കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ നരഹത്യ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിന്റെ ഷൂ തെരച്ചിലില്‍ കണ്ടെത്തി. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപമുള്ള ചതുപ്പില്‍ നടത്തിയ പരിശോധനയിലാണ് ഷൂ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റെ വുഡ്ലാന്‍ഡ് ഷൂ ചതുപ്പില്‍ നിന്ന് എലത്തൂര്‍ പൊലീസ് കണ്ടെത്തിയത്. ഷൂ വിജിലിന്റേതാണെന്ന് രണ്ടു പ്രതികളും സമ്മതിച്ചു. കഴിഞ്ഞ ആഴ്ച സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് മഴയെ തുടര്‍ന്ന് ചതുപ്പില്‍ രണ്ട് മീറ്റര്‍ പൊക്കത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. കണ്ടെത്തിയ ഷൂ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് എലത്തൂര്‍ SHO രഞ്ജിത് പറഞ്ഞു.പരിശോധന നാളെയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 2019 മാര്‍ച്ചിലാണ് വിജിലിനെ കാണാതായത്. ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചെന്നും പിന്നീട് സരോവരത്ത് ചതുപ്പില്‍ മൃതദേഹം കെട്ടിത്താഴ്ത്തി എന്നുമാണ് പ്രതികളുടെ മൊഴി. നിലവില്‍ മൂന്നു പേരാണ് കേസിലെ പ്രതികള്‍. ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. രണ്ടാം പ്രതി രഞ്ജിത്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.