ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Wait 5 sec.

തിരുവനന്തപുരം | ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍, ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന സംഗമത്തിന് കൊച്ചിയോ കോഴിക്കോടോ വേദിയാകും. മുസ്‌ലിം-ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 1,500 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം.‘കേരളം -വിഷന്‍ 2031’ എന്ന സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായാണ് സംഗമം ഒരുക്കുന്നത്. ന്യൂനപക്ഷ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രബന്ധാവതരണവും ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടത്തും. ന്യൂനപക്ഷ ക്ഷേമം, ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങള്‍ എന്നിവക്കൊപ്പം ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളും സംഗമത്തില്‍ ചര്‍ച്ചയാകും.എന്നാല്‍, ‘കേരളം -വിഷന്‍ 2031’ എന്ന പേരില്‍ സെമിനാര്‍ മാത്രമാണ് എറണാകുളത്ത് നടത്തുന്നതെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. അത് ന്യൂനപക്ഷ സംഗമം അല്ല. ഒക്ടോബറില്‍ വിവിധ വിഷയങ്ങളിലായി മന്ത്രിമാരുടെ നേതൃത്വത്തില്‍ 33 സെമിനാറുകള്‍ സംഘടിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. 2031ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.