ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ ഏ‍ഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 128 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കാമാണ് അഭിഷേക് ശര്‍മ നല്‍കിയത്. 13 പന്തില്‍ രണ്ട് സിക്സും നാല് ഫോറും സഹിതം 31 റണ്‍സാണ് അഭിഷേക് നേടിയത്. പക്ഷെ ഗില്ലിനെ ഇന്ത്യയ്ക്ക് തുടക്കിത്തില്‍ തന്നെ നഷ്ടമായി. പത്ത് റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.ടീം സ്കോര്‍ 41 ല്‍ നില്‍ക്കെ അഭിഷേക് ശര്‍മ പുറത്തായി. പിന്നീട് സംയമനത്തോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും, തിലക് വര്‍മയും സ്കോര്‍ ബോര്‍ഡ് പതുക്കെ മുന്നോട്ട് ചലിപ്പിച്ചു. ടീം സ്കോര്‍ 97 ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത തിലക് വര്‍മ പുറത്തായി. ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റിയ സൂര്യകുമാര്‍ യാദവ് ശിവം ദൂബയെ കൂട്ടുപിടിച്ച് ടീമിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യ സയിം അയൂബിനെ ബൂംറയുടെ കൈകളിലെത്തിച്ച് പാകിസ്ഥാൻ ബാറ്റിങ് നിരയ്ക്ക് ആദ്യ പ്രഹരം നല്‍കി. പിന്നാലെ മുഹമ്മദ് ഹാരിസിനെ ബൂറയും പുറത്താക്കി. ആദ്യമേറ്റ പ്രഹരത്തില്‍ നിന്ന് പിന്നീട് കരകയറാൻ പാകിസ്ഥാന് സാധിച്ചില്ല.സാഹിബ്സാദ ഫർഹാനും ഫകർ സമാനും 39 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് പാകിസ്ഥാനെ പവര്‍പ്ലേ കടത്തിയെങ്കിലും അക്സര്‍പട്ടേല്‍ ആ കൂട്ടുകെട്ടും തകര്‍ത്തു. 83ന് ഏ‍ഴ് എന്ന നിലയിലെത്തിയ പാകിസ്ഥാനെ അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദി നടത്തിയ വെടിക്കെട്ടാണ് 127 റണ്‍സിലെത്തിച്ചത്.