ലണ്ടൻ | വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) വ്യാഴാഴ്ച ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ ചരിത്രപരമായ കരാർ യാഥാർത്ഥ്യമാക്കിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഈ കരാർ നിർണ്ണായകമാവുമെന്ന് വിലയിരുത്തപ്പെടുന്നു.കരാർ പ്രകാരം, ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതിയുടെയും താരിഫ് പൂർണ്ണമായും ഒഴിവാക്കപ്പെടും. ബ്രിട്ടീഷ് ഉൽപ്പന്നങ്ങളായ വിസ്കി, കാറുകൾ എന്നിവയുൾപ്പെടെയുള്ള 90% ഉൽപ്പന്നങ്ങളുടെയും താരിഫ് ഇന്ത്യ കുറയ്ക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടനിൽ കൂടുതൽ എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതോടെ, നിലവിലെ 60 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030ഓടെ ഇരട്ടിയാക്കാൻ ഈ കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ ഉത്തേജനം ലഭിക്കും. ഉദാഹരണത്തിന്, ബ്രിട്ടീഷ് വിസ്കിയുടെ താരിഫ് 150%ൽ നിന്ന് ഉടനടി 75% ആയും അടുത്ത പത്ത് വർഷത്തിനുള്ളിൽ 40% ആയും കുറയും. ഇത് അന്താരാഷ്ട്ര എതിരാളികളേക്കാൾ ബ്രിട്ടന് ഇന്ത്യൻ വിപണിയിൽ വലിയ നേട്ടം നൽകും.കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, യുകെ ഉൽപ്പന്നങ്ങളുടെ ശരാശരി താരിഫ് 15%ൽ നിന്ന് 3% ആയി കുറയും. സോഫ്റ്റ് ഡ്രിങ്ക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ബ്രിട്ടീഷ് കമ്പനികൾക്ക് കൂടുതൽ എളുപ്പമാകും.ഈ കരാർ ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായി വലിയ കുതിപ്പ് നൽകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് ഇരുരാജ്യങ്ങളിലെയും വ്യവസായ സമൂഹങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുകയും, വ്യാപാര ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ചയാണ് ബ്രിട്ടനിലെത്തിയത്. യുകെ സന്ദർശനത്തിനുശേഷം അദ്ദേഹം മാലിദ്വീപിലേക്കും പോകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധത്തിലെ എല്ലാ വിഷയങ്ങളും, പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ചർച്ചയായി. ചാൾസ് മൂന്നാമൻ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.