മനാമ: വ്യക്തികളും സ്ഥാപനങ്ങളും സംഭാവന പിരിക്കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച പുതിയ നിയമത്തിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ അംഗീകാരം. 2013 ലെ 21-ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.പൊതുലക്ഷ്യത്തിനായി വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ പണസമാഹരണം സംബന്ധിച്ച് കര്‍ശന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതല്‍ നിയമം പ്രാബല്യത്തിലാകും. ലൈസന്‍സ്, സംഭാവന പിരിക്കല്‍, അനധികൃത സംഭാവന എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് പ്രധാന ഭേദഗതികള്‍.നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കോ സ്ഥാപനങ്ങള്‍ക്കോ പൊതുലക്ഷ്യത്തിനായി പണം സമാഹരിക്കുന്നതിന് അല്ലെങ്കില്‍ മതപരമായ ആവശ്യങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കാന്‍ അനുമതി നല്‍കിയ വ്യക്തി എന്നിങ്ങനെയാണ് ലൈസന്‍സുള്ള സ്ഥാപനത്തെ നിര്‍വചിച്ചിരിക്കുന്നത്.നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പണസമാഹരണത്തിന് അനുവദിക്കില്ല. വ്യക്തികള്‍ക്ക് മതപരമായ ലക്ഷ്യത്തിന് മാത്രമേ പണം ശേഖരിക്കാന്‍ അനുമതി നല്‍കുകയുള്ളു.അനുമതിയില്ലാതെ സംഭാവന ശേഖരിച്ചാല്‍ അക്കാര്യം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചിരിക്കണം. സംഭാവന നിരസിക്കാനോ അനുവദിക്കാനോ മന്ത്രാലയം 30 ദിവസമെടുക്കും. മന്ത്രാലയത്തില്‍ നിന്ന് മറുപടി ലഭിക്കാത്ത പക്ഷം സംഭാവന നിരസിച്ചതായി കണക്കാക്കണം.പണസമാഹരണത്തിന് ലൈസന്‍സുള്ളവര്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞതിന് 30 ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ സംഭാവനകള്‍ സ്വീകരിച്ചതിന് ശേഷം വിശദമായ റിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ധനസമാഹരണം ഒരു വര്‍ഷത്തില്‍ കൂടുമെങ്കില്‍ നിര്‍ബന്ധമായും വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കിയിരിക്കണം.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ചാല്‍ ജീവപര്യന്തം തടവോ അല്ലെങ്കില്‍ കുറഞ്ഞത് 10 വര്‍ഷം തടവും 1,00,000 മുതല്‍ 5,00,000 ബഹ്റൈന്‍ ദിനാര്‍ വരെ പിഴയും ചുമത്തും. ലൈസന്‍സില്ലാതെ സംഭാവന ശേഖരിച്ചാല്‍ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ 1,000 ബഹ്റൈന്‍ ദിനാര്‍ വരെ പിഴയോ ചുമത്തും.കണ്ടുകെട്ടുന്ന പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രാലയം വിനിയോഗിക്കും. നിയമ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 10,000 ബഹ്റൈന്‍ ദിനാര്‍ വരെ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്താന്‍ മന്ത്രാലയത്തിന് അനുമതിയുണ്ട്. ലംഘനത്തിന്റെ തീവ്രത അനുസരിച്ചാണിത്. The post സംഭാവന പിരിക്കലിന് കര്ശന നിയന്ത്രണം: ലംഘിച്ചാല് കനത്ത പിഴ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.