വൈ.ഐ.പി-ശാസ്ത്രപഥം എട്ടാം പതിപ്പിൽ വിദ്യാർഥികളുടെ രജിസ്ട്രേഷനും ആശയസമർപ്പണവും സെപ്റ്റംബർ 14 നു പൂർത്തിയായി. സംസ്ഥാനത്തെ ഹൈസ്‌കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികളാണ് യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിൽ (വൈ.ഐ.ഡി) പങ്കെടുക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, വി എച്ച് എസ് ഇ സ്‌കൂളുകളിൽ പൊതു വിദ്യാഭ്യസ വകുപ്പ്, കെ-ഡിസ്ക്, എസ്.എസ്.കെ എന്നിവർ ചേർന്നാണ് പ്രസ്തുത പരിപാടി നടപ്പിലാക്കി വരുന്നത്.സംസ്ഥാനത്തൊട്ടാകെ വിവിധ സ്‌കൂളുകളിൽ നിന്ന് 16,976 വിദ്യാർഥി ടീമുകൾ ആശയങ്ങൾ സമർപ്പിച്ചു. 2,82,113 വിദ്യാർഥികൾ ഈ പരിപാടിയുടെ ഭാഗമായി രജിസ്റ്റർ ചെയ്യുകയുണ്ടായി. 3,017 ആശയങ്ങൾ സമർപ്പിച്ചുകൊണ്ട് തുടർച്ചയായി രണ്ടാം തവണയും കൊല്ലം ജില്ല ചാമ്പ്യന്മാരായി. ബി.ആർ.സി വിഭാഗത്തിൽ 797 ആശയങ്ങൾ സമർപ്പിച്ചുകൊണ്ട് നിലമ്പൂർ ബി.ആർ.സി (മലപ്പുറം ജില്ല) ഒന്നാംസ്ഥാനം കരസ്ഥമാക്കി. പൊതു വിദ്യാഭ്യസവകുപ്പിനു കീഴിലുള്ള സ്‌കൂൾ വിഭാഗത്തിൽ 708 ആശയങ്ങൾ സമർപ്പിച്ചുകൊണ്ട് എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ (കണ്ണൂർ ജില്ല) ഒന്നാംസ്ഥാനം കരസ്ഥമാക്കി. സി.ബി.എസ്.ഇ – ഐ.സി.എസ്.ഇ സ്‌കൂൾ വിഭാഗത്തിൽ 73 ആശയങ്ങൾ സമർപ്പിച്ചുകൊണ്ട് ജവഹർ നവോദയ നേരിമംഗലം (എറണാകുളംജില്ല) ഒന്നാംസ്ഥാനം കരസ്ഥമാക്കി. സമർപ്പിച്ച ആശയങ്ങളുടെ വിവിധ ഘട്ടത്തിലുള്ള മൂല്യനിർണയങ്ങൾ തുടർന്ന് നടത്തും.യങ് ഇന്നൊവേറ്റർസ് പ്രോഗ്രാം സ്‌കൂൾ വിഭാഗം സംസ്ഥാന തല വിജയികൾക്ക് ഗ്രേസ് മാർക്കായി പത്ത് മാർക്ക് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവാക്കുകയുണ്ടായി. നിലവിലെ സ്‌കൂൾ ശാസ്ത്രമേളയ്ക്ക് സമാനമായാണിത്. ഈ പരിപാടിയിലൂടെ രണ്ട് അല്ലെങ്കിൽ മൂന്നംഗ വിദ്യാർഥി ടീമുകൾ യഥാർത്ഥ ലോക പ്രശ്ന പരിഹാരത്തിനുള്ള ആശയങ്ങൾ സമർപ്പിക്കുന്നു. മൂന്നു തലത്തിലെ മൂല്യനിർണ്ണയത്തിലൂടെ കണ്ടെത്തുന്ന സംസ്ഥാന വിജയികളായ ടീമുകൾക്ക് പ്രോജക്റ്റ് പൂർത്തിയാക്കാൻ മാർഗ്ഗനിർദ്ദേശവും സാമ്പത്തികസഹായവും നൽകുന്നു.