തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂടിക്കാഴ്ച.സര്‍വകലാശാലാ വിഷയങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരും രാജ്ഭവനും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയുള്ള കൂടിക്കാഴ്ചക്ക് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഗവര്‍ണര്‍ പൊതുപരിപാടികളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതാണ് ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോരിനു കാരണമായത്. മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പാതയില്‍ തന്നെ സര്‍ക്കാറുമായി കലഹിച്ചു മുന്നോട്ടു പോകാനാണ് ആര്‍ലേക്കറും തയ്യാറാവുകയെന്ന പ്രതീതിയാണ് ഇതു സൃഷ്ടിച്ചത്. ആരിഫ് മുഹമ്മദ് ഖാനെ പോലെ മാധ്യമങ്ങളിലൂടെ സര്‍ക്കാറിനെതിരെ കലഹിക്കുന്നില്ലെങ്കിലും സര്‍ക്കാറിന്റെ സുഗമമായ പോക്കിന് വിഘാതമാവുന്ന നിലയിലേക്കാണ് ആര്‍ലേക്കറും നീങ്ങുന്നത്.സര്‍വകലാശാലാ വിഷയങ്ങളില്‍ സമവായം കണ്ടെത്താനാണ് ഇന്നത്തെ കൂടിക്കാഴ്ചയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള, സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്.കേരള സര്‍വകലാശാലാ വി സി നിയമനം, താല്‍ക്കാലിക വി സിമാരുടെ നിയമനം, സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്.സ്ഥിരം, താത്കാലിക വിസിമാരുടെ നിയമനം, കേരള സര്‍വകലാശാലയിലെ വിസി-രജിസ്ട്രാര്‍ തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. സംസ്ഥാനത്തെ 14 സര്‍കലാശാലകളില്‍ 13ലും സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലാത്ത ഗുരുതര പ്രതിസന്ധിയാണുള്ളത്. ഇതിനുള്ള പരിഹാര ഫോര്‍മുല ഗവര്‍ണര്‍-മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞേക്കും.