ഫലസ്തീനികളെ കൊന്നൊടുക്കുന്ന വംശീയ ഭീകര രാഷ്ട്രമായ ഇസ്റാഈലുമായുള്ള മോദി സര്‍ക്കാറിന്റെ ബാന്ധവം അത്യന്തം അപകടകരമായ സയണിസ്റ്റ് ബാന്ധവത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാനുള്ള അപമാനകരമായ കീഴടങ്ങലിന്റെയും സൂചനയാണ് നല്‍കുന്നത്. ഇന്ത്യയുടെ ധനമന്ത്രി ഇസ്റാഈല്‍ ധനമന്ത്രിയായ ബെസലേല്‍ സ്‌മോട്രിച്ചുമായി ഉണ്ടാക്കിയ സമഗ്രമായ ഉഭയകക്ഷി നിക്ഷേപ കരാര്‍ അങ്ങേയറ്റം അപലപനീയവും ഗസ്സയിലെ കൂട്ടക്കൊലകള്‍ക്ക് കൂട്ടുനില്‍ക്കുന്നതുമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഗസ്സയിലെ മനുഷ്യക്കുരുതിയെ ലോകമാകെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മോദി സര്‍ക്കാര്‍ ഇസ്റാഈലുമായി നിക്ഷേപ സഹകരണത്തിനുള്ള സ്വതന്ത്ര വ്യാപാര കരാറിന് അടിത്തറയിടുന്ന നിക്ഷേപ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് ഇസ്റാഈലുമായുള്ള ഇന്ത്യയുടെ സാമ്പത്തികബന്ധം ശക്തിപ്പെടുത്തുന്നതിന് പുറത്ത് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ അനുനയിപ്പിക്കാനുള്ള മോദി സര്‍ക്കാറിന്റെ നീക്കവുമായിട്ടാണ് പല വിദേശകാര്യ വിദഗ്ധന്മാരും ചൂണ്ടിക്കാട്ടുന്നത്.അമേരിക്കയുടെ തന്ത്രപരമായ പദ്ധതിയിലേക്ക് ഇന്ത്യയെ ഉദ്ഗ്രഥിച്ചു ചേര്‍ക്കുന്നതിന്റെ ഒരു സുപ്രധാന വശം ഇസ്റാഈലുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ വളര്‍ത്തുകയെന്നതാണ്. അമേരിക്കയുടെ ഏറ്റവും അടുത്ത ഏഷ്യന്‍ സഖ്യശക്തിയാണ് ഇസ്റാഈല്‍. ഓരോ വര്‍ഷവും അമേരിക്ക ഇസ്റാഈലിന് നല്‍കുന്ന സബ്‌സിഡി അതി ഭീമമാണ്. മാധ്യമങ്ങള്‍ പലപ്പോഴും പറയാറുള്ളതു പോലെ ആയുധങ്ങള്‍ വാങ്ങുന്നതിന് മാത്രമല്ല ഈ സബ്‌സിഡി. അമേരിക്കയും ഇസ്റാഈലും തമ്മിലുള്ള ബന്ധം സൈനികവും രഹസ്യാന്വേഷണപരവും രാഷ്ട്രീയവുമായ അതിവിശാലമായ ബന്ധമാണ്. ഇന്ത്യയെയും ഇസ്റാഈലിനെയും ജപ്പാനെയും ആസ്‌ത്രേലിയയെയും ചേര്‍ത്തുകൊണ്ട് രൂപവത്കരിച്ചിരിക്കുന്ന ക്വാഡ് പോലുള്ള സൈനിക സഖ്യങ്ങള്‍ അമേരിക്കന്‍ താത്പര്യമനുസരിച്ചുള്ള സഖ്യങ്ങളാണ്. ഇസ്റാഈലുമായുള്ള ഇന്ത്യയുടെ ബന്ധം അമേരിക്കന്‍ താത്പര്യങ്ങള്‍ക്കനുസൃതമായ വിധ്വംസകമായൊരു സഖ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങളെയാകെ വിരട്ടുകയും ക്രൂഡോയില്‍ റഷ്യയില്‍ നിന്ന് വാങ്ങിക്കുന്നവര്‍ക്കെതിരെ താരിഫ് യുദ്ധം നടത്തുകയുമാണ് അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഗസ്സയില്‍ ഏകപക്ഷീയമായ കൂട്ടക്കുരുതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്റാഈലുമായി ഇന്ത്യ സഹകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്ക.ഇരുരാജ്യത്തെയും നിക്ഷേപകര്‍ക്ക് സംരക്ഷണം, വിവേചനരാഹിത്യം, നീതിയുക്തമായ പരിഗണന, തര്‍ക്കപരിഹാരത്തിന് സ്വതന്ത്ര സംവിധാനം, സ്വത്തുക്കള്‍ പിടിച്ചെടുക്കലില്‍ നിന്നുള്ള സംരക്ഷണം, നിയന്ത്രണങ്ങളില്‍ വ്യക്തത, സുഗമമായ ഫണ്ട് കൈമാറ്റം, നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരം തുടങ്ങിയ വ്യവസ്ഥകളാണ് ഉഭയകക്ഷി നിക്ഷേപ കരാറിലുള്ളത്. 2025ലെ ഇസ്റാഈലില്‍ നിന്നുള്ള നാലാമത്തെ ഉന്നതതല സന്ദര്‍ശനമാണ് അവിടുത്തെ ധനകാര്യ മന്ത്രിയുടേത്. നേരത്തേ വിനോദ സഞ്ചാര, വ്യവസായ, കൃഷി, ഭക്ഷ്യസുരക്ഷാ മന്ത്രിമാര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതെല്ലാം കാണിക്കുന്നത് ഗസ്സയിലെ കൂട്ടുക്കുരുതി തുടരുന്നതിനിടയില്‍ ഇന്ത്യ സയണിസ്റ്റ് ഭീകര രാഷ്ട്രവുമായി ബന്ധം ദൃഢീകരിച്ചുനിര്‍ത്തുകയാണെന്നാണ്.1948ല്‍ ഇസ്റാഈല്‍ രാഷ്ട്രം ഫലസ്തീന്‍ മണ്ണില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഘട്ടം മുതല്‍ ഇന്ത്യ അതിനെ എതിര്‍ക്കുകയായിരുന്നു. ഗാന്ധിജിയും നെഹ്‌റുവുമെല്ലാം ഫലസ്തീനികളുടെ ദേശീയ സ്വത്വത്തെ നിഷേധിച്ചുകൊണ്ട് അവരുടെ മണ്ണില്‍ ജൂത മതാടിസ്ഥാനത്തില്‍ ഇസ്റാഈല്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അതിശക്തമായി എതിര്‍ത്തിരുന്നു. 1990 വരെ ഇന്ത്യ ഇസ്റാഈലുമായി ഒരു നയതന്ത്ര ബന്ധം പോലും സ്ഥാപിച്ചിരുന്നില്ല. മാത്രമല്ല ഫലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്രത്തിനും വേണ്ടി പോരാടുന്ന പി എല്‍ ഒവിനും അതിന്റെ നേതാവായ യാസര്‍ അറഫാത്തിനും നയതന്ത്രപരമായി തന്നെ ഇന്ത്യ അംഗീകാരം നല്‍കിയിരുന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ ആരംഭിച്ച ആഗോളവത്കരണ നയങ്ങളുടെ തുടര്‍ച്ചയിലാണ് ഇന്ത്യ അതിന്റെ പരമ്പരാഗതമായ ഫലസ്തീന്‍ നിലപാട് ഉപേക്ഷിച്ച് ഇസ്റാഈലുമായി ബാന്ധവം തുടങ്ങുന്നത്.നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്റാഈല്‍ വിദേശകാര്യമന്ത്രി ഷിമോണ്‍പരേസ് ഇന്ത്യ സന്ദര്‍ശിക്കുന്നതും ഹിന്ദു-ഹീബ്രു ഭായ് ഭായ് മുദ്രാവാക്യമുയര്‍ത്തി സയണിസ്റ്റ് രാഷ്ട്രവുമായി നയതന്ത്രപരമായ ബന്ധങ്ങള്‍ തുടങ്ങുന്നതും. 1990കളിലാരംഭിച്ച ഇന്ത്യ- ഇസ്റാഈല്‍ ബാന്ധവം നരേന്ദ്ര മോദി സര്‍ക്കാറിലേക്കെത്തുമ്പോഴേക്കും അത്യന്തം അപകടകരമായ മാനങ്ങള്‍ കൈവരിക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ ഇസ്റാഈല്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് 2018 ജനുവരി 14ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നത്. മോദിയുടെ ഇസ്റാഈല്‍ സന്ദര്‍ശനവും നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനവും ഇസ്റാഈല്‍- ഇന്ത്യ വിധ്വംസക സഖ്യത്തിന്റെ പ്രകടനങ്ങളായിരുന്നു. 2003ല്‍ സാബ്ര- ഷാറ്റില കൂട്ടക്കൊലയുടെ ആസൂത്രകനായ ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഹിന്ദുത്വ വാദിയായ നരേന്ദ്ര മോദിയെ പോലെ ഇസ്റാഈലിലെ തീവ്ര സയണിസ്റ്റ് കക്ഷികളെയാണ് ഷാരോണും നെതന്യാഹുവുമൊക്കെ പ്രതിനിധാനം ചെയ്യുന്നത്. നെതന്യാഹുവിന്റെ സന്ദര്‍ശന സമയത്താണ് സയണിസ്റ്റുകളും ഹിന്ദുത്വ ശക്തികളും തമ്മിലുള്ള ആഭിമുഖ്യത്തിന്റെ ലജ്ജാകരമായ പ്രതിഫലനമെന്ന നിലയില്‍ ഇന്ത്യയുടെ യുദ്ധസ്മാരകമായ തീന്‍മൂര്‍ത്തി ചൗക്കിന്റെ പേര് ഇസ്റാഈല്‍ നഗരമായ ഹൈഫയുടെ പേരുകൂടി ചേര്‍ത്ത് മാറ്റിയത്. ഇപ്പോള്‍ തീന്‍മൂര്‍ത്തി ചൗക്കിന്റെ പേര് തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് എന്നാണ്. മോദിയും നെതന്യാഹുവും, ഹിന്ദുത്വ വംശീയവാദിയും സയണിസ്റ്റ് വംശീയവാദിയും ചേര്‍ന്നാണ് ഈയൊരു നാമമാറ്റ ചടങ്ങ് നടത്തിയത്. ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ അടിച്ചമര്‍ത്തുന്ന ഇസ്റാഈലുമായി നയതന്ത്രബന്ധം പോലും പാടില്ലെന്ന ഇന്ത്യയുടെ പരമ്പരാഗത നിലപാട് നിര്‍ദയം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ ലോകമെമ്പാടുമുള്ള വംശീയ വലതുപക്ഷ ശക്തികള്‍ ശക്തിയാര്‍ജിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീനെതിരായ ഏറ്റവും കടുത്ത അതിക്രമങ്ങള്‍ക്കാണ് നെതന്യാഹു നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നത്. ഗസ്സയില്‍ ഒരു ലക്ഷത്തോളം മനുഷ്യരെയാണ് 2023 ഒക്ടോബര്‍ ഏഴിന് ശേഷം നടന്ന യുദ്ധത്തില്‍ ഇസ്റാഈല്‍ കൊന്നുകൂട്ടിയത്. ഇതില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.ദശകങ്ങളായി ഇസ്റാഈല്‍ കൈയേറിയ മേഖലകളില്‍ നിന്ന് ഫലസ്തീനികളെ ആട്ടിയോടിക്കുകയാണ് സയണിസ്റ്റുകള്‍. ഫലസ്തീനികളെ രണ്ടാംകിട പൗരന്മാരായിട്ടാണ് ഇസ്റാഈല്‍ ഭരണകൂടം കാണുന്നത്. ഫലസ്തീനികള്‍ക്ക് മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും എല്ലാ മേഖലകളിലും നിഷേധിക്കപ്പെടുകയാണ്. ഫലസ്തീന്റെ തലസ്ഥാനമായി കല്‍പ്പിക്കപ്പെടുന്ന ജറൂസലമിലേക്ക് ഇസ്റാഈലിന്റെ തലസ്ഥാനം മാറ്റുമെന്ന പ്രഖ്യാപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നടത്തിയത്. സയണിസ്റ്റുകളെ എന്നും പ്രോത്സാഹിപ്പിച്ച അമേരിക്ക ട്രംപിന്റെ അധികാരത്തിന് കീഴില്‍ ഫലസ്തീനികള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ തീവ്രമാക്കിയിരിക്കുന്നു.അന്താരാഷ്്ട്ര നിയമങ്ങളെയും യു എന്‍ പ്രമേയങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് ജെറൂസലമിനെ ഇസ്റാഈലിന്റെ തലസ്ഥാനമാക്കണം എന്നതുപോലുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ ട്രംപ് ഇറക്കിയത്. സാര്‍വ ദേശീയതലത്തില്‍ ട്രംപിനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധം പ്രതീക്ഷാനിര്‍ഭരമായിരുന്നു. ഫലസ്തീന്‍ ജനതയോട് ലോകരാഷ്ട്രങ്ങള്‍ കാണിക്കുന്ന ആഭിമുഖ്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സൂചന കൂടിയായിരുന്നു സയണിസ്റ്റ് അധിനിവേശത്തിനെ ന്യായീകരിക്കുന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍.ഇന്ത്യന്‍ ഭരണകൂടവുമായി നിരവധി കരാറുകളാണ് നെതന്യാഹു ഒപ്പുവെച്ചിരിക്കുന്നത്. വ്യാപാരം- പ്രതിരോധം- നയതന്ത്ര മേഖലകളിലെ സഹകരണം ലക്ഷ്യമാക്കിയാണ് നെതന്യാഹു 2018ല്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയെ ലക്ഷ്യംവെക്കുന്ന അമേരിക്കന്‍- ഇസ്റാഈല്‍ വ്യവസായ ലോബിയുടെ താത്പര്യങ്ങളാണ് 2018ല്‍ ഉണ്ടായ കരാറുകളെല്ലാം. വന്‍കിട കോര്‍പറേറ്റ് പ്രതിനിധികള്‍ ഉള്‍പ്പെട്ട 130 അംഗ പ്രതിനിധി സംഘമായിരുന്നു നെതന്യാഹുവിനൊപ്പം അന്ന് ഇന്ത്യയിലെത്തിയത്. ഇതില്‍ 102 പേര്‍ ഇസ്റാഈല്‍ കോര്‍പറേറ്റ് കമ്പനികളുടെ പ്രതിനിധികളായിരുന്നു.കൃഷി, ജലസേചനം, സൈബര്‍ സുരക്ഷ, ആരോഗ്യ പരിരക്ഷ, സുരക്ഷ തുടങ്ങിയ മേഖലകളില്‍ നിക്ഷേപ താത്പര്യങ്ങളുള്ള കമ്പനി പ്രതിനിധികളാണ് നെതന്യാഹുവിന്റെ ഒപ്പം ഇന്ത്യയില്‍ വന്നത്. ഊര്‍ജം, സൈബര്‍ സുരക്ഷ, ഇരുരാജ്യവും ചേര്‍ന്ന സിനിമ-ഡോക്യുമെന്ററി നിര്‍മാണം തുടങ്ങിയ നിരവധി കരാറുകളാണ് അന്ന് ധാരണയായത്. ഇസ്റാഈലുമായി കൂടിവരുന്ന ആയുധക്കരാറുകളും സൈനിക ബന്ധങ്ങളും സാര്‍വ ദേശീയതലത്തില്‍ ഇന്ത്യയുടെ ചിരപുരാതനമായ സുഹൃദ് രാജ്യങ്ങളെ നഷ്ടപ്പെടുത്തുന്നതാണ്. മാത്രമല്ല അമേരിക്കയുടെ ഏകധ്രുവ ലോകക്രമത്തിനെതിരായി ഒരു ബഹുധ്രുവ ലോകക്രമത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.