥല ക്ഷേത്രത്തില്‍ ശുചീകരണ തൊഴില്‍ ചെയ്തിരുന്ന വ്യക്തിയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനികളടക്കം നൂറുകണക്കിന് സ്ത്രീകള്‍ ഇവിടെ കൂട്ടബലാത്സംഗത്തിനിരയായ ശേഷം ക്രൂരമായി വധിക്കപ്പെട്ടതായും കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നതില്‍, ക്ഷേത്രം അധികാരികളുടെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി, താന്‍ പങ്കാളിയായതായും അദ്ദേഹം വെളിപ്പെടുത്തി. കുഴിച്ചിടാന്‍ കൊണ്ടുവരുന്ന പല സ്ത്രീകളുടെയും ശരീരത്തില്‍ വസ്ത്രമോ അടിവസ്ത്രമോ ഇല്ലായിരുന്നു. ചിലതില്‍ ലൈംഗിക ആക്രമണത്തിന്റെ വ്യക്തമായ ലക്ഷണമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.2014ല്‍ സ്വന്തം കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരമറിഞ്ഞതോടെ അദ്ദേഹം ധര്‍മസ്ഥലയില്‍ നിന്ന് ഒളിച്ചോടി. അയല്‍ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ ശേഷം ദിവസങ്ങള്‍ക്കു മുമ്പാണ് കര്‍ണാടകയില്‍ തിരിച്ചെത്തി പോലീസിനെ സമീപിച്ച് സംഭവങ്ങള്‍ വിവരിച്ചത്. കുറ്റബോധം മൂലമാണ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും ക്ഷേത്രത്തിലെ മേലധികാരികളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് കൊല്ലപ്പെട്ട 485ഓളം മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. പരാതിയോടൊപ്പം ആധാര്‍കാര്‍ഡും മുമ്പ് ധര്‍മസ്ഥലയില്‍ ജോലി ചെയ്തിരുന്ന കാലത്തെ തിരിച്ചറിയല്‍ കാര്‍ഡും സമര്‍പ്പിച്ചിട്ടുണ്ട് അദ്ദേഹം. പരാതി സത്യമാണെന്നു ബോധ്യപ്പെടുത്താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് മാന്തിയെടുത്ത തലയോട്ടിയും എല്ലുകളുമായി ജൂലൈ പതിനൊന്നിന് ബള്‍ത്തങ്ങാടി കോടതിയില്‍ ചെന്ന് രഹസ്യമൊഴി നല്‍കുകയും ചെയ്തു. സംഭവങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ ഭവിച്ചേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ മുന്‍കണ്ട് വക്കീല്‍ മുഖേന തനിക്കും കുടുംബത്തിനും അധികൃതരില്‍ നിന്ന് പൂര്‍ണ സംരക്ഷണം ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.ധര്‍മസ്ഥലയില്‍ ആരാധനക്കോ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനോ പോയ പല സ്ത്രീകളെയും കാണാതായതായി നേരത്തേ പലപ്പോഴായി ഉയര്‍ന്ന പരാതികള്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നുണ്ട്. ധര്‍മസ്ഥല ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള എസ് ഡി എം കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന സൗജന്യ 2012 ഒക്ടോബര്‍ ഒമ്പതിന് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വന്‍വിവാദമായതാണ്. ധര്‍മസ്ഥല ട്രസ്റ്റ് ജീവനക്കാരനായ സന്തോഷ് റാവുവിനെയാണ് ഈ കേസില്‍ പോലീസ് പ്രതിയാക്കിയത്. എന്നാല്‍ തെളിവിന്റെ അഭാവത്തില്‍ കോടതി സന്തോഷ് റാവുവിനെ വെറുതെ വിട്ടു. ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ വീരേന്ദ്ര ഹെഗ്ഡെയുടെ കുടുംബത്തിലെ ചില പ്രമുഖരും ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ് അവിടെ നടക്കുന്ന ലൈംഗിക പീഡനത്തിനും കൊലപാതകങ്ങള്‍ക്കും പിന്നിലെന്നാണ് പറയപ്പെടുന്നത്. പോലീസിനും ഇക്കാര്യമറിയാമെന്നും രാഷ്ട്രീയ സ്വാധീനം മൂലം അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഭയപ്പെടുകയാണെന്നും ആരോപിക്കപ്പെടുന്നു.ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്തതായി പറയപ്പെടുന്ന ഇടങ്ങളില്‍ കുഴിച്ച് പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടതാണ്. ഉത്തരവ് വന്ന് ദിവസങ്ങള്‍ കടന്നു പോയിട്ടും ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കമുണ്ടാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ് ഐ ടി) നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വന്‍രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളാണ് കുറ്റകൃത്യം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നതിനാല്‍ ഫോറന്‍സിക് പരിശോധന, ഡി എന്‍ എ വിശകലനം, അന്വേഷണത്തിന്റെ പൂര്‍ണ വീഡിയോ ചിത്രീകരണം തുടങ്ങിയവ സഹിതമായിരിക്കണം അന്വേഷണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ണാടക എസ് പി. കെ എ അരുണിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തി വരുന്ന അന്വേഷണം ഇക്കാര്യത്തില്‍ അപര്യാപ്തമാണെന്നും അഭിഭാഷക സംഘം തെര്യപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ പ്രതിനിധി നാഗലക്ഷ്മി ചൗധരിയും ആവശ്യപ്പെട്ടിരുന്നു.രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്കും എന്തുപറ്റി? ധര്‍മസ്ഥലയിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നിട്ടും വേണ്ട വിധം റിപോര്‍ട്ട് ചെയ്യാനോ അന്തിച്ചര്‍ച്ചകള്‍ നടത്താനോ ദേശീയ ചാനലുകളൊന്നും താത്പര്യം കാണിക്കുന്നില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറിയാത്ത ഭാവത്തിലുമാണ്. സംഭവം നടന്നത് ഹിന്ദുത്വരുടെ നിയന്ത്രണത്തിലുള്ള കര്‍ണാടകയിലെ പ്രസിദ്ധ ക്ഷേത്രത്തിലായിപ്പോയി. അല്ലെങ്കില്‍ രാജ്യം ഇളകി മറിയുമായിരുന്നില്ലേ? ദ്വിമുഖമാണ് രാജ്യത്തെ നീതിന്യായ സംവിധാനത്തിനെന്ന് മുമ്പ് പല സംഭവങ്ങളിലും ബോധ്യപ്പെട്ടതാണല്ലോ.