തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നിയമനം നടത്തുന്നതിന് മുന്‍പ് പ്രവേശന പരീക്ഷ നടത്തും എന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ മന്ത്രി അത് പിന്‍വലിക്കുകയായിരുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ഈ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു മന്ത്രി പങ്കുവച്ചിരുന്ന പോസ്റ്റില്‍ കുറിച്ചിരുന്നത്.‘സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റിന് ആണെങ്കിലും അപ്പോയിമെന്റിന് മുന്‍പ് ഒരു പ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഈ നടപടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്നാണ് ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ ശിവന്‍കുട്ടി കുറിച്ചിരുന്നത്. വി ശിവൻകുട്ടി പിൻവലിച്ച ഫേസ്ബുക്ക് പോസ്റ്റ്അധ്യാപക അവാര്‍ഡ് വിതരണം ചെയ്യുന്നതിനിടെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെക്കുറിച്ചും അധ്യാപകരുടെ ഉത്തരവാദിത്വത്തെ കുറിച്ചും മന്ത്രി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്, എന്നാൽ മിനിട്ടുകൾക്കുള്ളിൽ അത് പിൻവലിക്കുകയും ചെയ്തു.