ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ 30 മത് സീസണ്‍ ഒക്ടോബർ 10 ന് ആരംഭിക്കും. 2026 മെയ് 10 വരെ നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജ് കാണാന്‍ ഇത്തവണയും നിരവധി സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ. സീസണ്‍ 29 ല്‍ 10.5 മില്ല്യണ്‍ സന്ദർശകരാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശിച്ചത്. ഗ്ലോബല്‍ വില്ലേജിന്‍റെ 30 മത് വർഷമായതിനാല്‍ തന്നെ കൂടുതല്‍ ആകർഷണങ്ങളും അത്ഭുതങ്ങളുമായാണ് ഇത്തവണ ആഗോള ഗ്രാമം സന്ദർശകരെ വരവേല്‍ക്കുക. 25 ദിർഹം മുതല്‍ 30 ദിർഹം വരെയായിരുന്നു കഴിഞ്ഞ സീസണിലെ ടിക്കറ്റ് നിരക്ക്. മൂന്ന് വയസില്‍ താഴെയുളള കുട്ടികള്‍ക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം സൗജന്യമായിരുന്നു. ഇത്തവണത്തെ ടിക്കറ്റ് നിരക്ക് ഉള്‍പ്പടെയുളള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.