കണ്ണേ കരളേ വി എസ്സേ… കേരള രാഷ്ട്രീയത്തിലെ അതികായന് വിട

Wait 5 sec.

കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജൂണ്‍ 23നായിരുന്നു ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടാവുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീർഘനാളായി വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് കഴിഞ്ഞ മാസം ഹൃദയാഘാതമുണ്ടായത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള തൊഴിലാളി സമരങ്ങളുടെ കാലത്തും ജനമനസ്സുകളില്‍ പ്രശോഭിച്ച വ്യക്തി പ്രഭാവമായിരുന്നു വി എസിന്റേത്. വി എസ് തികഞ്ഞ രാഷ്ട്രീയ ധാരണയുള്ള ഒരു ജനനേതാവായി വളര്‍ന്ന് വികസിച്ച് ജനങ്ങളെ തന്നോടൊപ്പവും അതുവഴി പാര്‍ട്ടിയോടൊപ്പവും ചേര്‍ത്തുപിടിച്ചു.Read Also: സമരാഗ്നിയില്‍ ജ്വലിച്ച വി എസ്; കേരള ചരിത്രത്തില്‍ മായാത്ത രണ്ടക്ഷരം1923 ഒക്ടോബര്‍ 20-ാം തീയതി ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് ജനിച്ചത്. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിറുത്തേണ്ടിവന്നു. തുടര്‍ന്ന് മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കുനിന്നു. അതിനുശേഷം കയര്‍ ഫാക്ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചു.കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടത്. പി കൃഷ്ണപിള്ളയുടെ ഉപദേശമനുസരിച്ചായിരുന്നു വി എസ് കുട്ടനാടന്‍ മേഖലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും അവിടെനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും എത്തിച്ചേരുകയായിരുന്നു.അമേരിക്കന്‍ മോഡലിനുവേണ്ടിയുള്ള സര്‍ സി പി രാമസ്വാമി അയ്യരുടെ കാഴ്ചപ്പാടിനെതിരായി ആലപ്പുഴയില്‍ നടന്ന പുന്നപ്ര- വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ മുന്‍നിരയില്‍ വി എസ് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് 1946 ഒക്ടോബര്‍ 28-ാം തീയതി പൊലീസ് പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ വെച്ച് ഭീകരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. മര്‍ദ്ദനത്തിനിടെ തോക്കിന്റെ ബയണറ്റ് കാല്‍വെള്ളയില്‍ ആഴ്ന്നിറങ്ങി. ഇത്തരം അനേകം കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അഞ്ചുവര്‍ഷവും ആറുമാസവും ജയില്‍ ജീവിതവും നാലര വര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്.1967 ലെ സര്‍ക്കാര്‍ പാസ്സാക്കിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കാന്‍ വമ്പിച്ച പ്രക്ഷോഭം ഉയര്‍ത്തേണ്ടിവന്നു. 1970-ല്‍ സുപ്രസിദ്ധമായ ആലപ്പുഴ പ്രഖ്യാപനത്തിലൂടെ ഈ നിയമം പാസ്സാക്കാനുള്ള പോരാട്ടം പ്രഖ്യാപിക്കപ്പെട്ടു. ആ സമരത്തിന്റെ നേതൃനിരയില്‍ നിന്ന സഖാവായിരുന്നു വി എസ്. എണ്ണമറ്റ സമരങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവയായിരുന്നു.1938-ല്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. 1940-ലാണ് വി എസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. 1957-ല്‍ അവിഭക്ത പാര്‍ട്ടിയുടെ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പറായി. 1964-ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 അംഗങ്ങളില്‍ ഒരാളായിരുന്നു വി എസ്. 1980 മുതല്‍ 1992 വരെ സി പി ഐ എം കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു. 1985-ല്‍ പൊളിറ്റ് ബ്യൂറോ അംഗമായി.ദേശാഭിമാനി പത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967, 1970, 1991, 2001, 2006 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 2006 മെയ് 18-ാം തീയതിയായിരുന്നു വി എസ് കേരളത്തിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വി എസിന്‍റെ വേര്‍പാട് രാഷ്ട്രീയത്തിനും കേരളത്തിനും നികത്താന്‍ ക‍ഴിയാത്ത വിടവാണ്.The post കണ്ണേ കരളേ വി എസ്സേ… കേരള രാഷ്ട്രീയത്തിലെ അതികായന് വിട appeared first on Kairali News | Kairali News Live.