*പുരസ്‌കാര നിർണ്ണയത്തിനുള്ള സ്‌ക്രീനിംഗ് സെപ്. 10 മുതൽ*പുരസ്‌കാര വിതരണ ചടങ്ങ് 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംകാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകൾ വിദഗ്ധ സമിതി വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യത്തിന്റെ കലവറയായി പച്ചത്തുരുത്തുകളെ മാറ്റാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 1272.89 ഏക്കറിലായി നിലവിലുള്ള 4030 പച്ചത്തുരുത്തുകളിൽ ജില്ലാ തലത്തിൽ നടന്ന വിലയിരുത്തലുകളിൽ മുന്നിലെത്തിയ പച്ചത്തുരുത്തുകൾ അടിസ്ഥാനമാക്കി വിദഗ്ധ സമിതിയുടെ മുന്നിൽ നടത്തുന്ന സ്‌ക്രീനിംഗ് സെപ്. 10 തിരുവനന്തപുരത്ത് ആരംഭിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷൻ, പത്തനംതിട്ട ജില്ലയിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിൽ മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ലയിൽ കല്ലറ ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലയിൽ വരവൂർ ഗ്രാമപഞ്ചായത്ത്, പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലയിൽ പെരുന്തൽമണ്ണ നഗരസഭ, കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷൻ, വയനാട് ജില്ലയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലയിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്, കാസർഗോഡ് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടും മൂന്നും സ്ഥാനത്തെത്തിയ പച്ചത്തുരുത്തുകളും സ്‌ക്രീനിംഗിന് എത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിനു പുറമേ സ്‌കൂളുകൾ കോളേജുകൾ, സ്ഥാപനങ്ങൾ, കാവുകൾ, കണ്ടൽത്തുരുത്തുകൾ, മുളന്തുരുത്തുകൾ, ദേവഹരിതം എന്നീ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നൂം സ്ഥാനത്തെത്തിയ പച്ചത്തുരുത്തുകളും സ്‌ക്രീനിംഗിന് എത്തുന്നുണ്ട്.സംസ്ഥാനതലത്തിൽ മികച്ചവയായി തിരഞ്ഞെടുക്കപ്പെടുന്നവയ്ക്കും ജില്ലാതല പുരസ്‌കാര ജേതാക്കൾക്കും സെപ്റ്റംബർ 16ന് തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. അന്നേ ദിവസം രാവിലെ 10 മണിമുതൽ നടത്തുന്ന ടെക്‌നിക്കൽ സെഷനിൽ പുരസ്‌കാര ജേതാക്കളുടെ അനുഭവ അവതരണങ്ങൾ നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. ജനപ്രതിനിധികളും പരിസ്ഥിതി ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ സംഘടിപ്പിച്ചു വരുന്ന ഒരുകോടി തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിനിൽ 60 ലക്ഷം തൈ നട്ടതിന്റെ പ്രഖ്യാപനം, വിവിധ പുസ്തകങ്ങളുടെ പ്രകാശനം എന്നിവകൂടി ഉണ്ടാകുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണും നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററുമായ ഡോ. ടി.എൻ. സീമ അറിയിച്ചു.