പെട്രോളുമായെത്തി ഭാര്യയെ ആക്രമിച്ചയാള്‍ പിടിയില്‍

Wait 5 sec.

കോഴിക്കോട് | കുണ്ടുങ്ങലില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായെത്തി രണ്ടാമത്തെ ഭാര്യയെ ആക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുണ്ടുങ്ങല്‍ സ്വദേശി സികെ നൗഷാദ് ആണ് അറസ്റ്റിലായത്. അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും മുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നും പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലായി. നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഭാര്യയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. മാതാപിതാക്കള്‍ പോയതിന് പിന്നാലെ കത്തികൊണ്ടും മരക്കഷ്ണം കൊണ്ടെല്ലാം ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പിന്നീട് വീട്ടില്‍ നിന്ന് പോയ ഇയാള്‍ രാത്രി പെട്രോള്‍ കുപ്പിയുമായാണ് എത്തിയത്. എന്നാല്‍ വാതിലടച്ചതുകൊണ്ട് മാത്രം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതോടെ യുവതി ഉപയോഗിക്കുന്ന സ്‌കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ചു. ഒരുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.