പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ്; സി എം ഡി, എന്‍ ഡി പി ആര്‍ ഇ എം പരിശീലന പരിപാടി 18ന് പത്തനംതിട്ടയില്‍

Wait 5 sec.

പത്തനംതിട്ട | പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്‌സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റും (സി എം ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എന്‍ ഡി പി ആര്‍ ഇ എം പരിശീലന പരിപാടി സെപ്തംബര്‍ 18ന് പത്തനംതിട്ടയില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പത്തനംതിട്ട വൈ എം സി എ ഹാളില്‍ (കോളജ് റോഡ്) രാവിലെ 9.30 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍ ഡി പി ആര്‍ ഇ എം).ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാകുന്നതാണ് പരിശീലനം. വിശദ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റ് ഹെല്‍പ്പ് ഡെസ്‌ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍ ഡി പി ആര്‍ ഇ എം പദ്ധതി.താത്പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്‌സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍ ഡി പി ആര്‍ ഇ എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.