സമാധാന ചര്‍ച്ചക്ക് എത്തിയ ഹമാസ് നേതാക്കളെയാണ് ദോഹയില്‍ ഇസ്രയേല്‍ ലക്ഷ്യംവെച്ചത്. ഇസ്രയേല്‍ ആക്രമണം കാടത്തമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഹമാസ് പ്രതിനിധി സംഘം നേതാവ് ഖലീല്‍ അല്‍ ഹയ്യയെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. മാഫിയാ സംഘങ്ങള്‍ ചര്‍ച്ചക്ക് വിളിച്ചുവരുത്തി വകവരുത്തുന്നത് സിനിമകളിലുണ്ട്. അതുപോലെയുള്ള ഒന്നാണ് ഇതെന്നും സമാധാന ചര്‍ച്ചക്ക് എത്തുന്ന സംഘത്തെ വകവരുത്തുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും വിദേശകാര്യ വിദഗ്ധന്‍ പി ജെ വിന്‍സെന്‍റ് പറഞ്ഞു. കൈരളി ന്യൂസിലെ ന്യൂസ് ആന്‍ഡ് വ്യൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ടി ടി ഇ വക്താവ് ആന്റണ്‍ ബാലസിങ്കം കോസ്മോപൊളിറ്റന്‍ നഗരമായ ലണ്ടന്‍ കേന്ദ്രീകരിച്ചായിരുന്നു മധ്യസ്ഥ ശ്രമം നടത്തിയിരുന്നത്. അപ്പോള്‍ അവിടെ വെച്ച് വകവരുത്തുന്നത് ചിന്തിക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ദോഹയും ഇതുപോലൊരു കോസ്മോപൊളിറ്റന്‍ നഗരമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ചര്‍ച്ചാവേദിയാകുന്ന സ്ഥലം കൂടിയാണ്. അമേരിക്ക താലിബാനുമായി വര്‍ഷങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നത് ദോഹയില്‍ വെച്ചായിരുന്നു. Read Also: ദോഹയിലെ ഇസ്രയേൽ ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്ര സഭയും ലോകരാജ്യങ്ങളുംനിഷ്പക്ഷ രാജ്യമെന്ന മുഖമാണ് ഖത്തറിനുള്ളത്. ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറയാണ് ഗാസയിലെ വംശഹത്യയുടെ വ്യക്തമായ ചിത്രം ലോകത്തെ അറിയിക്കുന്നത്. ഗാസ പുനര്‍നിര്‍മാണത്തിന് എത്ര പണവും മുടക്കാന്‍ തയ്യാറുള്ള രാജ്യമാണ് ഖത്തര്‍. അതിനാല്‍ ഖത്തറിനെ ആക്രമിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട്. അമേരിക്കന്‍- ഇസ്രയേല്‍ അച്ചുതണ്ടിന്റെ ആക്രമണമാണിത്. കാരണം, അമേരിക്ക അറിയാതെ ഇസ്രയേലിന്റെ ആക്രമണം നടക്കില്ല. അമേരിക്കയുടെ വലിയ സൈനിക താവളം ഖത്തറിലാണ് സ്ഥിതി ചെയ്യുന്നതെന്നും പി ജെ വിന്‍സെന്‍റ് ചൂണ്ടിക്കാട്ടി.2023 ഒക്ടോബര്‍ ഏ‍ഴ് സംഭവത്തിന് ശേഷം ഗാസയില്‍ ആക്രമണം അ‍ഴിച്ചുവിടുമ്പോള്‍ തന്നെ മറ്റ് അഞ്ച് അറബ് രാജ്യങ്ങളെ കൂടി ഇസ്രയേല്‍ ഏകപക്ഷീയമായി ആക്രമിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള ആക്രമണം ഇതില്‍ പ്രധാനമാണ്. അതില്‍ കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് മണിക്കൂറുകളുടെ ആയുസ്സേ ഇസ്രയേല്‍ നല്‍കിയിട്ടുള്ളൂ. ഏകപക്ഷീയ ആക്രമണത്തിലൂടെ വെടിനിര്‍ത്തല്‍ ലംഘിക്കുന്ന നിലയാണുള്ളത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാലിക്കുന്നത് യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ്. ഇസ്രയേല്‍ ഇങ്ങനെ തുടരുന്നത് മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുക.The post ലക്ഷ്യമിട്ടത് സമാധാന ചര്ച്ചക്ക് എത്തിയവരെ; ഇസ്രയേലിന്റെ ദോഹ ആക്രമണം കാടത്തം appeared first on Kairali News | Kairali News Live.