സുരേഷ് ഗോപി അപമാനിച്ച് വിട്ട കൊച്ചു വേലായുധന് സിപിഐ എം വീട് വെച്ച് നൽകും

Wait 5 sec.

വീട് നിർമ്മാണത്തിന് സഹായം തേടിയെത്തിയപ്പോൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമാനിച്ച് വിട്ട ചാഴൂർ പഞ്ചായത്തിലെ പുള്ള് സ്വദേശി തായാട്ട് കൊച്ചു വേലായുധന് സിപിഐ എം വീട് നിർമ്മിച്ച് നൽകും. കൊച്ചു വേലായുധൻ്റെ വീട്ടിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുഖാദർ ഉടൻ വീട് നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകി. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വിധമാണ് കൊച്ചു വേലായുധനോട് സുരേഷ് ഗോപി പെരുമാറിയതെന്ന് കെ വി അബ്ദുൽ ഖാദർ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുള്ളിൽ വച്ച് നടന്ന കലുങ്ക് വികസന സംവാദത്തിനിടെ ആണ് അപേക്ഷയുമായി കൊച്ചു വേലായുധൻ എത്തിയത്. അപേക്ഷ നീട്ടിയപ്പോൾ സുരേഷ് ഗോപി അത് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ‘അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല , പോയി പഞ്ചായത്തിൽ പറയ് ‘എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.അപമാനം നേരിട്ടതില്‍ ഏറെ പ്രയാസമുണ്ടായെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. രണ്ടുവർഷം മുൻപ് തെങ്ങ് വീണ് തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടിയാണ് എംപിയുടെ അടുത്ത് അപേക്ഷയുമായി ചെന്നത്. സഹായം നൽകിയില്ലെങ്കിലും അപേക്ഷയെങ്കിലും വാങ്ങി വെക്കാമായിരുന്നു. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സിൽ വച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണെന്ന് തയ്യാട്ട് കൊച്ചു വേലായുധൻ പറഞ്ഞു.