യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

Wait 5 sec.

ദുബൈ | യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തി. സെപ്റ്റംബറിൽ അവധിക്കാലം അവസാനിച്ചതും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതും വിമാന ഇന്ധനച്ചെലവ് കുറച്ചതുമാണ് നിരക്ക് കുറയാൻ പ്രധാന കാരണം. മെയ്-ജൂലൈ മാസങ്ങളിൽ ഏകദേശം 1,600-1,750 ദിർഹം ആയിരുന്ന ടിക്കറ്റുകളുടെ ശരാശരി വില സെപ്റ്റംബറിൽ ഏകദേശം 1,200 ദിർഹമായി കുറഞ്ഞു. ഇത് ഏകദേശം 25-31 ശതമാനം കുറവാണ് കാണിക്കുന്നതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.സെപ്തംബറിൽ നവരാത്രി, ഒക്ടോബറിൽ ദീപാവലി, സൗദി ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങൾക്കായി യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിന് മുൻപ് പരമാവധി സീറ്റുകൾ നിറയ്ക്കാൻ വിമാനക്കമ്പനികൾ ഇപ്പോൾ പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നത് വിമാന ടിക്കറ്റ് നിരക്കുകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നുണ്ട്. 2025-ന്റെ അവസാന പാദത്തിൽ എണ്ണവില ബാരലിന് 58 ഡോളറായി കുറയാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.റമസാൻ മാസവും സെപ്റ്റംബർ പകുതിക്ക് ശേഷമുള്ള സമയവുമാണ് സാധാരണയായി ഏറ്റവും കുറഞ്ഞ നിരക്കുകൾ ഉണ്ടാകാറുള്ളതെന്ന് ട്രാവൽ കൺസൾട്ടന്റുകൾ പറയുന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങളിലും ടിക്കറ്റ് നിരക്ക് കുറയാറുണ്ട്. സ്കൂൾ അവധി കഴിഞ്ഞ് യാത്രക്കാർ മടങ്ങുന്നതിനാൽ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 800-1000 ദിർഹം വരെ കുറവുണ്ടായിട്ടുണ്ട്. ചില റൂട്ടുകളിൽ ഇത് 25 ശതമാനം വരെയാണ്.എങ്കിലും, യുകെ, ജർമ്മനി പോലുള്ള രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്തതിനാൽ അവിടേക്കുള്ള ടിക്കറ്റ് നിരക്കുകൾ 10-15% മാത്രമാണ് കുറഞ്ഞത്. നവംബർ പകുതിയോടെ ഉത്സവ സീസണുകൾ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.