ദളിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെതും ബുദ്ധ മതാനുയായിയായ ആദ്യ ചീഫ് ജസ്റ്റിസുമെന്ന ഖ്യാതിയോടെ വന്നയാളാണ് സുപ്രീം കോടതിയിലെ ഇപ്പോഴത്തെ മുഖ്യ ന്യായാധിപന്‍ ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്ന ബി ആര്‍ ഗവായ്. നീതിപീഠത്തെ ഭരണകൂട ഇംഗിതത്തിനൊത്ത് ചലിപ്പിക്കാന്‍ സന്നദ്ധമല്ലാത്ത വിധമുള്ള പശ്ചാത്തലവും സമീപനവുമുള്ള ന്യായാധിപനെന്ന് കരുതപ്പെട്ടു ബി ആര്‍ ഗവായിയെക്കുറിച്ച്. ഭരണകൂടം വിചാരിച്ച ലൈനിലല്ല അദ്ദേഹത്തിന്റെ നീതിന്യായ ഇടപെടലുകളെന്നതിന് പരോക്ഷ സൂചന നല്‍കുന്ന ഒരു സന്ദര്‍ഭം അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഉടനെ ഉണ്ടാകുകയും ചെയ്തു. മഹാരാഷ്ട്രക്കാരനായ അദ്ദേഹത്തിന് ബോംബെ ഹൈക്കോടതി ബാര്‍ അസ്സോസിയേഷന്‍ ഒരുക്കിയ സ്വീകരണത്തില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലിരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമോ പ്രതിനിധാനമോ ഉണ്ടായില്ലെന്നതായിരുന്നു അത്. ഭരണകൂടത്തിന് അത്ര താത്പര്യമില്ലാത്തയാളാണെന്ന തോന്നല്‍ പൊതുജനത്തിനുണ്ടായപ്പോള്‍ നമ്മുടെ ഭരണഘടനക്കും ജനാധിപത്യത്തിനും കുറച്ചധികം ഉണര്‍വുണ്ടാകുമെന്ന വിലയിരുത്തലുണ്ടായി. എന്നാല്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട് ദുരൂഹതകളുടെ ആവരണങ്ങളാണ് അദ്ദേഹത്തെയിപ്പോള്‍ പൊതിഞ്ഞു നില്‍ക്കുന്നത്.സുതാര്യതയെവിടെ?ജസ്റ്റിസ് വിപുല്‍ എം പഞ്ചോലിയെ സുപ്രീം കോടതി ജഡ്ജിയായി കൊളീജിയം ശിപാര്‍ശ ചെയ്തതില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു കൊളീജിയം അംഗമായ ജസ്റ്റിസ് ബി വി നാഗരത്‌ന. കൊളീജിയം ശിപാര്‍ശയുമായി ബന്ധപ്പെട്ട് പ്രസക്തമായ ചില ചോദ്യങ്ങള്‍ അവര്‍ ഉന്നയിച്ചിരുന്നെങ്കിലും കൊളീജിയം അധ്യക്ഷനായ ചീഫ് ജസ്റ്റിസിന് ഒന്നിനും മറുപടിയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നെ എന്റെ വിയോജന കുറിപ്പ് പരസ്യപ്പെടുത്തണമെന്ന് ന്യായാധിപ പ്രമുഖ ആവശ്യപ്പെട്ടെങ്കിലും കൊളീജിയം അതിനും തയ്യാറായില്ല.ആള്‍ ഇന്ത്യാ സീനിയോരിറ്റിയില്‍ 57ാം റാങ്കുകാരനായ വിപുല്‍ പഞ്ചോലിയെ ഇവ്വിധം സീനിയോരിറ്റി മറികടന്ന് സുപ്രീം കോടതിയില്‍ എത്തിക്കുന്നത് എന്തിനാണെന്നതായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുടെ ചോദ്യങ്ങളിലൊന്ന്. സുപ്രീം കോടതിയിലെ ന്യായാധിപരുടെ പരമാവധി അംഗബലം 34 ആണ്. അതില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വരുന്ന രണ്ട് പേര്‍ ന്യായാധിപരായി ഉണ്ടായിരിക്കെ മൂന്നാമതൊരാള്‍ കൂടി എത്തുമ്പോള്‍ പ്രാദേശിക സന്തുലിതാവസ്ഥയെ ന്യായമേതുമില്ലാതെ തകിടം മറിക്കുന്ന നടപടിയാകുമെന്നതും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരു ചോദ്യം ശിപാര്‍ശ ചെയ്യപ്പെട്ടയാളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതായിരുന്നു. 2023ല്‍ വിപുല്‍ പഞ്ചോലിയെ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് എന്തിനായിരുന്നെന്നതായിരുന്നു പ്രസ്തുത ചോദ്യം. പതിരില്ലാത്ത ചോദ്യങ്ങള്‍ മാത്രമാണ് ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചതെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ല. അവര്‍ ആവശ്യപ്പെട്ടിട്ടും കൊളീജിയത്തിന്റെ ഔദ്യോഗിക കുറിപ്പില്‍ വിയോജനം രേഖപ്പെടുത്തുകയോ വെളിപ്പെടുത്തുകയോ ചെയ്തില്ല. സീനിയോരിറ്റി മാനദണ്ഡ പ്രകാരം 2031 ഒക്ടോബര്‍ മുതല്‍ 2033 മേയ് വരെയുള്ള മൂന്ന് വര്‍ഷക്കാലത്തോളം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കേണ്ട ന്യായാധിപനാണ് വിപുല്‍ പഞ്ചോലി എന്നോര്‍ക്കണം.വെളിപ്പെടുത്തിയാല്‍ എന്താണ്?ന്യായാധിപരുടെ തിരഞ്ഞെടുപ്പില്‍ വിശദീകരണം നല്‍കുന്ന പതിവ് (അതൊരു ഔദാര്യമല്ല) നേരത്തേ സുപ്രീം കോടതി കൊളീജിയത്തിനുണ്ടായിരുന്നു. 2025 മാര്‍ച്ച് 17 മുതല്‍ സുപ്രീം കോടതി ന്യായാധിപനായി തുടരുന്ന ജോയ്മല്യ ബാഗ്ചിയെ പരമോന്നത കോടതിയിലേക്ക് കൊണ്ടുവരുന്നതില്‍ കൊളീജിയം ചൂണ്ടിക്കാട്ടിയ ന്യായം 2013 മുതല്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്നുള്ള ഒരു ന്യായാധിപനും ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിട്ടില്ല എന്നതായിരുന്നു. സീനിയോരിറ്റി പ്രകാരം ജോയ്മല്യ ബാഗ്ചി 2031ല്‍ ചീഫ് ജസ്റ്റിസാകുമെന്ന് കരുതുന്നു. സുപ്രീം കോടതിയിലെ ന്യായാധിപനായ പ്രശാന്ത് കുമാര്‍ മിശ്രയെ സീനിയോരിറ്റി മറികടന്ന് കൊളീജിയം നാമനിര്‍ദേശം നടത്തിയപ്പോള്‍ പറയാനുണ്ടായിരുന്നത് ഛത്തീസ്ഗഢിന്റെ പ്രാതിനിധ്യവും അദ്ദേഹത്തിന്റെ സമഗ്രതയുമായിരുന്നു. കൊളീജിയം തങ്ങളുടെ തീരുമാനത്തിന് നല്‍കുന്ന വിശദീകരണം അപര്യാപ്തമോ അവ്യക്തമോ ആയാലും ജുഡീഷ്യറിക്ക് രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും പൗരന്‍മാര്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നുമുള്ള നിലപാടാണവിടെ ഉയര്‍ന്നു നില്‍ക്കുന്നത്. എന്നാല്‍ തീരുമാനങ്ങള്‍ക്ക് വിശദീകരണം നല്‍കുന്ന ഏര്‍പ്പാട് സുപ്രീം കോടതി കൊളീജിയം ഈയിടെയായി നിര്‍ത്തിയിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. നമ്മുടെ ഭരണഘടനയോടും നീതിന്യായ സ്വാതന്ത്ര്യത്തോടുമുള്ള പ്രതിബദ്ധതക്കുറവാണത് കാണിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.ആന്തരിക ജീര്‍ണതയാണ് പ്രശ്‌നംചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അനന്തരവനെ രണ്ടാഴ്ച മുമ്പ് ബോംബെ ഹൈക്കോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു സുപ്രീം കോടതി കൊളീജിയം. അതിന് ബോംബെ ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതി കൊളീജിയത്തിന് ശിപാര്‍ശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഒരാഴ്ച കഴിഞ്ഞ് സുപ്രീം കോടതിയിലേക്ക് ശിപാര്‍ശ ചെയ്തു കൊളീജിയം. പതിവിന് വിപരീതമായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത ശിപാര്‍ശ അതിവേഗം അംഗീകരിക്കുകയും ചെയ്തു. ഇവിടെ നിക്ഷിപ്ത താത്പര്യത്തോടെ സുപ്രീം കോടതി കൊളീജിയവും ന്യായാധിപരും ഭരണകൂടവും പ്രവര്‍ത്തിക്കുകയായിരുന്നെന്ന ആക്ഷേപം പല കോണില്‍ നിന്നും ഉയര്‍ന്നുവരികയുണ്ടായി. പരസ്പര ധാരണയിലെ ഭരണകൂടത്തിന്റെ പങ്കായിരുന്നു ജസ്റ്റിസ് വിപുല്‍ പഞ്ചോലിയുടെ സുപ്രീം കോടതിയിലെ നിയമനമെന്ന കടുത്ത വിമര്‍ശവുമുണ്ടായി.കൊളീജിയം നാമനിര്‍ദേശം നടത്തുന്ന ന്യായാധിപരുടെ യോഗ്യതയുടെയോ സമഗ്രതയുടെയോ പ്രശ്‌നമല്ല ഇവിടെ ഉന്നയിക്കപ്പെടുന്നത്. പ്രത്യുത കൊളീജിയത്തിന്റെ നടപടികള്‍ സുതാര്യമല്ലെന്നതാണ്. അങ്ങനെ വരുമ്പോള്‍ എക്‌സിക്യൂട്ടീവിന്റെ താത്പര്യത്തിന് പുറത്ത് കൊളീജിയം ന്യായാധിപരെ ശിപാര്‍ശ ചെയ്താല്‍ ഭരണഘടനാ പ്രധാനമായതും ഭരണകൂടത്തിന് നിര്‍ണായകവുമായ വ്യവഹാരങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ വിധിയുണ്ടാകുക പ്രയാസമാണ്. നീതിന്യായ സംവിധാനത്തിലുള്ള പൊതുജന വിശ്വാസം നഷ്ടപ്പെടുമെന്നതാണ് ഇതിന്റെയെല്ലാം ഗുരുതര പരിണതി.ഭരണഘടനാ കോടതികളിലെ ന്യായാധിപ നിയമനം സാധ്യമാക്കേണ്ട നമ്മുടെ കൊളീജിയം സംവിധാനം കുറ്റമറ്റതല്ലെന്നതില്‍ സംശയമില്ല. ന്യായാധിപരെ ന്യായാധിപര്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്നത് അതിന്റെ വലിയ ന്യൂനതയാണ്. അപ്പോഴും ഭരണകൂട ഇടപെടലില്‍ നിന്ന് ജുഡീഷ്യറിയെ പരിരക്ഷിക്കുന്ന സംവിധാനമായാണ് രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ കൊളീജിയത്തെ കാണുന്നത്. ആ ദൗത്യം നിര്‍വഹിക്കാനാകാത്ത കൊളീജിയം സംവിധാനത്തെ രാജ്യത്തെ പൗരന്‍മാര്‍ എന്തിന് ചുമക്കണമെന്നത് വലിയ ചോദ്യചിഹ്നമായി മേലില്‍ ഉയര്‍ന്നു വരാനിടയുണ്ട്. കൊളീജിയം ശിപാര്‍ശകള്‍ അംഗീകരിക്കുന്നതില്‍ കാലതാമസം വരുത്തുന്ന ഭരണകൂട നിലപാടിനെതിരെ നിരന്തരം പരാതിപ്പെട്ടിരുന്നു സുപ്രീം കോടതി. ഈയിടെ പരമോന്നത കോടതി പരാതി പറയുന്നില്ലെന്ന് മാത്രമല്ല കൊളീജിയം ശിപാര്‍ശകളില്‍ കാലതാമസം വരുത്തുന്ന ഭരണകൂട സമീപനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ കേള്‍ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലിപ്പോള്‍ ഇരു കൂട്ടര്‍ക്കും പരാതിയൊന്നുമില്ലെന്ന് വേണം രാജ്യത്തെ പൗരന്‍മാര്‍ മനസ്സിലാക്കാന്‍ എന്നാണെങ്കില്‍ നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനക്കും പരുക്കേല്‍പ്പിക്കുന്ന പ്രവണതകളാണിതെന്നത് കട്ടായം.