ഇസ്‌റാഈലിന്റെ ഖത്വര്‍ ആക്രമണവും അറബ് ലോകവും

Wait 5 sec.

അറബ് ലോകത്തെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കേണ്ടതാണ് ഇസ്‌റാഈലിന്റെ ഖത്വര്‍ ആക്രമണവും ലോകരാഷ്ട്രങ്ങളുടെ അതിനോടുള്ള പ്രതികരണവും. പരമാധികാര രാഷ്ട്രവും അമേരിക്കയുടെ സുഹൃദ് രാജ്യവുമായ ഖത്വറില്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് ഇസ്‌റാഈല്‍ ബോംബ് വര്‍ഷിച്ചിട്ടും ഒഴുക്കന്‍ മട്ടില്‍ അപലപിച്ചതല്ലാതെ അതിനെതിരെ ശക്തമായൊരു നിലപാട് സ്വീകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വന്നിട്ടില്ല.യുദ്ധത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ശത്രുരാജ്യത്തിലേക്കല്ലാതെ മിസൈല്‍ തൊടുത്തുവിടുകയോ ബോംബുകള്‍ വര്‍ഷിക്കുകയോ ചെയ്യാറില്ല ഒരു രാഷ്ട്രവും. അന്താരാഷ്ട്ര യുദ്ധമര്യാദകളുടെ ലംഘനമാണത്. എന്നിട്ടും ഇസ്‌റാഈല്‍ ഇത്തരമൊരു ധാര്‍ഷ്ട്യത്തിനു മുതിര്‍ന്നത് അതിന്റെ വരുംവരായ്കയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതു കൊണ്ടാണ്. ഒരു അറബ് രാഷ്ട്രത്തെ ആക്രമിച്ചാല്‍ ഒന്നും സംഭവിക്കാനില്ലെന്നു മനസ്സിലാക്കി തന്നെയാണ് ഖത്വറിലേക്ക് അവര്‍ മിസൈല്‍ തൊടുത്തുവിട്ടത്.ഖത്വര്‍, ഇറാനെ പോലെ ഒരു സൈനിക ശക്തിയല്ലാത്തത് കൊണ്ട് തിരച്ചടിക്കു സാധ്യതയില്ല. മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്ന് പ്രതിഷേധ പ്രസ്താവനകള്‍ക്കപ്പുറം പ്രതികരണമുണ്ടാകില്ലെന്നും ഇസ്‌റാഈലിനറിയാം. അമേരിക്കയാണ് അറബ് രാഷ്ട്രങ്ങള്‍ക്ക് സൈനിക സഹായവും പിന്തുണയും നല്‍കുന്നത്. അറബ് സഖ്യം ചേര്‍ന്ന് തിരിച്ചടിക്കു തീരുമാനിച്ചാല്‍ തന്നെയും അമേരിക്ക പിന്തുണക്കില്ല. ഫലസ്തീനുമായി നിരന്തരം സംഘര്‍ഷം തുടരുമ്പോഴും ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യത്ത് നേരിട്ട് ഇസ്‌റാഈല്‍ ഇതുവരെ ആക്രമണം നടത്തിയിരുന്നില്ല. ഗള്‍ഫ് നാടുകളുടെ തിരിച്ചുള്ള നിലപാടും സമാധാനപരമായിരുന്നു. നയപരമായി എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അനുരഞ്ജനത്തിന്റെ മാര്‍ഗമാണ് ഇസ്‌റാഈലിന്റെ കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ സ്വീകരിച്ചു വന്നത്. ഈ സൗഹൃദാന്തരീക്ഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍.അവിചാരിതമായ ആക്രമണമായിരുന്നില്ല ഇസ്‌റാഈലിന്റേത്. മാധ്യസ്ഥ്യ ചര്‍ച്ചക്കായി ഹമാസിന്റെ നേതാക്കള്‍ ഖത്വറില്‍ ഒത്തുകൂടുന്ന സന്ദര്‍ഭം മനസ്സിലാക്കി “സമ്മിറ്റ് ഓഫ് ഫെയര്‍’ എന്ന പേരില്‍ ആക്രമണത്തിന് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കുകയായിരുന്നു നെതന്യാഹു സര്‍ക്കാര്‍. ഹമാസിന്റെ സമുന്നത നേതാക്കളായ ഖലീല്‍ ഹയ്യ, ഖാലിദ് മിശ്അല്‍, നിസാര്‍ അബ്ദുല്ല, സഹര്‍ജബരിന്‍ എന്നിവരെയാണ് ഇസ്‌റാഈല്‍ പ്രധാനമായും ലക്ഷ്യമാക്കിയത്. ഈ നേതാക്കള്‍ താമസിച്ച കെട്ടിടത്തിലായിരുന്നു ബോംബ് വര്‍ഷം. ആസൂത്രിതമാണ് ആക്രമണമെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു തുറന്നു സമ്മതിക്കുകയും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഒറ്റപ്പെട്ട പ്രദേശത്തായിരുന്നില്ല, രാജ്യത്തിന്റെ തലസ്ഥാനമായ ദോഹയില്‍ ഖത്വര്‍ പാര്‍ലിമെന്റ് മന്ദിരത്തില്‍ നിന്ന് ഏറെ അകലെയല്ലാത്ത ജനവാസ മേഖലയിലായിരുന്നു ആക്രണമെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. ഖത്വറിലെ ഒരു സുരക്ഷാ സേനാംഗവും രണ്ട് ഹമാസ് നേതാക്കളുടെ മക്കളുമടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ആക്രമണം നെതന്യാഹുവിന്റെ സ്വന്തം തീരുമാനമാണ്, അമേരിക്കക്കോ തനിക്കോ ഒരു പങ്കുമില്ലെന്നാണ് ട്രംപിന്റെ ഭാഷ്യമെങ്കിലും ട്രംപിന്റെ പൂര്‍ണ സമ്മതത്തോടെയല്ലാതെ നെതന്യാഹു അതിന് മുതിരുകയില്ലെന്നത് വ്യക്തം. ഖത്വറുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ വിള്ളല്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യമായി മാത്രമേ ട്രംപിന്റെ പ്രസ്താവനയെ കാണേണ്ടതുള്ളൂ. അമേരിക്കയെ അറിയിക്കാതെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയതെങ്കില്‍ ട്രംപിനോ അമേരിക്കന്‍ വക്താക്കള്‍ക്കോ അതിനെതിരെ ഒരു പ്രസ്താവനയെങ്കിലും നടത്താമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ആക്രമണത്തെ ന്യായീകരിക്കുകയായിരുന്നു ട്രംപ്. “ഗസ്സയില്‍ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടില്‍ നിന്ന് ലാഭം കൊയ്യുന്ന ഹമാസിനെ തകര്‍ക്കുകയെന്ന മൂല്യവത്തായ ലക്ഷ്യമായിരുന്നു ആക്രമണത്തിനു പിന്നിലെ’ന്നാണ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ആക്രമണ വിവരം ഇസ്‌റാഈല്‍ ട്രംപിനെ അറിയിച്ചിരുന്നുവെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയുമുണ്ടായി.എതിരാളികളെ കൊല്ലാന്‍ വിദേശ രാഷ്ട്രങ്ങളില്‍ പലപ്പോഴും കാര്‍ ബോംബ് പ്രയോഗം പോലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദെങ്കിലും, ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ജനവാസ കേന്ദ്രത്തില്‍ ബോംബിടുന്നത് അപൂര്‍വ സംഭവമാണ്. ഇതിനവര്‍ക്ക് ധൈര്യം നല്‍കിയത് അമേരിക്കയും. ഒരു തിരിച്ചടിക്ക് ശക്തരല്ല ഖത്വറും അറബ് രാഷ്ട്രങ്ങളുമെങ്കിലും അമേരിക്കന്‍ വിധേയത്വം അവസാനിപ്പിച്ച് സമ്മര്‍ദശക്തിയായി പ്രവര്‍ത്തിക്കാന്‍ അറബ് ലോകം ആര്‍ജവം കാണിച്ചാല്‍ ഇസ്‌റാഈലിനെ അന്ധമായി പിന്തുണക്കുന്ന അമേരിക്കന്‍ നിലപാടില്‍ മാറ്റം വരുത്താന്‍ സാധിക്കും. നിലവില്‍ ഇറാനൊഴിച്ച് മുഴുവന്‍ അറബ് രാജ്യങ്ങളും അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്നവരാണ്.ഖത്വറിന് അമേരിക്കയുമായി കൂടുതല്‍ അടുപ്പവുമുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം ഖത്വറിലാണ്. ഡൊണാള്‍ഡ് ട്രംപ് രണ്ടാമത് പ്രസിഡന്റ് പദത്തിലേറിയപ്പോള്‍, അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ 3,411 കോടിയോളം രൂപ (40 കോടി ഡോളര്‍) വിലവരുന്ന വിമാനമാണ് ഖത്വര്‍ ഭരണകൂടം സമ്മാനമായി നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വില കൂടിയ സമ്മാനം. എന്നിട്ടും ഇസ്‌റാഈലിനെ അപലപിക്കുന്നതിനു പകരം ആക്രമണത്തെ പിന്തുണക്കുകയാണ് ട്രംപെന്ന വസ്തുത ഖത്വറുള്‍പ്പെടെ അറബ് നേതൃത്വത്തെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കേണ്ടതല്ലേ? 1967ല്‍ അറബ് രാഷ്ട്രങ്ങളും ഇസ്‌റാഈലും തമ്മില്‍ നടന്ന ആറ് ദിന യുദ്ധ കാലത്ത്, എണ്ണ ഉത്പാദനം വന്‍തോതില്‍ വെട്ടിക്കുറച്ച് അമേരിക്കയെ സമ്മര്‍ദത്തിലാക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്തിരുന്നു അറബ് കൂട്ടായ്മ. ഇസ്‌റാഈലിന്റെ ഖത്വര്‍ ആക്രമണം അറബ് ലോകത്തെ അത്തരമൊരു ചിന്തയിലേക്ക് നയിച്ചിരുന്നെങ്കില്‍.