ഫലസ്തീനിനൊപ്പം ഇനിയും ഇന്ത്യയുണ്ടാകണം

Wait 5 sec.

ഫലസ്തീന്‍- ഇസ്‌റാഈല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തിന്‍മേല്‍ യു എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പ് ആരൊക്കെ എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. യു എന്‍ പൊതുസഭയിലെ പ്രമേയം ഫലസ്തീന്‍ ജനത അനുഭവിക്കുന്ന വംശഹത്യക്കും പലായനത്തിനും അപമാനത്തിനും അധിനിവേശത്തിനും എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയൊന്നുമില്ല. യു എന്നിന്റെ നിലവിലെ ഘടന വീറ്റോ രാജ്യങ്ങളുടെ ഇംഗിതത്തിനപ്പുറത്തേക്ക് ഒന്നും നടപ്പാക്കാന്‍ സാധിക്കാത്തവിധം ദുര്‍ബലമാണ്. യു എന്‍ പ്രമേയങ്ങള്‍ വെറും കടലാസായി അധഃപതിച്ചതിന്റെ ഫലമാണ് ഇന്ന് ഫലസ്തീന്‍ ജനത അനുഭവിക്കുന്നത്. ഫലസ്തീന്‍ മണ്ണില്‍ ഇസ്‌റാഈല്‍ രാഷ്ട്ര സംസ്ഥാപനം പ്രഖ്യാപിച്ച യു എന്‍ അന്നത്തെ ധാരണകള്‍ ജൂതരാഷ്ട്രം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. 1948ലെ അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടുമില്ല. ആ അക്രമി രാഷ്ട്രം ദിനംപ്രതി മനുഷ്യരെ കൊന്നുതള്ളുമ്പോള്‍ നിസ്സംഗമായി നോക്കിനില്‍ക്കാനേ ലോകത്തിന് സാധിക്കുന്നുള്ളൂ. അതുകൊണ്ട് യു എന്‍ പൊതു സഭ പാസ്സാക്കിയ പ്രമേയം ബെഞ്ചമിന്‍ നെതന്യാഹുവിനെ ഒരു നിലക്കും സ്പര്‍ശിക്കാന്‍ പോകുന്നില്ല. പക്ഷേ, ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ചോര ഞങ്ങള്‍ കാണുന്നുവെന്നും ഇസ്‌റാഈലിന്റെ അതിക്രമങ്ങളോട് വിസമ്മതിക്കുന്നുവെന്നും മഹാഭൂരിപക്ഷം വരുന്ന അംഗരാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത് ഉണ്ടാക്കുന്ന ധാര്‍മിക ബലമുണ്ട്. അത് നീതിയുക്തമായ ഫലസ്തീനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ ഊര്‍ജം പകരുന്നതാണ്.ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുക വഴി ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാമെന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സാണ് അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 142 രാജ്യങ്ങള്‍ അനുകൂലിച്ചു. ഇസ്‌റാഈല്‍, യു എസ്, അര്‍ജന്റീന, ഹംഗറി ഉള്‍പ്പെടെ പത്ത് രാഷ്ട്രങ്ങള്‍ എതിര്‍ത്തു. പന്ത്രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അറബ് രാജ്യങ്ങളെല്ലാം പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ ജൂലൈയില്‍ യു എന്‍ ആസ്ഥാനത്ത് ഫ്രാന്‍സും സഊദി അറേബ്യയും അധ്യക്ഷത വഹിച്ച ഉന്നതതല അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് പ്രമേയത്തിന് കരട് രൂപം നല്‍കിയത്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാക്കുക, മേഖലയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും മികച്ച ഭാവിയുണ്ടാകാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കുക എന്നിവക്ക്, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുന്നതിനെ പിന്തുണക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെയും ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാ ആക്രമണത്തെയും പ്രമേയം അപലപിക്കുന്നു.ന്യൂയോര്‍ക്ക് പ്രഖ്യാപന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തുവെന്നത് ഏറെ സ്വാഗതാര്‍ഹമാണ്. പരമ്പരാഗതമായി രാജ്യം പിന്തുടരുന്ന നയം ഈ നിര്‍ണായക ഘട്ടത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യ തയ്യാറായി. ഫലസ്തീന്‍ വിമോചന സമരത്തെ എക്കാലവും പിന്തുണക്കുകയും ആ രാഷ്ട്രത്തെ നിരുപാധികം അംഗീകരിക്കുകയും ചെയ്ത നിലപാടാണ് ഇന്ത്യ കൈകൊണ്ടിട്ടുള്ളത്. യാസര്‍ അറഫാത്തുമായി നമ്മുടെ ഉന്നത നേതാക്കള്‍ക്കുണ്ടായിരുന്ന ബന്ധം അഗാധമായിരുന്നു. ബ്രിട്ടന്‍ എങ്ങനെയാണോ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് സ്വന്തമായിട്ടുള്ളത്, ഫ്രാന്‍സ് എങ്ങനെയാണോ ഫ്രഞ്ച് സംസാരിക്കുന്നവര്‍ക്ക് സ്വന്തമായിട്ടുള്ളത്, അതുപോലെ ഫലസ്തീന്‍ ഭൂവിഭാഗം അറബികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചയാളാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി.ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇസ്‌റാഈലിലേക്ക് ചായുന്ന സമീപനമാണ് സ്വീകരിച്ചുവന്നത്. ചരിത്രത്തിലാദ്യമായി ഇസ്‌റാഈല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയുമായുള്ള തന്റെ ബന്ധം സ്വര്‍ഗത്തില്‍ പിറവിയെടുത്തതാണെന്നും ആര്‍ക്കും വേര്‍പിരിക്കാനാകില്ലെന്നുമാണ് നെതന്യാഹു പറഞ്ഞിട്ടുള്ളത്. സയണിസവും ഹിന്ദുത്വയും തമ്മിലുള്ള ആശയ ഐക്യം വിദേശനയത്തിലെ അട്ടിമറിക്ക് പ്രത്യയശാസ്ത്ര പരിസരമൊരുക്കിയെന്നും നിരീക്ഷിക്കപ്പെട്ടതാണ്. ഏറ്റവും ഒടുവില്‍ ഇസ്‌റാഈല്‍ ധനമന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ബസേലാല്‍ സ്‌മോട്രിച്ച് ന്യൂഡല്‍ഹിയിലെത്തുകയും വമ്പന്‍ നിക്ഷേപ കൈമാറ്റ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഗസ്സാ വംശഹത്യ അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ഈ മാസം എട്ട് മുതല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് സ്‌മോട്രിച്ചും സംഘവും ന്യൂഡല്‍ഹിയിലെത്തി. രാജ്യത്തെ ജനാധിപത്യവാദികള്‍ ഒന്നടങ്കം സ്‌മോട്രിച്ചിന്റെ വരവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മോദി സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് തവണയാണ് വെടിനിര്‍ത്തല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ ഇന്ത്യ വിട്ടുനിന്നത്. ഈ വിട്ടുനില്‍ക്കല്‍ ഇസ്‌റാഈലിന്റെ സര്‍വ ക്രൗര്യത്തിനും കൂട്ടുനില്‍ക്കലായിരുന്നു. ഓരോ തവണയും നരേന്ദ്ര മോദിയെ വിളിച്ച് ഊഷ്മളമായ കൃതജ്ഞത രേഖപ്പെടുത്തുന്ന നെതന്യാഹു, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ കൂടെയാണെന്ന് പ്രഖ്യാപിച്ചു വരികയായിരുന്നു.ഭൗമരാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സ്വീകരിച്ച അടവ് നയമായി ഇന്ത്യയുടെ പിന്തുണ അധഃപതിക്കരുത്. അതിന് തുടര്‍ച്ചയുണ്ടാകണം. അവശിഷ്ട ഫലസ്തീനല്ല ആ ജനതക്ക് വേണ്ടത്. 1967ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്‌റാഈല്‍ പിന്‍വാങ്ങണം. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പൂര്‍ണമായി ഫലസ്തീന്റെ ഭാഗമാകണം. ഗസ്സയിലെ എല്ലാ ഇടപെടലുകളും അവസാനിപ്പിക്കണം. അങ്ങനെ നീതിയുക്തമായ ഫലസ്തീന് വേണ്ടി വാദിക്കാന്‍ ഇന്ത്യ മുന്നിലുണ്ടാകണം. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം.