ഖത്തറിനെതിരായ ഇസ്‌റാഈല്‍ ആക്രമണം;പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു

Wait 5 sec.

ന്യൂഡല്‍ഹി | ഖത്തറിനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തെ ലംഘിച്ചുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ടു ഖത്തര്‍ അമീറുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.ദോഹയിലെ ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ അറബ് ലോകം ഖത്തറിനെ പിന്തുണച്ച് രംഗത്തുവന്നു. യു എ ഇ പ്രസിഡന്റ് ദോഹയില്‍ നേരിട്ടെത്തി ഖത്തറിന് ഐക്യദാര്‍ഢ്യം അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഖത്തറിലെത്തും. ജോര്‍ദാനും ഖത്തറിന് പിന്തുണയറിയിച്ചു. എന്നാല്‍ ഖത്തറില്‍ ഇന്നലെ പരാജയപ്പെട്ട ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കി. ശത്രുക്കള്‍ എവിടെയായിരുന്നാലും ഇല്ലാതാക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി.പശ്ചിമേഷ്യയില്‍ ഹമാസും ഇസ്‌റാഈലും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കുന്ന ഖത്തറിലേക്ക് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം പുകയുകയാണ്. അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണ് നടന്നതെന്ന് സഊദി അറേബ്യയും യു എ ഇയും ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ വിമര്‍ശിച്ചു.ആക്രമണം അംഗീകരിക്കാനാകാത്തതാണെന്ന് ഫ്രാന്‍സും ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ബ്രിട്ടനും വ്യക്തമാക്കി. ചൈന, റഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്റ്, ബെല്‍ജിയം എന്നി യൂറോപ്യന്‍ രാജ്യങ്ങളും ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ചു.