സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നഷ്ടം; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു

Wait 5 sec.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത 3 മണിക്കൂറില്‍ മഴയും ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. മധ്യ വടക്കന്‍ ജില്ലകളിലാണ് വ്യാപകമഴയ്ക്ക് സാധ്യത.വടക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ പാതിയും, വടക്കന്‍ ഛത്തീസ്ഗഡിനും ജാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കാസര്‍ഗോഡ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുകളില്‍ മരം വീണു.കൊന്നക്കാട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സിനു മുകളിലേക്ക് ആണ് മരം വീണത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്.കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കളമശ്ശേരിയില്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പരിസരത്തും ശക്തമായ മഴയാണ്. കാലാവര്‍ഷം ശക്തി പ്രാപിച്ചതിനെതുടര്‍ന്ന് പെരിയാറിലെ നീരോഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ബാറേജില്‍ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തി ഒഴുക്കിവിടുന്നതാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത് .കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഗടഋആ യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. The post സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നഷ്ടം; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു appeared first on Kairali News | Kairali News Live.