സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Wait 5 sec.

സൗദി അറേബ്യയിലെ ജിസാനിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഫുറസാൻ ദ്വീപിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി രമേശൻ എരുശപ്പൻ (40), തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ ജോർജ് പനിയടിമൈ (43), അന്തോണി ദശം (49) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച ജോർജും അന്തോണിയും സഹോദരങ്ങളാണ്.ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം നടന്നത്. ഫുറസാൻ ദ്വീപിലെ മത്സ്യത്തൊഴിലാളികളായ ഇവർ സഞ്ചരിച്ചിരുന്ന പിക് അപ്പ് വാഹനത്തിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അൽസഗീർ ദ്വീപിൽ നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.അപകടത്തിൽ പരിക്കേറ്റ കടലൂർ സ്വദേശി സത്യപ്രവീൺ ശക്തിവേലിനെ അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിയിലും, നാഗപട്ടണം സ്വദേശി മണി വെള്ളിദിശനെ ഫുറസാൻ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഫുറസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ജലയുടെ രക്ഷാധികാരിയും ഫുറസാൻ ദ്വീപിലെ ബോട്ട് സർവീസ് ജീവനക്കാരനുമായ എം.കെ. ഓമനക്കുട്ടനും മറ്റ് സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. മരിച്ച ജോർജും അന്തോണിയും ആറ് മാസം മുൻപാണ് പുതിയ വിസയിൽ നാട്ടിൽ നിന്ന് വന്നതെന്നും രമേശൻ രണ്ട് മാസം മുൻപാണ് സൗദിയിൽ എത്തിയതെന്നും ഫുറസാൻ റിസോർട്ട് മാനേജറായ പവിത്രൻ കോടിയേരി പറഞ്ഞു.The post സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക് appeared first on Arabian Malayali.