ഒരു കാലഘട്ടത്തിന്റെ അസ്തമയം

Wait 5 sec.

കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണ് വി എസിന്റെ ജീവിതം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേര്‍പ്പെടുത്താനാകാത്ത വിധത്തില്‍ കലര്‍ന്നുനില്‍ക്കുന്നു. കേരള സര്‍ക്കാറിനെയും സി പി എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളില്‍ നയിച്ച വി എസിന്റെ സംഭാവനകള്‍ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് വി എസിന്റെ വിയോഗത്തോടെ ഉണ്ടാകുന്നത്. അസാമാന്യമായ ഊര്‍ജവും അതിജീവന ശക്തിയും കൊണ്ട് വിപ്ലവ പ്രസ്ഥാനത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിന്റേത്. തൊഴിലാളി – കര്‍ഷക മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച് പ്രസ്ഥാനത്തിനൊപ്പം വളര്‍ന്ന സഖാവിന്റെ രാഷ്ട്രീയ ജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എളിയ തുടക്കത്തില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ പടവുകളിലൂടെയാണ്.1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ അവശേഷിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് വി എസിന്റെ വിയോഗത്തിലൂടെ അറ്റുപോയത്. ദേശീയ സ്വാതന്ത്ര്യ സമരഘട്ടത്തെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിര്‍ത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിധ്യമാണ് അസ്തമിച്ചുപോയത്. കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി എസ് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. പുന്നപ്ര-വയലാറുമായി പര്യായപ്പെട്ടു നില്‍ക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ജീവിതപശ്ചാത്തലങ്ങള്‍ കടന്നാണ് വളര്‍ന്നുവന്നത്.ഒരു തൊഴിലാളി എന്ന നിലയില്‍ നിന്ന് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്ക് വി എസ് വളരെ വേഗമുയര്‍ന്നു. പാര്‍ട്ടി വി എസിനെയും വി എസ് പാര്‍ട്ടിയെയും വളര്‍ത്തി. 1940ല്‍, 17 വയസ്സുള്ളപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹം അതിദീര്‍ഘമായ 85 വര്‍ഷമാണ് പാര്‍ട്ടി അംഗമായി തുടര്‍ന്നത്. കുട്ടനാട്ടിലേക്കു പോയ സഖാവ് വി എസ് കര്‍ഷകത്തൊഴിലാളികള്‍ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളില്‍ നടന്നുചെന്ന് കര്‍ഷകത്തൊഴിലാളികളുടെ യോഗം വിളിച്ചുചേര്‍ക്കുകയും അവരെ സംഘടിത ശക്തിയായി വളര്‍ത്തുകയും ചെയ്തു. ഭൂപ്രമാണിമാരെയും പോലീസിനെയും വെല്ലുവിളിച്ചു കൊണ്ടായിരുന്നു അത്.വി എസിന്റെ നേതൃത്വത്തില്‍ നടന്ന എണ്ണമറ്റ സമരങ്ങള്‍ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം നിര്‍ത്തലാക്കുന്നതിനും ജോലി സ്ഥിരതക്കും മിച്ചഭൂമി പിടിച്ചെടുക്കുന്നതിനും വേണ്ടി നടന്ന സമരങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. പാടത്തെ വരമ്പുകളിലൂടെ കിലോമീറ്ററുകളോളം നടന്ന്, തൊഴിലാളികളുടെ കുടിലുകളില്‍ കയറിയിറങ്ങി, അവരില്‍ ആത്മവിശ്വാസവും സംഘബോധവും നിറക്കാന്‍ അദ്ദേഹം നടത്തിയ പ്രയത്‌നങ്ങള്‍ അവരെയാകെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു.വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വര്‍ഷത്തിലേറെ തടവുജീവിതം അനുഭവിച്ചു. 1964 മുതല്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗമാണ്. 1985ല്‍ പോളിറ്റ്ബ്യൂറോ അംഗമായി. 1980 മുതല്‍ 92 വരെ സി പി എം സംസ്ഥാന സെക്രട്ടറിയായും 1996 മുതല്‍ 2000 വരെ എല്‍ ഡി എഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. 2015ല്‍ കൊല്‍ക്കത്തയില്‍ നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പ്രായാധിക്യത്തെ തുടര്‍ന്ന് ഒഴിവായി. പിന്നീട് കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി. 2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രി. 2011 മുതല്‍ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ തുടര്‍ന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം സ്വന്തമായ മുദ്രകള്‍ ചാര്‍ത്തിയ നേതാവാണ് അദ്ദേഹം.കര്‍ഷകത്തൊഴിലാളികളുടെയും കയര്‍ത്തൊഴിലാളികളുടെയും ജീവിതദൈന്യം നേരിട്ടറിഞ്ഞിട്ടുള്ള വി എസ്, തന്റെ അനുഭവങ്ങളെ കരുത്താക്കി മാറ്റി. ചൂഷിതരുടെ വിമോചനത്തിനായി നിലകൊണ്ട സഖാവ്, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ആ ദാര്‍ഢ്യത്തോടെ മുന്നോട്ടുനയിച്ചു.കേവല രാഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയ വിവിധങ്ങളായ മേഖലകളില്‍ വി എസ് വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാര്‍ട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് വി എസ് ഉയര്‍ന്നത്. മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്ക് സാമൂഹിക പ്രാധാന്യമുള്ള ഇതര കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതില്‍ വലിയ പങ്കാണ് വി എസ് വഹിച്ചത്.നിയമസഭാ സാമാജികന്‍ എന്ന നിലയിലും അനന്യമായ സംഭാവനകളാണ് വി എസ് നല്‍കിയത്. 1967, 70 എന്നീ വര്‍ഷങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്നും, 1991ല്‍ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 2001 മുതല്‍ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായി. 2016 മുതല്‍ 2021 വരെ കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍, പാര്‍ട്ടിയും മുന്നണിയും ആവിഷ്‌കരിച്ച നയങ്ങള്‍ നടപ്പാക്കി കേരളത്തെ മുന്നോട്ടു നയിച്ചു. പ്രതിസന്ധികളില്‍ ഉലയാതെ സര്‍ക്കാറിനെ നയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിച്ചു. നിയമനിര്‍മാണ കാര്യങ്ങളിലും തന്റേതായ സംഭാവനകള്‍ നല്‍കി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തനതായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വി എസ്.