കാസര്‍കോട് | നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂര്‍ സ്വദേശി അശ്വിന്‍ (26) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 ഓടെ മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയിലാണ് അപകടം.ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ക്രെയിനിന്റെ ബോക്സ് തകര്‍ന്ന് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷയ് മരിക്കുകയായിരുന്നു. നിലഗുരുതരമായതിനാല്‍ അശ്വിനെ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് ചെര്‍ക്കള- നീലേശ്വരം റീച്ചിലെ ചെര്‍ക്കള മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് വീണ് അസം സ്വദേശി റാഖിബുല്‍ ഹക് (27) മരിച്ചിരുന്നു.