നേപ്പാള്‍ വലിയ മുന്നറിയിപ്പാണ്

Wait 5 sec.

നേപ്പാളിന്റെ ഭരണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായാണ് റിപോര്‍ട്ട്. ആഭ്യന്തര മന്ത്രി രമേശ് രേഖക്കും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കും പിന്നാലെ പ്രസിഡന്റ് രാംചന്ദ പൗഡലും രാജിവെച്ചതിനെ തുടര്‍ന്ന് ഭരണ പ്രതിസന്ധി വന്നതോടെയാണ് സൈന്യം രംഗത്തെത്തിയത്. നേരത്തേ പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം സഹായം തേടിയപ്പോള്‍, വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു സൈനിക നേതൃത്വം. കാര്യങ്ങള്‍ സിവിലിയന്‍ ഭരണകൂടം തന്നെ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു സൈനിക നേതൃത്വത്തിന്റെ അന്നത്തെ പ്രതികരണം. പ്രക്ഷോഭം എല്ലാ അതിരുകളും ലംഘിച്ച് മുന്നേറുന്ന സാഹചര്യത്തില്‍ ഇനിയും കാഴ്ചക്കാരായി മാറിനിന്നാല്‍ കാര്യങ്ങള്‍ പാടേ കൈവിടുമെന്ന സാഹചര്യം വന്നപ്പോഴാണ് സൈന്യം മാറിച്ചിന്തിച്ചത്. ക്രമസമാധാന ചുമതല ഏറ്റെടുത്ത സൈന്യം, വ്യാഴാഴ്ച വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ രാജ്യം സമാധാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നേപ്പാളിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് കരസേനാ മേധാവി അശോക് രാജ് സിദ്ഗല്‍ പ്രഖ്യാപിച്ചു.2008ല്‍ രാജവാഴ്ചക്കെതിരെ നടന്ന പ്രക്ഷോഭത്തിനു ശേഷം നേപ്പാള്‍ കണ്ട ഏറ്റവും വലിയ ഭരണവിരുദ്ധ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. പാര്‍ലിമെന്റ് മന്ദിരം, പ്രസിഡന്റിന്റെ കൊട്ടാരം, സുപ്രീം കോടതി കെട്ടിടം, മുന്‍ പ്രധാനമന്ത്രിമാരുടെയും മന്ത്രിമാരുടെയും വസതികള്‍ തുടങ്ങി ഭരണ മേഖലയുമായി ബന്ധപ്പെട്ട നിരവധി കെട്ടിടങ്ങള്‍ തീയിട്ടു നശിപ്പിച്ച പ്രതിഷേധക്കാര്‍ പ്രസിദ്ധമായ ഹില്‍ട്ടന്‍ ഹോട്ടലും തകര്‍ത്തു. 800 കോടി രൂപ ചെലവഴിച്ച് ഏഴ് വര്‍ഷത്തെ അധ്വാനത്തില്‍ പണിതുയര്‍ത്തിയ രാജ്യത്തെ ഏറ്റവും വലിയ ഈ ഹോട്ടല്‍ സമുച്ചയം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രക്ഷോഭത്തിന്റെ മറവില്‍ നേപ്പാളിലെ വിവിധ ജയിലുകളില്‍ നിന്നായി ആയിരക്കണക്കിനു തടവുകാര്‍ രക്ഷപ്പെട്ടു. മഹോട്ടാരിയിലെ ജലേശ്വര്‍ ജയിലില്‍ നിന്ന് 575ഉം പൊഖാറ ജയിലില്‍ നിന്ന് 773ഉം തുള്‍സിപൂര്‍ ജയിലില്‍ നിന്ന് 127ഉം തടവുകാരാണ് ജയില്‍ മതിലുകള്‍ തകര്‍ത്ത് പുറത്തുചാടിയത്.അതേസമയം പ്രക്ഷോഭത്തിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ‘ജെന്‍ സീ’ നേതൃത്വം പറയുന്നത്. പ്രക്ഷോഭം സമാധാനപരമായി നടത്താനാണ് തീരുമാനിച്ചത്. ഏതോ അദൃശ്യശക്തികള്‍ പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറുകയായിരുന്നുവെന്ന് ജെന്‍ സീ ആരോപിക്കുന്നു. ഇക്കാര്യം സൈന്യവും സ്ഥിരീകരിച്ചു. പ്രക്ഷോഭം അവസരമാക്കി ചില ഗ്രൂപ്പുകള്‍ അക്രമം അഴിച്ചുവിടുകയാണുണ്ടായതെന്ന് സൈനിക നേതൃത്വം ചൂണ്ടിക്കാട്ടി. ആരാണ് പ്രക്ഷോഭം അക്രമാസക്തമാക്കിയ അദൃശ്യ ശക്തികള്‍? ചൈനയുടെ വിശ്വസ്തനായിരുന്നു പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ചൊഴിഞ്ഞ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. സത്യപ്രതിജ്ഞക്ക് ശേഷം അദ്ദേഹം ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം ചൈനയായിരുന്നു. രാജിവെക്കുന്നതിന് ഏതാനും ദിവസം മുമ്പ് ചൈനയിലെ സൈനിക പരേഡിലും പങ്കെടുത്തു അദ്ദേഹം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചൈനയുടെ ഈ ഉറ്റസുഹൃത്ത് അധികാരത്തില്‍ നിന്ന് തെറിച്ചാല്‍ അതിന്റെ നേട്ടം ആര്‍ക്കായിരിക്കുമെന്നാണ് പ്രക്ഷോഭത്തിനു പിന്നില്‍ അദൃശ്യ പങ്ക് ആരോപിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യം.അഴിമതി, തൊഴിലില്ലായ്മ, സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ നിലപാട് തുടങ്ങി ഭരണരംഗത്തെ കൊള്ളരുതായ്മകള്‍ക്കെതിരെ രാജ്യത്തെ യുവസമൂഹത്തില്‍ പുകഞ്ഞു കൊണ്ടിരുന്ന പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചതോടെ ആളിപ്പടര്‍ന്നത്. 2021ലെ സെന്‍സസ് അനുസരിച്ച് 16നും 40നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് നേപ്പാളിലെ ജനസംഖ്യയില്‍ 40 ശതമാനവും. ഇവരില്‍ ഗണ്യമായൊരു പങ്കും തൊഴില്‍രഹിതരാണ്. സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും ചെവികൊടുക്കാതിരുന്നപ്പോള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി പരാതികള്‍ പരസ്പരം പങ്കുവെച്ചും ആശയങ്ങള്‍ കൈമാറിയുമായിരുന്നു സമാധാനം കൊണ്ടിരുന്നത്. ഈ സ്വാതന്ത്ര്യത്തിന്മേല്‍ കൂടി ഭരണകൂടം കൈവെച്ചതോടെ അവരുടെ വികാരവും പ്രതിഷേധവും അണപൊട്ടി. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള യുവത തെരുവിലിറങ്ങി. ക്ഷുഭിത യൗവനത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുമ്പില്‍ ഭരണ മേധാവികള്‍ക്ക് മുട്ടുമടക്കേണ്ടിവന്നു.സൈന്യത്തിന്റെ നിയന്ത്രണം താത്കാലികമാണ്. ജെന്‍ സീ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ഭരണം താമസിയാതെ തന്നെ സിവിലിയന്‍ ഭരണകൂടത്തെ ഏല്‍പ്പിച്ചേക്കും. ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കിയെ ആണ് ജെന്‍ സീ നേതൃത്വം നിര്‍ദേശിക്കുന്നത്. നേപ്പാള്‍ സുപ്രീം കോടതിയില്‍ ചീഫ്ജസ്റ്റിസ് പദവി അലങ്കരിച്ച ഏക വനിതയായ സുശീല കാര്‍കിക്ക് മികച്ച ജനസമ്മതിയുണ്ട്. 1978ല്‍ ത്രിഭുവന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി 1979ല്‍ നിയമ മേഖലയില്‍ സേവനമനുഷ്ഠിച്ചു വന്ന സുശീല കാര്‍കി, 2016 ജൂലൈ 11നാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയത്. 2017 ജൂണ്‍ ഏഴിന് സര്‍വീസില്‍ നിന്ന് വിരമിച്ചു. അഴിമതിക്കെതിരായ കടുത്ത നിലപാടാണ് ജെന്‍ സീ നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരെ നിര്‍ദേശിക്കാന്‍ കാരണം. തുടക്കത്തില്‍ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടെ പേരാണ് ഉയര്‍ന്നുവന്നിരുന്നത്. അദ്ദേഹത്തില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കാര്‍കി പരിഗണിക്കപ്പെട്ടത്.ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ജനങ്ങളെ പരിഗണിക്കാതിരിക്കുകയും അവരുടെ താത്പര്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ കാര്യങ്ങള്‍ കൈയിലെടുക്കുന്ന കാഴ്ചയാണ് നേപ്പാളില്‍ കണ്ടത്. നേരത്തേ ശ്രീലങ്കയിലും ബംഗ്ലാദേശിലും ഇത് സംഭവിച്ചു. ജനാധിപത്യ വ്യവസ്ഥയുടെ ആനുകൂല്യത്തില്‍ അധികാരത്തിലേറിയ ശേഷം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ഭരണകൂടത്തിനും ഇതൊരു പാഠമാകേണ്ടതാണ്.