മയ്യഴിയുടെ കഥാകാരന് ഇന്ന് പിറന്നാള്‍. മയ്യഴിയെ വായനാ ലോകത്തിന് സുപരിചിതമാക്കിയ എഴുത്തുകാരന്‍. കഥയൊടുങ്ങാത്ത മനസാണ് ഇപ്പോഴും എം മുകുന്ദന്റെ കരുത്ത്.‘ചലനമറ്റ നരച്ച കടല്‍, നക്ഷത്ര പ്രകാശത്തില്‍ അങ്ങകലെ മിന്നിത്തിളങ്ങുന്ന വെള്ളിയാങ്കല്ല് അയാള്‍ക്ക് കാണാമായിരുന്നു… ജന്മങ്ങളുടെയും പുനര്‍ജനന്മങ്ങളുടെയും ഇടയിലെ വിശ്രമ സ്ഥലം… അപ്പോഴും അവിടെ ആത്മാവുകള്‍ തുമ്പികളെ പോലെ പറന്നു കളിക്കുന്നുണ്ടായിരുന്നു…..’ അനാദിയായി പടര്‍ന്നു കിടക്കുന്ന സമുദ്രത്തില്‍ അങ്ങകലെ വലിയ കണ്ണീര്‍ത്തുള്ളിപോലെ വെള്ളിയാങ്കല്ലിനെ കാണാമെന്ന് പറഞ്ഞ് മോഹിപ്പിച്ച എഴുത്തുകാരന് ഇന്ന് പിറന്നാള്‍.മയ്യഴിപ്പുഴയുടെ തീരങ്ങളിലിരുന്ന് വിശാലമായ ലോകം സ്വപ്നം കണ്ടയാളാണ് എം മുകുന്ദന്‍. ഫ്രഞ്ചുകാര്‍ നാടുവിട്ടുപോയെങ്കിലും അവര്‍ അവശേഷിപ്പിച്ച സംസ്കാരവും പൈതൃകവും നെഞ്ചേറ്റുന്ന ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധിയാണ് മുകുന്ദന്‍ എന്ന എഴുത്തുകാരന്‍.ദാസനെയും അല്‍ഫോന്‍സച്ചനെയും മാഗി മദാമ്മയെയും ഒരു പോലെ കാണുന്നയാള്‍. ജീവാത്മാവും പരമാത്മാവും മയ്യഴിയാണെങ്കിലും ആ എഴുത്തുകാരനെ സ്ഫുടം ചെയ്തെടുത്തത് ദില്ലിക്കാലമാണ്. ദില്ലി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍, ആദിത്യനും രാധയും മറ്റു ചിലരും എന്നിവയെല്ലാം ആ കാലത്തിന്റെ തീഷ്ണത നെഞ്ചേറ്റിയ രചനകളാണ്.എം മുകുന്ദന് കമ്യൂണിസം ആശയം മാത്രമായിരുന്നില്ല. സമത്വ സുന്ദരമായ സോഷ്യലിസ്റ്റ് ലോകം പുലരുന്ന സ്വപ്നം കണ്ടവരില്‍ മുകന്ദന്‍ മുന്നിലുണ്ടായിരുന്നു. സവര്‍ണ മേധാവിത്ത ചിന്തകളെ അങ്ങേയറ്റം വെറുത്തതിനൊപ്പം അതിനെ ചോദ്യം ചെയ്യാന്‍ ഒരു മാധ്യമം എന്ന നിലയില്‍ എഴുത്തിനെ ഉപയോഗപ്പെടുത്തുക കൂടിയായിരുന്നു എം മുകുന്ദന്‍.Also Read : തലസ്ഥാനത്തെ സാംസ്കാരിക ഘോഷയാത്ര: ക്ഷീര വികസന, ഫിഷറീസ് വകുപ്പുകളുടെ ഫ്ലോട്ടുകള്‍ക്ക് പുരസ്കാരംആ മനസ്സിന്റെ വിഹ്വലത എന്താണെന്നറിയാന്‍ ഒരു ദളിത് യുവതിയുടെ കദനകഥ ഒറ്റത്തവണ വായിച്ചാല്‍ മതി. ഭക്തിയും ലഹരിയും സമന്വയിക്കുന്ന ഹരിദ്വാറിലെ ജീവിതം മലയാളികളറിഞ്ഞത് ഈ രചനകളിലൂടെയാണ്.അധികാരത്തിന്റെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള ദില്ലിയിലെ ജീവിതം അവിടുത്തെ ഇരുണ്ട ഗലിയും ഭാംഗും പച്ചമാംസത്തിന് വിലപറയുന്ന തെരുവും മലയാളികള്‍ അറിഞ്ഞത് അരവിന്ദനെന്ന ചിത്രകാരനിലുടെയാണ്. എംബസിയിലെ ജോലി മുകുന്ദനിലെ എഴുത്തുകാരനെ കൂടുതല്‍ മൂര്‍ച്ഛയുള്ളതാക്കി. എഴുത്തുകാരന് നിലപാടുണ്ടെന്നും അത് സൃഷ്ടികളില്‍ ഉയര്‍ത്തണമെന്നും എഴുത്തുകാരന്‍ എക്കാലത്തും മുന്നോട്ട് വെച്ചിട്ടുള്ള ആശയമാണ്.കാലങ്ങള്‍ക്കിപ്പുറം എഴുത്തിന്റെ കുത്തൊഴുക്കിന് കുറവുണ്ടെങ്കിലും ആ രചനകളുടെ ഓളം ഇനിയും അടങ്ങിയിട്ടില്ല. മയ്യഴി നല്‍കിയ ബാല്യ-കൗമാര കാലവും ജീവിതത്തിന്റെ വേരുറപ്പിച്ച ഡല്‍ഹിയും തെളിമ നല്‍കിയ ഉള്‍ക്കാഴ്ചകളാണ് ഇപ്പോഴും കൈമുതല്‍. മയ്യഴിയുടെ കഥാകാരന് കൈരളിയുടെ സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.The post മയ്യഴിയുടെ കഥാകാരന് ഇന്ന് പിറന്നാൾ appeared first on Kairali News | Kairali News Live.