ബെയ്‌റൂത്തില്‍ ബഹ്‌റൈന് സ്ഥിരം എംബസി

Wait 5 sec.

 മനാമ: ബെയ്‌റൂത്തില്‍ ബഹ്‌റൈന്‍ സ്ഥിരം എംബസി സ്ഥാപിക്കാന്‍ തീരുമാനിച്ചതായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അറിയിച്ചു. ലെബനീസ് പ്രസിഡന്റ് ജോസഫ് ഔണിന്റെ ഔദ്യോഗിക ബഹ്‌റൈന്‍ സന്ദര്‍ശന വേളയില്‍ ഹമദ് രാജാവുമായി ഗുദൈബിയ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് എംബസി സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.2021 ഒക്ടോബറില്‍ ലെബനാനും നിരവധി ഗള്‍ഫ് രാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര തര്‍ക്കങ്ങളെത്തുടര്‍ന്ന് ബഹ്റൈന്‍ ബെയ്റൂത്തിലെ എംബസി അടച്ചിരുന്നു. കൂടിക്കാഴ്ചയില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും സന്നിഹിതനായിരുന്നു. എംബസി സ്ഥാപിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ദൃഢമാകുമെന്ന് ഹമദ് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.രാജാവിന്റെ പേഴ്സനല്‍ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ, മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാനും യുവജന, കായിക സുപ്രീം കൗണ്‍സില്‍ ഒന്നാം വൈസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.പരസ്പര സൗഹൃദവും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സഹകരണവും ഇരുരാജ്യങ്ങളും ഉറപ്പിച്ചു. ലെബനാനോടും അവിടുത്തെ ജനങ്ങളോടും ഹമദ് രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ സ്വീകരിച്ച മാന്യമായ നിലപാടുകള്‍ക്കും ലെബനാന്റെ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കുള്ള പിന്തുണയ്ക്കും പ്രസിഡന്റ് ഔണ്‍ നന്ദി രേഖപ്പെടുത്തി. The post ബെയ്‌റൂത്തില്‍ ബഹ്‌റൈന് സ്ഥിരം എംബസി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.