തിരുവനന്തപുരം | സംസ്ഥാനത്ത് ഉയര്‍ന്നുവന്ന പോലീസ് അതിക്രമണങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതു മുന്നണിയോഗത്തില്‍ വിശദമാക്കി. പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിവാദങ്ങള്‍ ഉയര്‍ന്ന ശേഷം മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണ് മുന്നണി യോഗത്തില്‍ ഉണ്ടായത്.40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളില്‍ വിശദീകരണം നടത്തിയത്. ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പോലീസ് അതിക്രമങ്ങളില്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ടി പി രാമകൃഷ്ണന്‍ ചോദിച്ചു.ഏതെങ്കിലും ഒരു പോലീസുകാരനെതിരെ യുഡി എഫ് നടപടി എടുത്തിട്ടില്ല. പോലീസ് സമീപനം തന്നെ ഇപ്പോള്‍ മാറിയിട്ടുണ്ട്. തെറ്റുകാരായ നിരവധി പോലീസുകാര്‍ സര്‍വീസുകളില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. പഴയ കേസുകള്‍ ആണെങ്കിലും ആരോപണം വ്യക്തമായപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തു. ലോക്കപ്പുകള്‍ മര്‍ദ്ദന കേന്ദ്രങ്ങള്‍ ആക്കാനോ പോലീസ് നടപടികളെ ന്യായീകരിക്കാനോ ഇടതു മുന്നണി അനുവദിക്കില്ലെന്നും ടി പി രാമകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാറിനെതിരെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടൊന്നും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് യാതൊരു കോട്ടവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.