റിയാദ് /കാബൂൾ | മുസ്ലിം വേൾഡ് ലീഗ് (എം ഡബ്ല്യു എൽ) സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്ലീം സ്കോളേഴ്സ് ചെയർമാനുമായ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ അഫ്ഗാൻ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൽ സലാം ഹനഫിയുമായി അഫ്ഗാൻ തലസ്ഥനമായ കാബൂളിൽ കൂടിക്കാഴ്ച നടത്തിയതായി സഊദി വാർത്താ ഏജൻസി റിപോർട്ട് ചെയ്‌തു. കാബൂളിലെ ചാഹർ ചിനാർ കൊട്ടാരത്തിൽ മുതിർന്ന അഫ്ഗാൻ പണ്ഡിതരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച,മുസ്ലിം ജനതയുടെ മനസ്സാക്ഷി, പ്രതീക്ഷകൾ, ആശങ്കകൾ എന്നിവയെയാണ് എം ഡബ്ല്യു എൽ പ്രതിനിധീകരിക്കുന്നതെന്നും എല്ലാവരെയും ഏകീകരിക്കുന്നതും ഉൾക്കൊള്ളുന്ന സ്ഥാപനമായി വർത്തിക്കുന്ന വിവിധ ചിന്താധാരകളിൽ നിന്നുള്ള ഇസ്ലാമിക പണ്ഡിതന്മാരെ അതിന്റെ കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരുകയാണ് ലഷ്യമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. കൂടിക്കാഴ്‌ചയിൽ അഫ്ഗാനിസ്ഥാനിലെ മന്ത്രിമാരും പണ്ഡിതന്മാരും പങ്കെടുത്തു.