തോറ്റുകൊണ്ടിരിക്കുകയാണ് നെതന്യാഹു എന്നതിനാൽ

Wait 5 sec.

രണ്ട് ദിവസം മുമ്പ് ഖത്വറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണം മധ്യപൂര്‍വ ദേശത്തെ സമാധാന ജീവിതത്തിന് ഏല്‍പ്പിച്ചത് കനത്ത പ്രഹരമാണ്. ഗസ്സയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ നടക്കുന്ന വേളയിലാണ് ഈ ആക്രമണം. ഒരു നയതന്ത്ര മധ്യസ്ഥന്റെ മണ്ണില്‍, സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടി ഒത്തുകൂടിയ ഒരു സംഘത്തെ ലക്ഷ്യമിട്ടുള്ള നീക്കം സമാധാനം ആഗ്രഹിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞു. ഒറ്റപ്പെട്ട നടപടിയായി ഇതിനെ കാണാനാകില്ല. മറിച്ച്, മേഖലയിലെ സമാധാന പ്രക്രിയയെ അട്ടിമറിക്കാനും ഇസ്‌റാഈലിന്റെ സൈനിക മേധാവിത്വം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിരന്തരമായ നീക്കങ്ങളുടെ ഭാഗമാണിത്. ലോകപോലീസ് ചമയുന്ന അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കുകയും ചെയ്തു.ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 5.20നായിരുന്നു സ്‌ഫോടനങ്ങള്‍. ഹമാസിന്റെ നേതാക്കളായ ഖലീല്‍ ഹയ്യ ഉള്‍പ്പെടെയുള്ളവരെ വധിക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ആക്രമണത്തില്‍ ഇവര്‍ രക്ഷപ്പെട്ടു. ഖലീല്‍ ഹയ്യയുടെ മകന്‍, ഓഫീസ് ഡയറക്ടര്‍, മൂന്ന് അംഗരക്ഷകര്‍, ഖത്വര്‍ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ ആറ് പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉടന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നീക്കത്തെ “നിര്‍ഭാഗ്യകരമായ സംഭവം’ എന്ന് വിശേഷിപ്പിച്ചുവെങ്കിലും ഹമാസിനെ ഇല്ലാതാക്കുക എന്നത് ‘വിലപ്പെട്ട ലക്ഷ്യമാണ്’ എന്ന് കൂടി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.ആക്രമണത്തിന് മുന്നോടിയായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമേരിക്ക വാദിച്ചു. എന്നാല്‍ ഖത്വർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി ഈ വാദം തള്ളിക്കളഞ്ഞു. സ്‌ഫോടനങ്ങള്‍ നടന്ന് 10 മിനുട്ടിന് ശേഷമാണ് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ദോഹ ആക്രമണം ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയെങ്കിലും ദൗത്യവുമായി മുന്നോട്ട് പോകുമെന്ന് ഖത്വര്‍ പ്രഖ്യാപിച്ചത് ആശ്വാസകരമാണ്.സമാധാന ചര്‍ച്ചകളെ കേവലം ഒരു പ്രഹസനമായി മാത്രം ഇസ്‌റാഈല്‍ കാണുന്നു എന്നതിന്റെ സൂചനയാണ് ദോഹയിലെ ആക്രമണം. പ്രശ്‌നം പരിഹരിക്കാനുള്ള വഴി ഇല്ലാതാക്കുകയാണ് ഇത്തരം നീക്കങ്ങളിലൂടെ ഉണ്ടാകുന്നത്. ഗസ്സ സംഘര്‍ഷത്തില്‍ തുടക്കം മുതലേ ചര്‍ച്ചകള്‍ക്ക് ഇസ്‌റാഈലിന് താത്പര്യമില്ലായിരുന്നു. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി, നയതന്ത്ര ശ്രമങ്ങള്‍ ഒരു താത്കാലിക തന്ത്രമായി മാത്രമാണ് ഇസ്‌റാഈല്‍ കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമായി ഏറെ കടമ്പകളുണ്ട്. യുദ്ധം അവസാനിപ്പിച്ച് ഒരു സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടത്. എന്നാല്‍ ബന്ദികളെ വിട്ടയച്ചതിന് ശേഷം മാത്രം താത്കാലിക വെടിനിര്‍ത്തല്‍ മതിയെന്നാണ് ഇസ്‌റാഈലിന്റെ നിലപാട്. ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തിന്റെ പൂര്‍ണമായ പിന്മാറ്റമാണ് ഹമാസ് ആവശ്യപ്പെടുന്നത്. അതിന് തയ്യാറല്ലെന്നും ഗസ്സയുടെ സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തുമെന്നുമാണ് ഇസ്‌റാഈല്‍ പറയുന്നത്. ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ബന്ദികളെ ഘട്ടം ഘട്ടമായി വിട്ടയക്കാമെന്നാണ് ഹമാസ് നിലപാട്. എന്നാല്‍ എല്ലാ ബന്ദികളെയും ഒരൊറ്റ ഘട്ടത്തില്‍ വിട്ടയക്കണമെന്നാണ് ഇസ്‌റാഈല്‍ ആവശ്യം. ഹമാസ് അല്ലാത്ത, ഇസ്‌റാഈലിന് സ്വീകാര്യമായ ഒരു ഭരണ സംവിധാനം വേണമെന്ന് ഇസ്‌റാഈല്‍ വാദിക്കുന്നു. ഈ വിധം ഇരുപക്ഷത്തിന്റെയും അടിസ്ഥാനപരമായ ആവശ്യങ്ങളിലെ വൈരുധ്യങ്ങള്‍ ഏറെയാണ്.ദോഹയിലെ ആക്രമണം, ഇസ്‌റാഈല്‍ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ഇടപെടലുകളുടെ തുടര്‍ച്ചയുടെ ഭാഗമാണ്. സിറിയയിലും ലബനാനിലും ഇത്തരം സൈനിക നടപടികള്‍ അവര്‍ നടത്തിയിരുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതു മുതല്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് സിറിയന്‍ മണ്ണില്‍ ഇസ്‌റാഈല്‍ നടത്തിയത്. ഇറാന്‍ പിന്തുണയുള്ള മിലിഷ്യകളെയും ഹിസ്ബുല്ലയെയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങളെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. അടുത്തിടെ ഹോംസ്, ലതാക്കിയ, പാല്‍മിറ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ ഇസ്‌റാഈല്‍ ആക്രമിച്ചു. ഈ നീക്കങ്ങള്‍ സിറിയയുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുകയും അസ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നതാണ്.ഇസ്‌റാഈല്‍ ലബനാനെതിരെ കഴിഞ്ഞ വര്‍ഷം നടത്തിയ സൈനിക ആക്രമണത്തില്‍ 800ലധികം പേര്‍ കൊല്ലപ്പെടുകയും 5,000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ലബനീസ് പൗരന്മാര്‍ക്ക് വീടുപേക്ഷിച്ച് പോകേണ്ടിവന്നു. ഈ ഓപറേഷനിലെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെ വധിക്കുക എന്നതായിരുന്നു. അതില്‍ ഇസ്‌റാഈല്‍ വിജയിക്കുകയും ചെയ്തു. നവംബറില്‍ യു എസ് മധ്യസ്ഥതയില്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും, ഇസ്‌റാഈല്‍ ലബനാന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ തുടരുന്നുണ്ട്.ദോഹ, സിറിയ, ലബനാന്‍, യമന്‍, ഇറാന്‍ എന്നിവിടങ്ങളിലെ ഇസ്‌റാഈല്‍ സൈനിക നീക്കങ്ങള്‍ മേഖലയില്‍ ഇസ്‌റാഈലിന്റെ സൈനിക മേധാവിത്വം ഉറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഈ കുറിപ്പ് എഴുതുമ്പോഴും യമനിലെ സന്‍ആയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയ റിപോര്‍ട്ടാണ് പുറത്തുവരുന്നത്. ഇത് മേഖലയില്‍ ആഴത്തിലുള്ള ശത്രുതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും ദീര്‍ഘകാല സമാധാന ശ്രമങ്ങളെ അസാധ്യമാക്കുകയും ചെയ്യുന്നു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കപ്പെട്ട കുറ്റവാളിയാണ്. അവിടുത്തെ പല മന്ത്രിമാര്‍ക്കും വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇസ്‌റാഈലിന്റെ ഈ സൈനിക നീക്കങ്ങള്‍ക്ക് കാരണം പലതാണ്. അവ നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാറിന്റെയും രാഷ്ട്രീയ നിലനില്‍പ്പുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നെതന്യാഹുവിനെതിരെ അഴിമതിക്കേസുകള്‍ നിലവിലുണ്ട്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. ഇത്തരം ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെ മറികടക്കാന്‍, നെതന്യാഹു സൈനിക ആക്രമണങ്ങളെ ഒരു വഴിത്തിരിവായി ഉപയോഗിക്കുകയാണ്.ആഗോളതലത്തില്‍ മുഖം കെട്ട രാജ്യങ്ങളില്‍ മുന്നില്‍ ഇസ്റാഈലാണ്. വംശഹത്യക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തെരുവുകള്‍ നിറയുന്നു. ജെന്‍ സീ തലമുറക്ക് നെതന്യാഹു തീരെ താത്പര്യമില്ലാത്ത ഭരണാധികാരിയാണ്. അതോടൊപ്പം രാജ്യത്ത് പട്ടിണിയും അരക്ഷിതാവസ്ഥയും കൊടികുത്തി വാഴുകയാണ്. ഇതിനെ മറികടക്കാനാണ് അവരുടെ പരസ്യ ഏജന്‍സി കോടികള്‍ എറിഞ്ഞുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പി ആര്‍ ക്യാമ്പയിന്‍ നടത്തി വരുന്നത്. ഏതാണ്ട് 450 കോടിയിലധികം രൂപ ചെലവിട്ടാണ് ആഗോള ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടക്കുന്നത്.ഈ അരക്ഷിതാവസ്ഥയെ മറികടക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യം. സമാധാന കരാര്‍ യഥാര്‍ഥ്യമായാല്‍ നെതന്യാഹുവിന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞെന്ന് വരില്ല. കാരണം, സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഒക്ടോബര്‍ ഏഴിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഭാവി ഭരണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയരും. അതിനാല്‍, സമാധാന പ്രക്രിയയെ അട്ടിമറിക്കുക അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ ആവശ്യമായി മാറുന്നു. പ്രതിച്ഛായ തകരുമ്പോള്‍ സൈനിക നടപടികളിലും ഭീകരാക്രമണങ്ങളിലും അഭയം കാണുന്ന ഭരണാധികാരികളുടെ അപകടകരമായ ലോകത്താണ് നാമിപ്പോള്‍ എന്ന് ചുരുക്കം.