864 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചു. കുഴികള്‍ നികത്തി റോഡുകള്‍ വൃത്തിയാക്കിയും ബാരിക്കേഡുകളും കമാനങ്ങളും ഉയര്‍ത്തിയും ദിവസങ്ങള്‍ക്കു മുമ്പേ സംസ്ഥാന ഭരണകൂടം ഉത്സവ പ്രതീതിയോടെ പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു. പരസ്പരം കൊല്ലും കൊലവിളികളും നടത്തിയിരുന്ന മെയ്തെയ്, കുകി വിഭാഗങ്ങളിലെ ചില സംഘടനകള്‍ കരിങ്കൊടി ഉയര്‍ത്തിയും അല്ലാതെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. കരിങ്കൊടി പ്രകടനം നടത്തിയത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മെയ്തെയ് വനിതകളായിരുന്നു. വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജന സംഘടനയും പ്രതിഷേധം സംഘടിപ്പിച്ചു. അവര്‍ ബാരിക്കേഡുകള്‍ക്കും മറ്റും തീയിട്ടു. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്, ഇരകളായവര്‍ക്ക് സ്വീകാര്യമായ രാഷ്ട്രീയ തീരുമാനം നരേന്ദ്ര മോദിയില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മണിപ്പൂരിലെ ജനങ്ങളേക്കാള്‍ സ്വന്തം പാര്‍ട്ടിയായ ബി ജെ പിയുടെ നിലനില്‍പ്പ് ലക്ഷ്യമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനമെന്ന ആരോപണം ഉയരുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന രണ്ട് സീറ്റും ബി ജെ പിക്ക് നഷ്ടപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് 2027ലാണ്. അപ്പോഴേക്കും പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. മണിപ്പൂര്‍ പ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കുറെ പേര്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ ചേരുകയുണ്ടായി.നിയമസഭാ തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമാക്കി നേരത്തേ പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്തും തറക്കല്ലിട്ടും റിബണ്‍ മുറിച്ചും സാരോപദേശ പ്രസംഗം നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുപോകുകയാണ് ഉണ്ടായത്. സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിച്ച അന്യവത്കരണത്തിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രിക്ക് സാധിക്കാതെ പോയി.കുകി ആധിപത്യമുള്ള ചുരാചന്ദ്പൂരിലും മെയ്തെയ് ശക്തികേന്ദ്രമായ ഇംഫാലിലും പൊതു പരിപാടികളില്‍ മോദി പങ്കെടുത്തു. എന്നാല്‍ തന്റെ സന്ദര്‍ശനങ്ങളില്‍ പ്രധാനമന്ത്രി സാധാരണ പ്രകടിപ്പിക്കാറുള്ള വാചാടോപം രണ്ടിടത്തും ആവര്‍ത്തിച്ചു. 2023 മേയില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മോദി മണിപ്പൂരില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ 28 മാസം കലാപവും രാഷ്ട്രീയ സ്തംഭനവും കരി നിഴല്‍ വീഴ്ത്തിയ മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാട് വിമര്‍ശിക്കപ്പെട്ടിരുന്നു. 250ലധികം പേര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയുമുണ്ടായി.2023 മാര്‍ച്ച് 27ന് മണിപ്പൂര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് മെയ്തെയ് സമൂഹത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കുകി സമൂഹത്തില്‍പ്പെട്ട മണിപ്പൂരിലെ ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമായി. തുടര്‍ന്ന് കുകി, മെയ്തെയ് സമുദായങ്ങള്‍ക്കിടയില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടു. നിരവധി പേര്‍ കൊല്ലപ്പെട്ടു. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് തീയിട്ടു.സംസ്ഥാനത്തെ മിക്ക ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി, സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിക്കേണ്ടിവന്നു. ഈ സംഘര്‍ഷത്തിന്റെ മൂലകാരണം മെയ്തെയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യമായിരുന്നു. എന്നാല്‍ കുകി സമുദായം ഇതിനെ എതിര്‍ത്തു. മെയ്തെയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന വിധി 2024 ഫെബ്രുവരിയില്‍ ഹൈക്കോടതി സ്വമേധയാ റദ്ദാക്കിയെങ്കിലും അക്രമത്തിന് അയവ് വന്നില്ല. അക്രമം ഭയന്ന് നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മിസോറാം പോലുള്ള അയല്‍ സംസ്ഥാനങ്ങളിലും അഭയം തേടി.മേയ് അവസാനം ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അവകാശപ്പെട്ടെങ്കിലും അക്രമം തുടര്‍ന്നുകൊണ്ടിരുന്നു. 2023 ജൂലൈയില്‍ കുകി സമുദായത്തിലെ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നത് രാജ്യത്തെ ഞെട്ടിച്ചു. തോബാല്‍ ജില്ലയിലാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.ഈ സംഭവം രാജ്യമാകെ വിമര്‍ശിക്കപ്പെട്ടുവെങ്കിലും സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ അക്രമികളായ മെയ്തെയ്കളെ സംരക്ഷിക്കുന്ന നിലപാടിലായിരുന്നു. മ്യാന്‍മാറില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരിലും ലഹരി വില്‍പ്പനക്കാരിലും സംസ്ഥാന സര്‍ക്കാര്‍ കുറ്റം ആരോപിച്ചുകൊണ്ടിരുന്നു. കലാപം തുടങ്ങി രണ്ട് മാസവും പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി, പക്ഷേ രാജ്യത്തെ ഞെട്ടിച്ച ഈ സംഭവത്തെ തുടര്‍ന്ന് ആദ്യമായി പ്രതികരിച്ചു. തന്റെ ഹൃദയം വേദനയാല്‍ നിറഞ്ഞിരിക്കുന്നു എന്നും കുറ്റവാളികളെ വെറുതെ വിടില്ല എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പറഞ്ഞു. എന്നാല്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഭീഷണിയില്‍ നിന്ന് മുക്തരായില്ല. അക്രമികള്‍ പോലീസ് സ്റ്റേഷനുകള്‍ കൈയേറി ആയുധങ്ങള്‍ കൈക്കലാക്കി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങളുമായി പരസ്പരം നേരിട്ടു. എതിര്‍ ഗോത്രങ്ങളെ ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ചാണ് നേരിട്ടത്. ഇരു ഗോത്രക്കാരും തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മറുവിഭാഗത്തിന് വിലക്കേര്‍പ്പെടുത്തി. ഇതു കാരണം ശവസംസ്‌കാരം നടത്താന്‍ പോലും സാധിക്കാതെ വന്നു.കഴിഞ്ഞ നവംബറില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ 10 ആദിവാസി യുവാക്കളെ വെടിവച്ച് കൊലപ്പെടുത്തിയത് അക്രമം ആളിക്കത്തിച്ചു. മണിപ്പൂര്‍ സംഭവത്തിന്റെ പേരില്‍ വിദേശ രാഷ്ട്രങ്ങള്‍ പോലും മോദി സര്‍ക്കാറിനെ കുറ്റപ്പെടുത്തി. 2024 ഏപ്രിലില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റില്‍, മണിപ്പൂരിലെ സംഭവം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമത്തിന്റെ തുടര്‍ച്ചയാണെന്ന രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആശങ്ക ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയെ അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ പാര്‍ലിമെന്റില്‍ പറയുകയുണ്ടായി. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തോന്നിയില്ല.ഇതിനിടെ സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാറിനുള്ള പിന്തുണ സഖ്യകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) പിന്‍വലിച്ചു. 2025 ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭ ചേരാന്‍ നിശ്ചയിച്ചതിന്റെ തലേദിവസം ബീരേന്‍ സിംഗ് രാജിവെക്കുകയായിരുന്നു. അവിശ്വാസ പ്രമേയത്തെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എം എല്‍ എമാര്‍ പിന്തുണക്കുമെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ബിരേന്‍ സിംഗിന് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താന്‍ ബി ജെ പി ശ്രമം നടത്തിയെങ്കിലും സമവായത്തില്‍ എത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 13ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ആറ് മാസം പിന്നിട്ടെങ്കിലും കലാപത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനോ പരസ്പരം കലഹിക്കുന്നവരെ ഒരുമപ്പെടുത്താനോ സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ അവസ്ഥക്ക് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ കൊണ്ട് സന്ദര്‍ശനം അവസാനിപ്പിച്ച പ്രധാനമന്ത്രി നിവേദനവുമായി ചെന്ന എം എല്‍ എമാരെയോ മറ്റു ജനപ്രതിനിധികളെയോ കാണാന്‍ പോലും തയ്യാറായില്ല. അതിലുള്ള സംതൃപ്തി പുരാചന്ദ്പൂരിലെ ബി ജെ പി. എം എല്‍ എ പവോലിന്‍ലാല്‍ തുറന്നുപറയുകയുണ്ടായി. ഇദ്ദേഹം കുകി സമുദായ നേതാവ് കൂടിയാണ്. കലാപത്തില്‍ ഏറ്റവും കൂടുതല്‍ ജീവാപായവും വസ്തുവകകളും നഷ്ടപ്പെട്ടത് കുകി സമുദായത്തിനാണ്. പ്രധാനമന്ത്രി പുനരധിവാസത്തിന് 500 കോടി രൂപ പ്രഖ്യാപിക്കുകയുണ്ടായി. കലാപ ബാധിതര്‍ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഏക സഹായ പദ്ധതി ഇതാണ്. 280 പുനരധിവാസ ക്യാമ്പുകളിലായി 60,000ത്തോളം പേര്‍ കഴിയുന്നുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി ഇവരുടെ പുനരധിവാസത്തിന് പര്യാപ്തമല്ല. അതുപോലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യം നില്‍ക്കുകയാണ്. താഴ് വരയിലെ ജനങ്ങള്‍ക്കും (മെയ്തെയ്) കുന്നിന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്കും (കുകി) സ്വന്തം സ്ഥലം വിട്ട് സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കുന്നിന്‍ പ്രദേശത്തെ ദേശീയ പാത കുകികള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ദേശീയ പാത തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായിരുന്നു. പ്രധാനമന്ത്രി അതേക്കുറിച്ച് മിണ്ടിയില്ല.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലുണ്ടാക്കിയ സാഹചര്യത്തില്‍ മണിപ്പൂരിന്റെ ഭാവിയില്‍ ആശങ്ക പടരുകയാണ്. പ്രധാനമന്ത്രി തിരിച്ചുപോയി 24 മണിക്കൂര്‍ തികയുന്നതിനു മുമ്പേ ചരാന്ദ്പൂര്‍ ജില്ലാ ആസ്ഥാനം അക്രമികള്‍ കൈയടക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് തീയിട്ട കേസില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ചരാന്ദ്പൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. നഗരത്തിലെ കടകള്‍ സംഘം നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. പോലീസുകാര്‍ക്ക് നേരെ കല്ലേറും നടന്നു. പോലീസ് വെടിവെപ്പ് നടത്തിയെങ്കിലും അക്രമികളെ പിന്തിരിപ്പിക്കാനായില്ല.