എല്ലാ നാറ്റോ രാജ്യങ്ങളോടും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് ജി 7 രാജ്യങ്ങളോട് ഇതേ ആവശ്യം ഉന്നയിച്ച് അധികസമയമാകും മുമ്പേയാണ് നാറ്റോ അംഗരാജ്യങ്ങളോടും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ‘ട്രൂത്ത് സോഷ്യലി’ലൂടെ ട്രംപ് ആവശ്യപ്പെട്ടത്. കൂടാതെ ചൈനക്ക് മേൽ 50 മുതൽ 100 ശതമാനം വരെ താരിഫ് ചുമത്തണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഈ നടപടികളിലൂടെ മാത്രമേ റഷ്യ – ഉക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ സാധിക്കൂ എന്നാണ് ട്രംപിന്റെ വാദം.റഷ്യ – ഉക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ നാറ്റോ 100 ശതമാനം പ്രതിബദ്ധത കാണിക്കുന്നില്ലെന്നും, സഖ്യത്തിലെ ചില അംഗങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് “ഞെട്ടിപ്പിക്കുന്നതാണ്” എന്നും ട്രംപ് കൂട്ടിച്ചേർത്തു. നാറ്റോ തന്നെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ‘അവർക്കെതിരെയുള്ള നിലപാടിനെയും വിലപേശൽ ശക്തിയെയും ദുർബലപ്പെടുത്തും’ എന്നാണ് ട്രംപിന്‍റെ വാദം.ALSO READ; ‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനക്കും ഇന്ത്യക്കും മേൽ തീരുവ ചുമത്തണം’; ജി 7 രാജ്യങ്ങളോട് പുതിയ ആവശ്യവുമായി അമേരിക്ക2023 മുതൽ നാറ്റോ അംഗമായ തുർക്കിയാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യം. നാറ്റോ അംഗങ്ങളായ ഹംഗറിയും സ്ലൊവാക്യയും റഷ്യൻ എണ്ണ വാങ്ങുന്നവരിൽ പെടും. ഈ രാജ്യങ്ങളുടെ തലവന്മാരുമായി എണ്ണക്കാര്യത്തിൽ ട്രംപ് കൊമ്പുകോർക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താൻ ജി7 രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ജി 7 ധനമന്ത്രിമാരുമായി ഫോണിൽ സംസാരിക്കവേയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ട്രേഡ് പ്രതിനിധി അംബാസഡർ ജാമിസൺ ഗ്രീറും ഈ ആവശ്യം മുന്നോട്ട് വച്ചത്. ചൈനയും ഇന്ത്യയും റഷ്യയിൽ നിന്നും എണ്ണ വാങ്ങി അവരെ സഹായിക്കുകയാണെന്നും യുഎസ് ആരോപിച്ചിരുന്നു.The post ജി 7 രാജ്യങ്ങൾക്ക് പിന്നാലെ നാറ്റോ അംഗങ്ങളോടും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ആഹ്വാനം ചെയ്ത് ട്രംപ് appeared first on Kairali News | Kairali News Live.