ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

Wait 5 sec.

12-ാമത് ഷാർജ ഗവൺമെന്‍റ് കമ്യൂണിക്കേഷൻ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 2025 ലെ മികച്ച ഇന്‍റഗ്രേറ്റഡ് സർക്കാർ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തിനുളള പുരസ്കാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) നേടി. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമിയിൽ നിന്ന് ജി.ഡി.ആർ.എഫ്.എ. ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അവാർഡ് ഏറ്റുവാങ്ങി. ലോകമെമ്പാടുമുള്ള മികച്ച സർക്കാർ ആശയവിനിമയ മാതൃകകളെ അംഗീകരിക്കുകയും, സർക്കാരുകളും സമൂഹങ്ങളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്ന സമഗ്ര സംവിധാനങ്ങളെ ആദരിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഈ അവാർഡ്.ജി.ഡി.ആർ.എഫ്.എ. ദുബായുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്‍റ് കമ്യൂണിക്കേഷൻ വിഭാഗത്തിന്‍റെ ദീർഘകാല പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. സുതാര്യത ഉറപ്പാക്കി മനുഷ്യകേന്ദ്രീത ഇടപെടലുകള്‍ സമന്വയിപ്പിക്കുന്ന സംവിധാനം രൂപപ്പെടുത്താന്‍ കഴിഞ്ഞതാണ് അംഗീകാരത്തിന് വഴിയൊരുക്കിയതെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. മനുഷ്യബന്ധങ്ങൾക്കും സ്മാർട്ട് സാങ്കേതിക വിദ്യകൾക്കും പ്രാധാന്യം നൽകി സമഗ്ര ആശയവിനിമയ സംവിധാനമാണ് ജി ഡി ആർ എഫ് എ ദുബായിക്ക് ഉള്ളതെന്ന് മാർക്കറ്റിങ് ആൻഡ് ഗവൺമെന്‍റ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. നജ്ല ഒമർ അൽ ദൂഖി പറഞ്ഞു. ‘ഐഡിയൽ ഫേസ്’ പ്രചാരണം ഉൾപ്പെടെ നിരവധി നവീന പദ്ധതികൾ സമൂഹത്തിൽ വിശ്വാസം വളർത്താൻ സഹായിച്ചതായി അവർ കൂട്ടിച്ചേർത്തു. നിയമങ്ങൾ സ്വമേധയാ പാലിക്കുന്നവരെ ആദരിക്കുന്ന ഐഡിയല്‍ ഫേസ്, 2025-ലെ സ്റ്റീവി ഇന്‍റർനാഷണല്‍ അവാർഡിലും മികച്ച മാർക്കറ്റിങ് കാമ്പെയ്നിനുള്ള അംഗീകാരം നേടിയിരുന്നു.