* പാലക്കാട് ജില്ലാ റവന്യൂ അസംബ്ലിഭൂമി തരംമാറ്റം നടപടികൾ സുതാര്യമായും വേഗതയിലും പൂർത്തീകരിക്കാൻ വകുപ്പുതലത്തിൽ തീവ്ര ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. ഒക്ടോബറിൽ തരംമാറ്റം സംബന്ധിച്ച പ്രത്യേക അദാലത്തുകൾ നടത്തുമെന്നും പാലക്കാട് ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.പട്ടയ വിതരണത്തിൽ പാലക്കാട് ജില്ല വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. നിലവിൽ 28,994 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ജില്ലയിലെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് എംഎൽഎമാർ ജില്ലയിലെയും മണ്ഡലങ്ങളിലെയും പൊതുവിഷയങ്ങൾ അവതരിപ്പിച്ചു.അന്തിമ നടപടിക്രമങ്ങൾ പൂർത്തിയാക്കി 9(2) വിജ്ഞാപനം പുറപ്പെടുവിച്ചാൽ തൃത്താലയെ ഡിജിറ്റൽ റീ സർവെ സമ്പൂർണമായി പൂർത്തികരിച്ച മണ്ഡലമായി പ്രഖ്യാപിക്കാനാവുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വികസന പദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്നും തൃത്താല എംഎൽഎ കൂടിയായ തദ്ദേശ മന്ത്രി റവന്യൂ അസംബ്ലിയിൽ ചൂണ്ടിക്കാട്ടി.നേരത്തേ തമിഴ്‌നാടുകാരായിരുന്ന, നിലവിൽ കേരളത്തിൽ സ്ഥിരതാമസക്കാരായ നിരവധി കുടുംബങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അസംബ്ലിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.ഇത് സംസ്ഥാനത്തെ അതിർത്തി പങ്കിടുന്ന ജില്ലകളിലാകെ ബാധിച്ചിട്ടുള്ള വിഷയമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. റവന്യൂ വകുപ്പിന് ചട്ടപ്രകാരം സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള അധികാരം മാത്രമാണുള്ളത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സർക്കാരിന് വീണ്ടും കത്ത് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചില വിഷയങ്ങളിൽ പട്ടിക ജാതി/വർഗ വകുപ്പുമായി ബന്ധപ്പെട്ട നടപടികളുടെ തീർപ്പുകൾ കൂടി വരുന്നതോടെ പരിഹാരം കാണാനാവുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.എംഎൽഎമാരായ കെ ഡി പ്രസേനൻ, കെ ബാബു (നെന്മാറ), എൻ ഷംസുദ്ദീൻ, എ പ്രഭാകരൻ, പി മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിൻ, കെ പ്രേംകുമാർ, പി പി സുമോദ് എന്നിവരും റവന്യൂ, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു കെ, റവന്യൂ അഡീഷണൽ സെക്രട്ടറി എ ഗീത, സർവെ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ കെ മീര തുടങ്ങിയവരും പങ്കെടുത്തു.