കരിങ്കല്‍ ക്വാറിക്ക് സമീപത്തെ കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Wait 5 sec.

മഞ്ചേരി: ആമയൂര്‍ പുളിങ്ങോട്ടുപുറത്ത് കരിങ്കല്‍ ക്വാറിക്ക് സമീപത്തെ കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അരീക്കോട് തോട്ടുമുക്കം സ്വദേശി കൂനുമ്മത്തൊടി സലീമിന്റെ മകന്‍ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ റഹ്‌മത്ത് ക്രഷറിന് സമീപമാണ് അപകടമുണ്ടായത്.ടിപ്പറിലെത്തിച്ച പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ലോറി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. ലോറി മറിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ഇതിനിടയില്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയെങ്കിലും ലോറിക്കകത്ത് ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ ഏറെനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. 15 അടിയോളം താഴ്ചയുള്ള ക്വാറിയില്‍ നിന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ചാണ് ടിപ്പര്‍ ലോറി കരകയറ്റിയത്. അതേസമയം, രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുമായി വാക്കേറ്റം ഉണ്ടായി.മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം തോട്ടുമുക്കം ജുമാമസ്ജിദില്‍ ഖബറടക്കി. മൂന്ന് വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് റാഷിദ് പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ഡ്രൈവറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ് : നസീറ. സഹോദരങ്ങള്‍ : സുമയ്യ, സുഹാന.വണ്ടൂരിൽ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു